ട്രെയിൻ പുറപ്പെടവേ അപായച്ചങ്ങല വലിച്ച് നിർത്തിയ സംഭവത്തിൽ റിട്ടയേർഡ് റെയിൽവേ സൂപ്രണ്ടിന് റെയിൽവേ കോടതിയുടെ സമൻസ്. കോഴിക്കോട് നാദാപുരം വലിയപുരയിൽ വിജയനാണു നാളെ ഷൊർണൂർ റെയിൽവേ കോടതിയിൽ ഹാജരാകാൻ സമൻസ് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ ജൂൺ 15ന് എറണാകുളം – കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസിൽ ആലുവയിൽ നിന്നു യാത്ര തിരിക്കാനായി ഡി1 കോച്ചിൽ റിസർവ് ചെയ്തിരുന്ന വിജയനും കുടുംബവും പ്ലാറ്റ്ഫോമിലെ ഡിസ്പ്ലേ ബോർഡിൽ നിർദ്ദേശിച്ചിരുന്ന ഭാഗത്താണ് കാത്തുനിന്നത്. എന്നാൽ, ട്രെയിൻ ഈ ഭാഗത്തല്ല നിർത്തിയത്.
ജനറൽ കോച്ച് വരേണ്ട സ്ഥലത്തായിരുന്നു ഡി1 കോച്ച് എത്തിയത് എന്നതിനാൽ റിസർവ് ചെയ്യാത്ത നിരവധി യാത്രക്കാർ കോച്ചിലേക്ക് ഇരച്ചുകയറുകയും പിന്നീട് തിരിച്ചിറങ്ങുകയും ചെയ്തു.
ഒരു മിനിറ്റിനു ശേഷം ട്രെയിൻ മുന്നോട്ടുനീങ്ങുന്നതിനിടെ വിജയൻ കോച്ചിൽ കയറിയെങ്കിലും ഒപ്പമുണ്ടായിരുന്ന ഭാര്യയ്ക്കും മകൾക്കും കയറാൻ സാധിച്ചില്ല. തുടർന്ന് അദ്ദേഹം അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
പ്ലാറ്റ്ഫോമിലെ ഡിസ്പ്ലേ ബോർഡിൽ കാണിച്ചതിൽ നിന്ന് വ്യത്യസ്തമായാണ് ട്രെയിൻ നിർത്തിയതെന്നും, രണ്ടു മിനിറ്റ് സ്റ്റോപ്പുള്ള ട്രെയിൻ ഒരു മിനിറ്റ് മാത്രമാണ് സ്റ്റേഷനിൽ നിർത്തിയതെന്നും വിജയൻ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവുകൾ അന്നേ ദിവസം തന്നെ നാഷനൽ ട്രെയിൻ എൻക്വയറി സിസ്റ്റത്തിൽ (എൻടിഇഎസ്) നിന്ന് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
അടിയന്തര സാഹചര്യങ്ങളില്ലാതെ അപായച്ചങ്ങല വലിച്ചാൽ 1000 രൂപ പിഴ ഈടാക്കുമെന്നാണ് ചട്ടം. എന്നാൽ പിഴയൊടുക്കാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ആർപിഎഫിന്റെ നടപടിയും കോടതി സമൻസും.
മതിയായ കാരണമാണോ എന്ന് ആരാണ് തീരുമാനിക്കുന്നത് എന്ന് വിവരാവകാശ നിയമപ്രകാരം വിജയൻ ഉന്നയിച്ച ചോദ്യത്തിന് ‘ചുമതലപ്പെട്ട അധികാരി’ എന്നായിരുന്നു ഡിവിഷനൽ റെയിൽവേ സെക്യൂരിറ്റി കമാൻഡന്റിന്റെ മറുപടി.
എന്നാൽ ഏതു തസ്തികയിൽ ഉള്ള ആളാണ് ഈ അധികാരി എന്ന് ഉത്തരത്തിൽ വ്യക്തമല്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

