ശബരിമല∙ തീർഥാടകർക്കു വിതരണത്തിനു തയാറാക്കിയ 1,60,000 ഡപ്പി അരവണ ജലാംശം കുറഞ്ഞു കട്ടിയായി. ദേവസ്വം ബോർഡിനു 1.60 കോടി രൂപയുടെ നഷ്ടം.
ശർക്കരയ്ക്കു മധുരം കൂടിയതാണു ജലാംശത്തിന്റെ അളവ് കുറഞ്ഞു കട്ടിയാകാൻ കാരണമെന്നു ദേവസ്വം ഉദ്യോഗസ്ഥർ. കരുതൽ ശേഖരമായി കൂടുതൽ ദിവസം സൂക്ഷിക്കേണ്ടി വന്നാൽ ഉപയോഗശൂന്യമാകാതിരിക്കാൻ പാചക സമയത്തു പരമാവധി ജലാംശം കുറച്ചതാണു കട്ടിയാകാൻ കാരണമെന്നു പറയപ്പെടുന്നു.
രണ്ടായാലും ദേവസ്വം ബോർഡിനു വലിയ നഷ്ടമാണ് ഉണ്ടായത്.
അരി, ശർക്കര, ചുക്കുപൊടി, ഏലയ്ക്ക, മുന്തിരി, നെയ്യ് തുടങ്ങിയവ ചേർത്താണ് അരവണ തയാറാക്കുന്നത്. മഹാരാഷ്ട്രയിൽനിന്നാണ് അരവണ തയാറാക്കാൻ ശർക്കര എത്തിക്കുന്നത്.
നേരത്തെ ഉണ്ടശർക്കരയായിരുന്നു വാങ്ങിയിരുന്നത്. ഇത് ശർക്കരപാനിയാക്കി പാവുകാച്ചി വെള്ളത്തിന്റെ അംശം കളഞ്ഞാണ് അരവണ ഉണ്ടാക്കാൻ ഉപയോഗിച്ചു വന്നത്.
ഇപ്പോൾ ഉണ്ടശർക്കരയ്ക്കു പകരം ശർക്കരപ്പൊടിയാണു വാങ്ങുന്നത്. ഭക്ഷ്യസുരക്ഷാ വകുപ്പ് പമ്പയിൽ തയാറാക്കിയ ലബോറട്ടറിയിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയാണു ശർക്കര സന്നിധാനത്തേക്കു കയറ്റി അയയ്ക്കുന്നത്.
അതിനാൽ ഗുണനിലവാരത്തിൽ വ്യത്യാസമുള്ള ശർക്കര എങ്ങനെ സന്നിധാനത്ത് എത്തി എന്നതും അന്വേഷിക്കേണ്ടി വരും.
മണ്ഡലകാല തീർഥാടനത്തിനു നട തുറക്കും മുൻപു കരുതൽ ശേഖരമായി തയാറാക്കിയ അരവണയാണിത്.
ജലാംശം കുറഞ്ഞു കല്ലുപോലെയായ 1.60 ലക്ഷം ഡപ്പി അരവണ മഹസർ തയാറാക്കി ദേവസ്വം ബോർഡ് പ്രത്യേകമായി സൂക്ഷിച്ചിരിക്കുകയാണ്. പ്രസിഡന്റ് കെ.ജയകുമാർ വിളിച്ചുകൂട്ടിയ അവലോകന യോഗത്തിൽ വിഷയം ദേവസ്വം ഉദ്യോഗസ്ഥർ അറിയിച്ചു.
ശബരിമലയിലെ വരുമാനത്തിന്റെ നല്ലൊരു ഭാഗവും അരവണ വിൽപനയിലൂടെയാണു ലഭിക്കുന്നത്. അതിനാൽ കട്ടിയായ അരവണ തൽക്കാലത്തേക്കു വിൽപന നടത്താതെ മാറ്റി സൂക്ഷിക്കാനാണ് അദ്ദേഹം നൽകിയ നിർദേശം.
മണ്ഡലകാലത്ത് 332.77 കോടി രൂപയാണു ശബരിമലയിലെ വരുമാനം.
അതിൽ 200 കോടി രൂപയും അരവണ വിൽപനയിലൂടെയാണു ലഭിച്ചത്. ഇത്തവണ വിതരണത്തിന് ആവശ്യത്തിനു അരവണ ഇല്ലാതെ വിൽപനയ്ക്കു നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരാൾക്കു 20 ഡപ്പി അരവണയാണ് പരമാവധി നൽകുന്നത്.
തീർഥാടകരുടെ അഭൂതപൂർവമായ തിരക്കു കാരണം നിയന്ത്രണം കൂടുതൽ കടുപ്പിക്കാനുള്ള ആലോചനയിലാണു ദേവസ്വം ബോർഡ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

