ശബരിമല ∙ ശരണംവിളികളുമായി മലകയറി പതിനെട്ടാംപടി ചവിട്ടിയെത്തിയ പതിനായിരങ്ങൾ വൃശ്ചിക പുലരിയിൽ അയ്യപ്പ ദർശനത്തിന്റെ സുകൃതം നുകർന്നു. അഭൂതപൂർവമായ ഭക്തജനത്തിരക്കിൽ പതിനെട്ടാംപടി കയറാനുള്ള വരി മരക്കൂട്ടവും പിന്നിട്ട് ശബരിപീഠം വരെ എത്തി.
തീർഥാടനത്തിന്റെ ആദ്യനാളിൽ തന്നെ ഇത്രയും വലിയ തിരക്ക് അനുഭവപ്പെടുന്നത് ആദ്യമാണ്. പുലർച്ചെ 3ന് പുതിയ മേൽശാന്തി ഇ.ഡി.പ്രസാദ് പരിവാര സമേതം എത്തി സോപാനത്തു നമസ്കരിച്ച ശേഷം കർപ്പൂരം കത്തിച്ചു മണിയടിച്ച് ആദ്യ പൂജയ്ക്കായി നട
തുറന്നപ്പോൾ സന്നിധാനമാകെ ശരണംവിളി ആയിരുന്നു. ഇതേ സമയം തന്നെ മാളികപ്പുറത്ത് പുതിയ മേൽശാന്തി എം.ജി.മനു നമ്പൂതിരിയും നട
തുറന്നു.
തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ നടന്ന അഷ്ടദ്രവ്യ ഗണപതി ഹോമത്തോടെ മണ്ഡലകാല പൂജ തുടങ്ങി. തന്ത്രിയാണ് അഭിഷേകം തുടങ്ങിയത്.
11 വരെ നെയ്യഭിഷേകം തുടർന്നു. കളഭാഭിഷേകത്തോടെയാണ് ഉച്ചപ്പൂജ നടന്നത്.
വൈകിട്ട് ദീപാരാധനയ്ക്കു ശേഷം പുഷ്പാഭിഷേകവും ഉണ്ടായിരുന്നു. എല്ലാ ദിവസവും പുലർച്ചെ 3.30 മുതൽ 11 വരെ അഭിഷേകം ഉണ്ട്.
ഉഷഃപൂജയ്ക്കു ശേഷം തീർഥാടകർക്ക് അഷ്ടാഭിഷേകത്തിനുള്ള അവസരവും ലഭിച്ചു.
വലിയ തിരക്കിൽ ദർശനം കിട്ടാത്തവർ അഷ്ടാഭിഷേക ടിക്കറ്റ് എടുത്ത് വഴിപാട് സാധനങ്ങളുമായി എത്തുന്നതു കാണാമായിരുന്നു. മുൻനിരയിൽ നിന്നു ദർശനം നടത്താൻ അവസരം കിട്ടുമെന്നതാണ് അഷ്ടാഭിഷേക വഴിപാടിന്റെ പ്രത്യേകത.നട
തുറന്ന ഞായറാഴ്ച രാത്രി മാത്രം 55,228 ഭക്തരാണു മല കയറിയത്. 30,000 പേർക്കാണു വെർച്വൽ ക്യൂ വഴി അനുമതി നൽകിയിരുന്നത്.
ബാക്കിയുള്ളവർ സ്പോട്ട് ബുക്കിങ്ങിലൂടെയാണു മല കയറിയത്.
5, 000 വാഹനങ്ങളെത്തി; ആദ്യ ദിനം എരുമേലിയിൽ ഗതാഗതക്കുരുക്ക്
എരുമേലി ∙ മണ്ഡലകാലത്തിന്റെ ആദ്യ ദിവസം എരുമേലിയിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്. ഇന്നലെ പുലർച്ചെയും രാവിലെയും 2 മണിക്കൂർ വരെ വാഹനങ്ങൾ കുരുക്കിൽപെട്ടു.
തീർഥാടകർ മാത്രമല്ല, ഓഫിസുകളിൽ പോകേണ്ടവരും സ്കൂൾ വിദ്യാർഥികളും ദീർഘദൂരയാത്രക്കാരും ഏറെ കഷ്ടപ്പെട്ടു.
പൊലീസിന്റെ കണക്ക് പ്രകാരം ഞായറാഴ്ച വൈകിട്ടു മുതൽ ഇന്നലെ രാവിലെ വരെ എരുമേലിയിൽ 5000 തീർഥാടക വാഹനങ്ങൾ എത്തി. കഴിഞ്ഞ വർഷം തീർഥാടനത്തിന്റെ ആദ്യ ദിവസം 2000 വാഹനങ്ങളായിരുന്നു എത്തിയത്.
പരമാവധി 1000 വാഹനങ്ങൾ മാത്രം ഉൾക്കൊള്ളാൻ പറ്റുന്ന സ്ഥലമാണ്. ഗതാഗതക്കുരുക്ക് ഉച്ചയോടെ പരിഹരിച്ചെന്ന് ഡിവൈഎസ്പി സാജു വർഗീസ് പറഞ്ഞു.
കെഎസ്ആർടിസി ഉൾപ്പെടെയുള്ള വലിയ ബസുകൾ നഗരത്തിൽ പ്രവേശിക്കാതെ കുറുവാമൂഴി വഴി തിരിച്ചുവിട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

