അച്ഛനമ്മമാരുടെ സ്നേഹിലാളനകളേതറിയാതെ, ബന്ധുവീടുകളിലെ അവഹേളനങ്ങളും കുറ്റപ്പെടുത്തലുകളും മാത്രം അനുഭവിച്ച് വളർന്ന ചൈതന്യ ജീവിതവിജയത്തിന്റെ നിറവിൽ വിവാഹിതയാകുന്നു. വീടെന്നാൽ നാലു കമ്പുകളിൽ തീർത്ത ഷീറ്റ് മാത്രമായിരുന്ന ദുരിതപൂർണ്ണമായ ബാല്യത്തിൽ നിന്നും കഠിനാധ്വാനത്തിലൂടെ കടൽ കടന്ന് ഉന്നത വിജയം നേടിയാണ് ചൈതന്യ പുതിയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.
ആകെയുള്ള രണ്ട് സഹോദരിമാരോടൊപ്പം ബന്ധുവീടുകളിൽ ജോലിക്ക് പോയി ലഭിച്ച വരുമാനമായിരുന്നു ഇവരുടെ ഏക ആശ്രയം. അകന്ന ബന്ധുവിന്റെ വീട്ടിൽ ജോലി ചെയ്തു വരവേ അപ്രതീക്ഷിതമായി അവിടെ നിന്നും പുറത്താക്കപ്പെട്ടതോടെയാണ് ഈ പെൺകുട്ടികളുടെ ജീവിതത്തിൽ നിർണ്ണായക വഴിതിരിവണ്ടാകുന്നത്.
എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിന്ന മൂവരെയും ആലപ്പുഴ എസ്ഡിവി സ്കൂളിലെ അധ്യാപകരും കൗൺസലർമാരും ഇടപെട്ട് ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും ശുപാർശയിൽ പത്തനാപുരം ഗാന്ധിഭവനിൽ എത്തിക്കുകയായിരുന്നു. ഗാന്ധിഭവന്റെ കരുതലിൽ പാതിവഴിയിൽ നിലച്ചുപോയ പഠനം ഇവർ വിജയകരമായി പൂർത്തിയാക്കി.
മൂത്ത സഹോദരി സ്പെഷൽ സ്കൂൾ ട്രെയ്നിങ് കോഴ്സും രണ്ടാമത്തെ സഹോദരി ജനറൽ നഴ്സിങ്ങും പാസായി. ഇരുവർക്കുമുള്ള വിവാഹവും ഗാന്ധിഭവനാണ് നടത്തിക്കൊടുത്തത്.
ചൈതന്യയാകട്ടെ ജനറൽ നഴ്സിങ്ങും തുടർന്ന് പോസ്റ്റ് ബിഎസ്സി നഴ്സിങ്ങും ഉന്നത വിജയത്തോടെ പൂർത്തിയാക്കി. കൊല്ലം ഉപാസന നഴ്സിങ് കോളജിൽ ലക്ചററായി സേവനം അനുഷ്ഠിച്ചു വരവെയാണ് ചൈതന്യയ്ക്ക് അയർലൻഡിൽ അവസരം ലഭിക്കുന്നത്.
തിരുവനന്തപുരം പാറശാല ആടുമൻകാട് കമൽ നിവാസിൽ അഖിൽ.എസ്.കമൽ ആണ് വരൻ. നാളെ രാവിലെ 11ന് പത്തനാപുരം ഗാന്ധിഭവനിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുന്നത്.
ജന്മം നൽകിയ മാതാപിതാക്കളെ കണ്ടിട്ടില്ലെങ്കിലും, ഗാന്ധിഭവനിലെ അന്തേവാസികളും സെക്രട്ടറി പുനലൂർ സോമരാജനും ഭാര്യ പ്രസന്നയുമാണ് തനിക്ക് അച്ഛനും അമ്മയുമെന്ന് ചൈതന്യ ഹൃദ്യമായി ഓർക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

