നീലക്കുട നിവർത്തിയ ഓളപ്പരപ്പിലെ ആവേശക്കാഴ്ചകളിലേക്ക് ചങ്ങനാശേരി വീണ്ടും സജ്ജമാകുന്നു.
നീണ്ട പന്ത്രണ്ട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് എസി കനാലിലേക്ക് ചുണ്ടൻവള്ളങ്ങൾ വീണ്ടുമെത്തുന്നത്.
ദീർഘകാലമായി മുടങ്ങിപ്പോന്ന ചങ്ങനാശേരി ജലോത്സവവും ടൂറിസം വാരാഘോഷവും ഒക്ടോബർ 15ന് മുൻപായി സംഘടിപ്പിക്കാനാണ് ജലോത്സവ സമിതിയുടെ തീരുമാനം. എസി കനാലിലെ മനയ്ക്കച്ചിറയിലാണ് ഈ ജലോത്സവം അരങ്ങേറുക.
മുൻകാലങ്ങളിൽ ഓണാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ജലോത്സവവും വാരാഘോഷവും നടത്തിയിരുന്നത്. എന്നാൽ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 2013 ലാണ് ഇതിന് മുൻപ് അവസാനമായി ജലോത്സവം സംഘടിപ്പിച്ചത്.
ഇതിനുപുറമെ എസി കനാലിൽ നിറഞ്ഞുനിന്ന പോളയും മാലിന്യങ്ങളും നീക്കം ചെയ്യാത്തതും വലിയ തിരിച്ചടിയായി. പിന്നീട് വന്ന പ്രളയവും കോവിഡും കൂടി ആയതോടെ കാര്യങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി.
കുട്ടനാടിന്റെ പ്രവേശന കവാടം കൂടിയായ ചങ്ങനാശേരിയിൽ മുൻപ് നടന്നിരുന്ന ഈ ജലോത്സവം അന്ന് പ്രദേശത്തെ വിനോദ സഞ്ചാര മേഖലയ്ക്കും വൻ ഉണർവായിരുന്നു നൽകിയിരുന്നത്. പോള മാറി, ഇനി ട്രാക്ക് തെളിയണം കനാലിലെ പോളയും മാലിന്യങ്ങളും പൂർണ്ണമായി കോരി മാറ്റിയതോടെയാണ് ജലോത്സവത്തിന്റെ തിരിച്ചുവരവിന് വഴിതെളിഞ്ഞത്.
ഇനി കനാലിലെ ചെളിയും എക്കലും നീക്കം ചെയ്യുക എന്നതാണ് പ്രധാന കടമ്പ. ഇതിനായുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി വിനു ജോബ് എംഎൽഎയുടെ നേതൃത്വത്തിൽ ജലോത്സവ സമിതി അംഗങ്ങൾ മന്ത്രി മോൻസ് ജോസഫിനെ നേരിൽ കണ്ടു ചർച്ച നടത്തിയിരുന്നു.
തുടർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ ഇറിഗേഷൻ വകുപ്പിന് മന്ത്രി കർശന നിർദേശം നൽകി. ഇന്നലെ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കനാലിൽ നേരിട്ടെത്തി പരിശോധനകൾ പൂർത്തിയാക്കി.
കനാലിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും ചെളിയും നീക്കം ചെയ്യുന്നതിനുള്ള എസ്റ്റിമേറ്റ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. മത്സരവള്ളംകളി ട്രാക്ക് വരുന്ന ഒരു കിലോമീറ്റർ ഭാഗം പൂർണ്ണമായും വൃത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ജലോത്സവത്തിന് ടൂറിസം വകുപ്പിന്റെ ഔദ്യോഗിക സഹകരണവും പിന്തുണയും ഉറപ്പാക്കുന്നതിനായി ജലോത്സവ സമിതി അംഗങ്ങൾ മന്ത്രി പി.സി.വിഷ്ണുനാഥുമായും കൂടിക്കാഴ്ച നടത്തി. ഈ ചർച്ചകളിൽ ജനറൽ കൺവീനർ കെ.വി.ഹരികുമാർ, സെക്രട്ടറി ആർട്ടിസ്റ്റ് ദാസ്, ട്രഷറർ സിബി അറയ്ക്കത്തറ, ജേക്കബ് ജോബ്, വി.ജെ.ലാലി, പി.എ.അബ്ദുൽസലാം, കെ.ജെ.കൊച്ചുമോൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

