പെരിങ്ങര ∙ ഡിസംബറിൽ പെയ്യാതെ പോയ മഴ ജനുവരിയിലെങ്കിലും പെയ്യാൻ കാത്തിരിക്കുകയാണ് അപ്പർ കുട്ടനാട്ടിലെ കർഷകർ. മഴ പെയ്തില്ലെങ്കിൽ പാടത്തു വെള്ളം എത്താൻ വേറെ വഴിയൊന്നുമില്ല. വെള്ളം നിറഞ്ഞു കിടക്കേണ്ട
തോടുകളിൽ പുല്ലും പായലും മാത്രം. വിതച്ച് ഒന്നര മാസം ആയ നെല്ലിന് 10 ദിവസം കഴിഞ്ഞാൽ കതിരു വരാൻ തുടങ്ങും.
അപ്പോൾ വെള്ളം അത്യാവശ്യമാണ്. തോടുകൾ കാടായപ്പോൾ കർഷകർ ആശ്രയിക്കുന്നതു മഴയെ മാത്രമാണ്.
വേങ്ങൽ – വേളൂർമുണ്ടകം റോഡിനു സമാന്തരമായി രണ്ടര കിലോമീറ്റർ ദൂരത്തിലുള്ള ന്യൂ മാർക്കറ്റ് കനാലിനെയാണു പഞ്ചായത്തിലെ പത്തോളം പാടശേഖരങ്ങൾ വെള്ളത്തിനായി ആശ്രയിക്കുന്നത്. കൃഷിയിറക്കുന്നതിനു മുന്നോടിയായി പാടത്തു നിന്നു വെള്ളം പെട്ടിയും പറയും ഉപയോഗിച്ച് ഒഴുക്കിവിടുന്നത് ഈ തോട്ടിലേക്കാണ്.
കൃഷിയിറക്കിക്കഴിഞ്ഞാൽ തിരികെ വെള്ളം കയറ്റാൻ ബണ്ടിലെ തൂമ്പ് തുറന്നുവച്ചാൽ മതിയാകും. എന്നാൽ ഇപ്പോൾ തോട്ടിലെ ജലനിരപ്പ് പാടത്തിനേക്കാളും താഴ്ന്നാണു കിടക്കുന്നത്.
വെള്ളം കറുത്തുകൊഴുത്ത ദ്രാവകത്തിനു തുല്യമാണ്. തോട്ടിൽ നിന്നു പാടത്തേക്ക് കയറുന്ന വെള്ളത്തിൽ ഇറങ്ങുന്ന തൊഴിലാളികൾക്ക് കാലിനും കൈയ്ക്കും ചൊറിച്ചിലും മറ്റും വരാറുണ്ട്.
ന്യൂ മാർക്കറ്റ് കനാലിൽ നേരത്തേ പായലും പോളയും ആണു നിറഞ്ഞു കിടന്നത്.
5 വർഷം മുൻപാണ് അവസാനമായി വൃത്തിയാക്കിയത്. ഇപ്പോൾ നീളത്തിൽ വളരുന്ന ഒരുതരം പുല്ലാണ് വളർന്നു നിൽക്കുന്നത്. ഇതിന്റെ വേര് ആഴത്തിൽ ഇറങ്ങി ചെളിയിൽ പുതഞ്ഞുകിടക്കുന്നതിനാൽ പെട്ടെന്നു പറിച്ചുകളയാനും പറ്റുകയില്ല.
പുല്ലു വളർന്നതോടെ തോട്ടിൽ വെള്ളം ഉണ്ടെന്നതു അറിയാൻ പോലും പറ്റാത്ത സ്ഥിതിയാണ്.
കതിരു വരുന്ന സമയത്ത് വെള്ളം കിട്ടിയില്ലെങ്കിൽ നെല്ലിലെ പാലു വറ്റി പതിരായി മാറും. തോട് വൃത്തിയായി കിടക്കുകയായിരുന്നെങ്കിൽ മോട്ടർ ഉപയോഗിച്ചു വെള്ളം പാടത്തേക്ക് അടിച്ചുകയറ്റാൻ കഴിയുമായിരുന്നുവെന്നു കർഷകനായ സന്ദീപ് തോമസ് പറഞ്ഞു.
ഇപ്പോൾ ഇതിനും കഴിയുന്നില്ല. തോട് വൃത്തിയാക്കി കൃഷിക്ക് വെള്ളം കിട്ടാനുള്ള മാർഗം സജ്ജമാക്കണമെന്ന് കൃഷി വകുപ്പ് അധികൃതരോടും ജനപ്രതിനിധികളോടും പല പ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു വേങ്ങൽ പാടശേഖര സമിതി പ്രസിഡന്റ് പി.ടി.വർഗീസ് പടിപ്പുരയ്ക്കലും സെക്രട്ടറി അനൂപ് പുല്ലുവേലിയും പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

