കാർ യാത്രക്കാരുടെ വഴി തടസ്സപ്പെടുത്തി ഭീഷണി മുഴക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതിക്കെതിരെ കർശന നടപടിക്ക് നീക്കം. കണ്ണൂർ സ്വദേശിയായ സ്വകാര്യ ബസ് ക്ലീനർ മുഹമ്മദ് അൻസാറിനെതിരെയാണ് (24) കേരള പൊലീസ് കാപ്പ (KAAPA) ചുമത്താനുള്ള സാധ്യതകൾ സജീവമായി പരിശോധിക്കുന്നത്.
ഇയാളുടെ തുടർച്ചയായ അക്രമ പരമ്പരകളും കുറ്റകൃത്യങ്ങളിലെ സജീവ പങ്കാളിത്തവും ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തുന്നത്. കഴിഞ്ഞദിവസം എറണാകുളം നോർത്ത് സ്റ്റേഷൻ പരിധിയിൽ ഗുരുതരമായ അതിക്രമങ്ങൾ നടന്നിട്ടും പ്രതിയെ നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി വിട്ടയച്ചത് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
എഎസ്ഐ സുനിൽ ജലീലിനെ തള്ളി താഴെയിട്ട് പരുക്കേൽപ്പിച്ചിട്ടും ജാമ്യമില്ലാ വകുപ്പായ ബിഎൻഎസ് 132 ഒഴിവാക്കി കേരള പൊലീസ് ആക്ട് 117(ഇ) ചുമത്തി സ്റ്റേഷൻ ജാമ്യം നൽകിയ നടപടിക്കെതിരെ സേനയ്ക്കുള്ളിൽ തന്നെ കടുത്ത അമർഷം രൂപപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് മേലധികാരികളുടെ ഇടപെടലിനെ തുടർന്ന് പ്രതിയെ വീണ്ടും കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്തത്.
ഇതിനുപുറമേ, പടമുഗൾ സ്വദേശി സി.ബി.റെജിൻസിന് നേരെ വാഴക്കാലയിൽ വെച്ചുണ്ടായ അതിക്രമത്തിലും തൃക്കാക്കര പൊലീസ് ഇയാൾക്കെതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 22ന് വൈകുന്നേരമായിരുന്നു ഈ സംഭവം.
അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്ത് കാർ തടഞ്ഞുനിർത്തി ബോണറ്റിൽ ശക്തമായി അടിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. മുൻപ് പരാതി നൽകിയിട്ടും നടപടിയെടുക്കാതിരുന്നതിനെ തുടർന്ന് റെജിൻസ് സിറ്റി പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുകയും ദൃശ്യങ്ങൾ മാധ്യമങ്ങൾ ഉൾപ്പെടെയുള്ളവയിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
കൂടാതെ, കഴിഞ്ഞ ഓഗസ്റ്റ് 9ന് കലൂരിൽ വെച്ച് മറ്റൊരു കാർ യാത്രക്കാരനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലും ഇയാൾ പ്രതിയാണ്. കൊച്ചി നഗരത്തിലെ വിവിധ സ്റ്റേഷൻ പരിധികളിലായി നിരവധി കേസുകളാണ് ഇയാൾക്കെതിരെയുള്ളത്.
കണ്ണൂർ ജില്ലയിലും ഇയാൾക്കെതിരെ മോഷണം ഉൾപ്പെടെ ഏഴോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് മറ്റ് സ്റ്റേഷനുകളിലെ വിവരങ്ങളും ശേഖരിച്ച് മുൻകരുതൽ നടപടിയുടെ ഭാഗമായി അൻസാറിനെതിരെ കാപ്പ ചുമത്തുന്നത് സംബന്ധിച്ച് പൊലീസ് ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

