സംസ്ഥാനത്ത് ഇന്ന് മുതൽ കാലവർഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമായിരിക്കും മഴയുടെ തീവ്രത കൂടുതൽ അനുഭവപ്പെടുക.
സാഹചര്യം വിലയിരുത്തി ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പ്രത്യേകിച്ചും മലയോര മേഖലകളിൽ താമസിക്കുന്ന ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
കൂടാതെ, വടക്കൻ കേരളത്തിൽ നാളെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മോശം കാലാവസ്ഥയെ തുടർന്ന് കോട്ടയം താലൂക്കിലും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നു.
ഇതിനുപുറമേ, വയനാട്, കോഴിക്കോട്, ഇടുക്കി, കോട്ടയം, തൃശ്ശൂർ, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ബാധകമായിരിക്കും.
കനത്ത മഴയ്ക്കൊപ്പം സംസ്ഥാനത്തെ തീരദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം ജില്ലയിലെ കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ജില്ലയിലെ ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ജില്ലയിലെ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയുള്ള തീരപ്രദേശങ്ങളിൽ 06/08/2026 രാത്രി 11.30 വരെ 1.1 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) വ്യക്തമാക്കിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ തീരവാസികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

