സംസ്ഥാനത്തെ റേഷൻ കടകളിൽ നിലവിലുള്ള ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ– പോസ്) യന്ത്രങ്ങൾ ഒഴിവാക്കി നിർമിതബുദ്ധിയും ഡിജിറ്റൽ കറൻസിയും അടിസ്ഥാനമാക്കിയുള്ള നൂതന സംവിധാനങ്ങൾ നടപ്പിലാക്കുന്നു. രാജ്യവ്യാപകമായി പൊതുവിതരണ ശൃംഖല കൂടുതൽ പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള സാർഥക്– പിഡിഎസ് പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം.
സ്മാർട് പിഡിഎസ് സംവിധാനം യാഥാർത്ഥ്യമാകുന്നതോടെയാണ് റേഷൻ കടകളിലെ യന്ത്രങ്ങൾ പൂർണ്ണമായും മാറ്റുന്നത്. ഏകദേശം 25,530 കോടി രൂപ ചെലവ് വരുന്ന ഈ ബൃഹത്തായ പദ്ധതി 2031 വരെ തുടരാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
പുതിയതായി എത്തുന്ന യന്ത്രങ്ങളിൽ ഐറിസ് സ്കാനർ (കണ്ണുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം), ഫെയ്സ് റെക്കഗ്നിഷൻ (മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ) എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ വിരലടയാളം പതിയാത്ത ഗുണഭോക്താക്കൾക്ക് തടസ്സമില്ലാതെ റേഷൻ സാധനങ്ങൾ കൈപ്പറ്റാൻ സാധിക്കും.
റേഷൻ വിതരണത്തിലെ ക്രമക്കേടുകൾ കർശനമായി തടയുന്നതിന്റെ ഭാഗമായി, കട സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്ന് 50 മീറ്റർ ചുറ്റളവിൽ നിന്നു മാറിയാൽ യന്ത്രം സ്വയം പ്രവർത്തനരഹിതമാകുന്ന ‘ജിയോ ഫെൻസിങ്’ സാങ്കേതികവിദ്യയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
ആൾമാറാട്ടം, വ്യാജ റേഷൻ കാർഡുകൾ എന്നിവ കൃത്യമായി കണ്ടെത്താൻ നിർമിതബുദ്ധി അധിഷ്ഠിതമായ സംവിധാനങ്ങൾ പുതിയ യന്ത്രങ്ങളിൽ പ്രവർത്തിക്കും. ഇതിനുപുറമെ, വാതിൽപടി വിതരണ ലോറികളുടെ സഞ്ചാരപാത നിരീക്ഷണം, സംഭരണശാലകളിലെ സുരക്ഷാ പരിശോധന എന്നിവയ്ക്കും നിർമിതബുദ്ധി പ്രയോജനപ്പെടുത്തും.
മെഷീൻ ലേണിങ്, നാച്വറൽ ലാംഗ്വേജ് പ്രോസസിങ്, ബ്ലോക് ചെയിൻ തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളും ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തും. പുതിയ ഇ– പോസ് യന്ത്രങ്ങളിൽ മൈക്രോ എടിഎം സേവനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതോടെ, റേഷൻ കടകളിൽ നിന്ന് തന്നെ ഉപഭോക്താക്കൾക്ക് പണം പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കും.
ഈ പദ്ധതിയുടെ പ്രാഥമിക ഘട്ട പരീക്ഷണങ്ങൾ ഡൽഹിയിൽ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.
അന്ത്യോദയ അന്നയോജന, മുൻഗണന വിഭാഗത്തിലുള്ള കാർഡുകൾക്കുള്ള റേഷൻ വിഹിതം കേന്ദ്ര സർക്കാരാണ് നേരിട്ട് നൽകുന്നത് എന്നതിനാൽ കേരളം ഉൾപ്പെടെയുള്ള എല്ലാ സംസ്ഥാനങ്ങളും ഈ പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറേണ്ടതുണ്ട്. ഇത് സംബന്ധിച്ച ഔദ്യോഗിക ചർച്ചകൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

