ബെംഗളൂരു നഗരത്തിൽ വിഐപി സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സാധാരണക്കാരുടെ യാത്ര തടസ്സപ്പെടുത്തുന്നതിനെതിരെ ശക്തമായ പ്രതിഷേധം. ഗർഭിണിയായ ഭാര്യയുമായി അത്യാവശ്യ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോയ യുവാവാണ്, കർണാടക ഗവർണറുടെ വാഹനവ്യൂഹത്തിന് കടന്നുപോകാനായി ഗതാഗതം നിയന്ത്രിച്ച നടപടിയിൽ പ്രതിഷേധിച്ച് നടുറോഡിൽ കുത്തിയിരുന്നത്.
ഓൾഡ് എയർപോർട്ട് റോഡിൽ വെച്ചാണ് സംഭവം അരങ്ങേറിയത്. നിലവിൽ ഈ പ്രദേശത്ത് അടിപ്പാത നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഗതാഗത തടസ്സങ്ങൾ പതിവാണ്.
ഇതിനിടയിലാണ് ഞായറാഴ്ച ഉച്ചതിരിഞ്ഞ് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ടിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി പൊലീസ് റോഡിലെ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ചത്. ഏകദേശം 30 മിനിറ്റോളമാണ് വാഹനങ്ങൾ തടഞ്ഞിട്ടത്.
അടിയന്തര സാഹചര്യത്തിൽ ആശുപത്രിയിലേക്ക് പോകുകയായിരുന്ന യുവാവ്, ഗവർണറുടെ വാഹനം എത്തുന്നതിന് മുൻപേ ട്രാഫിക് തടസ്സത്തിൽ പെട്ടു. തുടർന്ന്, വാഹനത്തിനുള്ളിൽ പ്രയാസമനുഭവിക്കുന്ന ഗർഭിണിയായ ഭാര്യയുടെ അവസ്ഥയിൽ മനംനൊന്ത്, അദ്ദേഹം ഇസ്രോ ജംഗ്ഷനിലെ സീബ്രാ ക്രോസിംഗിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു.
തങ്ങളുടെ അടിയന്തര സാഹചര്യത്തേക്കാൾ വിഐപി യാത്രയ്ക്ക് പരിഗണന നൽകുന്നതിലെ അനീതി യുവാവ് പൊലീസിനോട് ചോദ്യം ചെയ്തു. “A frustrated husband sat on the road in protest after traffic was stopped to create a corridor for the movement of Karnataka Governor’s convoy.
Refusing to get up, he told police officers that his pregnant wife had been waiting inside their car while traffic remained stalled.” സ്ഥലത്തെത്തിയ ഹൊയ്സാല പൊലീസ് സംഘം യുവാവുമായി സംസാരിക്കുകയും, ഏറെ നേരത്തെ തർക്കങ്ങൾക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിക്കുകയുമായിരുന്നു. യുവാവ് പിന്നീട് ഭാര്യയുമായി ആശുപത്രിയിലേക്ക് യാത്ര തുടർന്നു.
സംഭവത്തിൽ ജീവ ഭീമാ നഗർ ട്രാഫിക് പൊലീസ് സ്റ്റേഷൻ പരിധിയിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
എച്ച്എഎൽ എയർപോർട്ട് മുതൽ സംഭവം നടന്ന സ്ഥലം വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും, 30 മിനിറ്റോളം ഗതാഗതം തടഞ്ഞിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥർ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങൾ വിഐപി സംസ്കാരത്തിനെതിരെ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

