സീതത്തോട്∙ഗുരുനാഥൻമണ്ണിൽ ആൾത്താമസം ഇല്ലാത്ത വീടുകളുടെ എണ്ണം 50ൽ അധികം. വന്യമൃഗങ്ങളുടെ നിരന്തരമായ ശല്യം കാരണം സർവതും ഉപേക്ഷിച്ച് ആളുകൾ മലയിറങ്ങുന്നു. സീതത്തോട്–ഗുരുനാഥൻമണ്ണ് റോഡ് ഉന്നത നിലവാരത്തിൽ പൂർത്തിയായതിനാൽ കുടിയിറങ്ങിയവർ തിരികെ വരണമെന്ന ആവശ്യവുമായി സർവ കക്ഷി രാഷ്ട്രീയ പാർട്ടികളും രംഗത്ത്.പഞ്ചായത്തിലെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണ് ഉപേക്ഷിച്ച് ആളുകൾ കൂട്ടത്തോടെ പോയതിന്റെ പിന്നിൽ സമാനതകളില്ലാത്ത വന്യമൃഗങ്ങളും ശല്യവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമായിരുന്നുവെന്നാണ് നിലവിൽ ഇവിടെ താമസിക്കുന്നവരും സ്ഥലങ്ങളും വീടും ഉപേക്ഷിച്ചു പോയവരും പറയുന്നത്.
വർഷങ്ങളായി തകർന്ന് കിടന്നിരുന്ന റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ ടാറിങ് പൂർത്തിയായതോടെ സീതത്തോട്ടിൽ നിന്നു ഗുരുനാഥൻമണ്ണ് സാംസ്കാരിക നിലയം പടിക്കൽ എത്താൻ 7 മിനിറ്റ് മതി.
റോഡ് സഞ്ചാര യോഗ്യമല്ലാതിരുന്ന ഘട്ടത്തിൽ ഗുരുനാഥൻമണ്ണിൽ നിന്നും സീതത്തോട്ടിൽ എത്താൻ അര മണിക്കൂറിൽ കുറയാതെ വേണ്ടി വരുമായിരുന്നു. വർഷങ്ങളായി അനുഭവിച്ചു വന്ന യാത്രാക്ലേശം അവസാനിച്ചെങ്കിലും കുടിയിറങ്ങിയവരാരും തിരിച്ച് വരാൻ തയാറാകുന്നില്ല.
ഗുരുനാഥൻമണ്ണ്–കുന്നം റൂട്ടിലാണ് ഏറ്റവും അധികം വീടുകൾ ഒഴിഞ്ഞ് കിടക്കുന്നത്. കാട് മൂടി കിടക്കുന്ന വീടുകൾ പലതും പുറമേ കാണാൻ കൂടി കഴിയില്ല.
വീടിനോടു ചേർന്നുള്ള കൃഷിയിടങ്ങളിൽ ആന നിന്നാൽ പോലും കാണാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. അത്രയ്ക്കും ഉയരത്തിൽ കാട് മൂടിയ നിലയിലാണ് ആൾത്താമസം ഇല്ലാത്ത വീടുകളുടെ അവസ്ഥ.പുതിയ തലമുറയിലുള്ളവർക്കു കൃഷിയോടുള്ള താൽപര്യകുറവും വന്യ മൃഗങ്ങളുടെ നിരന്തര ശല്യവും കാരണം കാര്യമായ ഒരു കൃഷിയും ഗുരുനാഥൻമണ്ണിലില്ല.
കാട്ടാനകളുടെ നിരന്തരമായ ആക്രമണം കാരണം സർവതും നശിച്ച കർഷകർ നിരവധിയാണ്.
ആനകളെ തുരത്താൻ സർക്കാർ സംവിധാനങ്ങൾ ഒന്നും ഫലിക്കുന്നില്ല. സൗരോർജ വേലികൾ കാഴ്ച വസ്തുവായി മാറി.
കൃഷിയിടങ്ങൾക്കു ചുറ്റും കിടങ്ങുകൾ മാത്രമാണ് ഏക പ്രതിവിധി.ഒരു കാലത്ത് മാർക്കറ്റിൽ എത്തിയിരുന്ന കാർഷിക വിഭവങ്ങൾ ഏറെയും ഗുരുനാഥൻമണ്ണിൽ നിന്നായിരുന്നു. ഇന്ന് കാട്ടാന, കാട്ടുപോത്ത്, മ്ലാവ്, കേഴ, മലയണ്ണാൻ തുടങ്ങിയവയുടെ ശല്യം കാരണം ഒരു കൃഷിയും ചെയ്യാൻ കഴിയുന്നില്ല.നൂറ് കണക്കിനു തേങ്ങ ലഭിച്ചിരുന്നവർക്ക് ഇന്ന് വീട്ടിലെ ആവശ്യങ്ങൾക്കു പോലും പുറത്തു നിന്നും വിലയ്ക്കു വാങ്ങേണ്ട
സ്ഥിതിയായി.പുലികളുടെ നിരന്തര ഭീഷണി കാരണം വളർത്തു നായ്ക്കൾക്കു പോലും രക്ഷയില്ല.
ഗുരുനാഥൻമണ്ണ് മേഖലയിലെ പുതിയ തലമുറയിലുള്ളവരിൽ ബഹു ഭൂരിപക്ഷവും ദൂരെ സ്ഥലത്തേക്കു താമസം മാറി. ലക്ഷങ്ങൾ വിനിയോഗിച്ചു നിർമിച്ച വീടുകളിൽ ആൾത്താമസം ഇല്ലാതായതോടെ തകർച്ചയുടെ വക്കിലെത്തി.കുന്നത്തു നിന്നും വയ്യാറ്റുപുഴയിലേക്കു പോകുന്ന റോഡ് പോലും ഇന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം കാട് മൂടി കിടക്കുകയാണ്. ഗുരുനാഥൻമണ്ണിനെ വീണ്ടെടുക്കുന്ന കർമ പദ്ധതികൾക്കു വേണ്ടത്ര ഗൗരവം അധികൃതർ നൽകിയില്ലെങ്കിൽ ഒരു വാർഡ് തന്നെ പൂർണമായും ഇല്ലാതാകുന്ന സാഹചര്യമാണ് വരാൻ പോകുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

