തിരുവല്ല ∙ നഗരസഭയിലെ ചന്തത്തോട് വാട്ടർതീം പാർക്കിന് അമൃത് പദ്ധതിയിൽ പുനർജന്മം. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ വർഷങ്ങൾക്കു മുൻപു നിർമിച്ച പാർക്ക് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതിയിൽ 50 ലക്ഷം രൂപ ചെലവഴിച്ചാണു നവീകരിച്ചത്. ഉദ്ഘാടനം നാളെ 11 ന് ആന്റോ ആന്റണി എംപി നിർവഹിക്കും.
നഗരസഭാധ്യക്ഷ അനു ജോർജ് അധ്യക്ഷത വഹിക്കും. മാത്യു ടി.തോമസ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചന്തത്തോട്ടിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ വാട്ടർ തീം പാർക്ക് തുടങ്ങിയത് 2001ൽ ആണ്.
പഴയ കാലത്തു തിരുവല്ല ചന്തയിലേക്കു കെട്ടുവള്ളങ്ങളും മറ്റും എത്തിയിരുന്ന കടവാണിത്.
പിന്നീടു ജലഗതാഗതം നിലച്ചതോടെ പായലും പോളയും നിറഞ്ഞു തോട് മലിനമായി കിടക്കുകയായിരുന്നു. ഇടയ്ക്കു നഗരസഭ തോട്ടിലെ പായലും പോളയും നീക്കം ചെയ്യാറുണ്ടെങ്കിലും വീണ്ടും പഴയതുപോലെ പായൽ നിറയുമായിരുന്നു. ഡിടിപിസി ചന്തത്തോടിന്റെ തുടക്കത്തിൽ കെട്ടിടം നിർമിച്ചു ജലവിനോദത്തിനായി പെഡൽ ബോട്ടുകൾ ഇറക്കിയിരുന്നു.
കെട്ടിടത്തിൽ 2 മുറികളും 4 ശുചിമുറികളും ടിക്കറ്റ് കൗണ്ടറും പൂന്തോട്ടവും ഉണ്ടായിരുന്നു. എന്നാൽ ഒന്നര പതിറ്റാണ്ടായി ഇവയൊന്നും ഉപയോഗിക്കാതെ നാശാവസ്ഥയിലായിരുന്നു.
അമൃത് പദ്ധതിയിൽ കെട്ടിടം മുഴുവനും വൃത്തിയാക്കുകയും പെയിന്റ് അടിക്കുകയും തകർന്ന സാധനങ്ങൾ മാറ്റുകയും ചെയ്തിട്ടുണ്ട്.
ചന്തത്തോടിന്റെ വശം 200 മീറ്റർ ദുരം രണ്ടര മീറ്റർ ഉയരത്തിൽ കെട്ടി സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. തോട്ടിലെ പായലും പോളയും കുറെ ഭാഗത്തെ നീക്കം ചെയ്തിട്ടുണ്ട്. സംസ്ഥാന സർക്കാർ വെള്ളപ്പൊക്ക ദുരിത നിവാരണ പദ്ധതിയിൽ ഉൾപ്പെടുത്തി തോടിന്റെ വശത്തു സംരക്ഷണ ഭിത്തി കെട്ടുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും വെള്ളം താഴ്ന്നാലുടനെ ഇതിന്റെ പണികൾ തുടങ്ങുമെന്നും വാർഡ് കൗൺസിലർ ഷീല വർഗീസ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

