നിലയ്ക്കൽ∙ഉദ്യോഗസ്ഥരുടെ ഭക്ഷണത്തിനുള്ള ഫണ്ട് മാത്രം കൈമാറി. വാഹനങ്ങൾക്കു ഡീസൽ അടിക്കാൻ പണം ഇനിയും അനുവദിച്ചിട്ടില്ല.
ഇലവുങ്കൽ സേഫ് സോൺ പദ്ധതിയുടെ പ്രവർത്തനം ഇന്നലെയും ആരംഭിക്കാനായില്ല. തീർഥാടനം തുടങ്ങി മൂന്ന് ദിവസം പിന്നിട്ടിട്ടും മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള റോന്ത് ചുറ്റൽ മുടങ്ങിയ അവസ്ഥ തുടരുന്നു.കണമലയ്ക്കു സമീപം ഇന്നലെ പകൽ വാഹനാപകടം ഉണ്ടായിട്ടും ഇലവുങ്കൽ സേഫ് സോണിൽ നിന്നുള്ള ഇടപെടൽ നാമമാത്രമെന്ന് തീർഥാടകരും സ്ഥലവാസികളും.
തീർഥാടന പാതയിൽ എവിടെയെങ്കിലും അപകടങ്ങൾ സംഭവിച്ചാൽ ആദ്യം ഓടിയെത്തേണ്ടത് മോട്ടർ വാഹന വകുപ്പ് അധികൃതരാണെങ്കിലും നിലവിലുള്ള സാഹചര്യത്തിൽ നിസഹായരായ അവസ്ഥയിലാണ് സേഫ് സോൺ ഉദ്യോഗസ്ഥർ.
സേഫ് സോൺ പദ്ധതിക്കുള്ള ഫണ്ട് കേരള റോഡ് സേഫ്റ്റി അതോറിറ്റിയാണ് (കെആർഎഫ്എ) നൽകേണ്ടത്.ഇവിടെ നിന്നും ഫണ്ട് ലഭിക്കാത്ത കാരണത്താൽ ഇന്നലെ ഉച്ചയോടെ ട്രാൻസ്പോർട്ട് കമ്മിഷണർ 1,27,000 രൂപ സ്വന്തം ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.ഇതിനെ തുടർന്ന് ഇലവുങ്കൽ, എരുമേലി, കുട്ടിക്കാനം കൺട്രോൾ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കു ഭക്ഷണം കഴിക്കുന്നതിനുള്ള തുക ബന്ധപ്പെട്ട മെസ് അധികൃതർക്കു കൈമാറി.
ഭക്ഷണത്തിനുള്ള ഫണ്ട് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഇന്ന് ഇലവുങ്കൽ കൺട്രോൾ സ്റ്റേഷനിലെ എല്ലാ ഉദ്യോഗസ്ഥരും എത്തുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ വാഹനങ്ങൾക്കു ഡീസൽ അടിക്കാൻ ഫണ്ട് ലഭിക്കാത്ത കാരണത്താൽ ഉദ്യോഗസ്ഥർ എത്തിയാലും വാഹനങ്ങൾ ഓടിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.
ദേവസ്വം ബോർഡിന്റെ നിലയ്ക്കലുള്ള പമ്പിൽ നിന്നും ഡീസൽ അടിക്കുന്നതിനുള്ള ക്രമീകരണം ഉണ്ടായാൽ ഒരു പരിധിവരെ നിലവിലുള്ള പ്രതിസന്ധിക്കു താൽക്കാലിക പരിഹാരമായേനേ.സേഫ് സോൺ പദ്ധതിയുമായി ബന്ധപ്പെട്ട
പ്രോജക്ട് രണ്ട് മാസം മുൻപേ ഗതാഗത വകുപ്പിൽ നിന്നും സമർപ്പിച്ചതാണ്. എന്നാൽ കെആർഎഫ്എയിലെ ചില ഉദ്യോഗസ്ഥരുടെ ഇടപെടലാണ് പദ്ധതി തുക ഇതു വരെ കൈമാറാത്തതിന്റെ കാരണമെന്നു പറയുന്നു.ഏകദേശം ഒന്നര കോടി രൂപയോളമാണ് പദ്ധതി നടത്തിപ്പുമായി വേണ്ടത്.മൂന്ന് ഉദ്യോഗസ്ഥർ വീതമുള്ള 8 സ്ക്വാഡ്, 5 പേർ ഉൾപ്പെടുന്ന ദ്രുതകർമ സേന എന്നിവർ മൂന്ന് ഷിഫ്റ്റുകളിലായി തീർഥാടനപാതയിൽ 24 മണിക്കൂറും ഡ്യൂട്ടിക്ക് ഉണ്ടാവും വിധമാണ് ഡ്യൂട്ടികൾ ക്രമീകരിച്ചിരിക്കുന്നത്.ഒന്നും ഇതു വരെ നടപ്പാക്കാനായില്ലെന്നു മാത്രം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

