വാഹനങ്ങളുടെ രൂപമാറ്റവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിയമപരമായ അധികാരമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭയിൽ വി.ശിവദാസൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് കേന്ദ്രമന്ത്രി ഈ നിർണായക വിവരം അറിയിച്ചത്.
1988 ലെ മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 52 (1) പ്രകാരം, വാഹന നിർമാതാക്കൾ ഫാക്ടറി തലത്തിൽ നൽകിയിട്ടുള്ള ഘടനയിൽ മാറ്റം വരുത്താൻ അനുവാദമില്ല. എന്നിരുന്നാലും, കേന്ദ്ര സർക്കാർ ഔദ്യോഗികമായി നിർദേശിച്ചിട്ടുള്ള പ്രത്യേക മാനദണ്ഡങ്ങൾക്ക് വിധേയമായി ചില ഭേദഗതികൾ വരുത്താവുന്നതാണ്.
വരുത്താൻ സാധിക്കുന്ന പ്രധാന മാറ്റങ്ങൾ:
∙ വ്യത്യസ്ത ഇന്ധനമോ ഊർജ സ്രോതസ്സോ ഉപയോഗപ്പെടുത്തുന്നതിനായി എൻജിനിലോ അനുബന്ധ ഭാഗങ്ങളിലോ മാറ്റങ്ങൾ വരുത്താം.
∙ അത്യാവശ്യ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിക്കാം.
∙ ഭിന്നശേഷിക്കാർക്ക് സ്വന്തമായി ഉപയോഗിക്കത്തക്ക രീതിയിൽ വാഹനങ്ങൾ മാറ്റിയെടുക്കാം. ഇത്തരം മാറ്റങ്ങൾ വാഹന നിർമാതാക്കൾ, അംഗീകൃത ഡീലർമാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ പ്രത്യേകം അംഗീകരിച്ച വർക്ഷോപ്പുകൾ എന്നിവയിലൂടെ മാത്രമേ ചെയ്യാൻ പാടുള്ളൂ.
കൂടാതെ, കേന്ദ്ര സർക്കാരിന്റെ അംഗീകൃത ടെസ്റ്റിങ് ഏജൻസികൾ ഇത് കൃത്യമായി പരിശോധിച്ച് സാക്ഷ്യപ്പെടുത്തുകയും വേണം. വാഹനങ്ങളിൽ ഇത്തരത്തിലുള്ള ഭേദഗതികൾ വരുത്തുന്നതിന് മുൻപായി വാഹന ഉടമകൾ റജിസ്ട്രറിങ് അതോറിറ്റിയിൽ നിന്നും പ്രത്യേക ഫോം വഴി മുൻകൂർ അനുമതി വാങ്ങിയിരിക്കണം.
അനുമതി പത്രം ലഭിച്ച് 14 ദിവസത്തിനകം വാഹനത്തിന്റെ റജിസ്ട്രേഷൻ സർട്ടിഫിക്കറ്റിൽ (ആർ.സി) ഈ മാറ്റങ്ങൾ രേഖപ്പെടുത്തുന്നതിനായി ഔദ്യോഗികമായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വാഹന മാറ്റങ്ങൾ സംബന്ധിച്ച് സ്വന്തമായി പ്രത്യേക മാനദണ്ഡങ്ങൾ രൂപീകരിക്കാൻ മോട്ടർ വാഹന നിയമത്തിലെ സെക്ഷൻ 52 പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല.
അതേസമയം, പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിന് സെക്ഷൻ 112(2) പ്രകാരം സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതിനിടെ, വാഹനങ്ങളിൽ നിയമവിധേയമായ മാറ്റങ്ങൾ വരുത്തുന്നതിന് ആവശ്യമായ അനുമതികൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ആലോചിച്ചു വരികയാണ്.
നിലവിലുള്ള നിയമങ്ങളുടെ പരിധിയിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുമെന്ന് മുഖ്യമന്ത്രിയും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് നടപ്പിലാക്കേണ്ടത് എന്നത് സംബന്ധിച്ച് മോട്ടർ വാഹന വകുപ്പ് പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ തേടാൻ ആലോചിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

