ഗൂഡല്ലൂർ മേഖലയിൽ കടുവയുടെ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള തിരച്ചിൽ ഊർജിതമാക്കി.
ജനവാസ മേഖലയിലും തോട്ടങ്ങളിലും ഭീതി പരത്തിയ നരഭോജിക്കടുവയെ പിടികൂടാനായി കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇപ്പോൾ ദൗത്യം പുരോഗമിക്കുന്നത്. മുതുമല കടുവ സങ്കേതത്തിൽ നിന്നുള്ള ബൊമ്മൻ, ഉദയൻ എന്നീ കുങ്കിയാനകളാണ് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘത്തിനൊപ്പം രംഗത്തുള്ളത്.
കാപ്പിത്തോട്ടങ്ങളിലും ഇടതൂർന്ന കാടുകളിലും ഒളിവിൽ കഴിയുന്ന കടുവയ്ക്കായി നടത്തിയ ആദ്യഘട്ട തെരച്ചിൽ ഫലം കാണാത്തതിനെ തുടർന്നാണ് കുങ്കിയാനകളെ രംഗത്തിറക്കാൻ തീരുമാനിച്ചത്.
എങ്കിലും, ഇതുവരെയും ദൗത്യസംഘത്തിന് കടുവയെ നേരിൽ കാണാൻ സാധിച്ചിട്ടില്ല. പ്രദേശത്ത് ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുന്നുണ്ടെങ്കിലും സാന്ദ്രമായ വനമേഖലയും പ്രതികൂല സാഹചര്യങ്ങളും തെരച്ചിൽ ദുഷ്കരമാക്കുന്നുണ്ട്.
കടുവയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി 120 നിരീക്ഷണ ക്യാമറകൾ ഇതിനോടകം സ്ഥാപിച്ചിട്ടുണ്ട്. കൂട്ടിൽ കയറാത്ത സാഹചര്യമുണ്ടായാൽ കടുവയെ മയക്കുവെടി വെച്ച് പിടികൂടാനാണ് അധികൃതരുടെ തീരുമാനം.
ഇതിനായി രണ്ട് പ്രത്യേക മയക്കുവെടി സംഘങ്ങൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് തെരച്ചിലിന് നേതൃത്വം നൽകുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

