കൊല്ലം ∙ റോഡിന്റെ ഇരുവശത്തുള്ള വ്യാപാരികളും താമസക്കാരും പരസ്പരം കാണാൻ പോലും കഴിയാത്ത വിധം മണ്ണിട്ടുയർത്തി നിർമിച്ച ദേശീയപാത ഒട്ടേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പരാതി. ഉയരപ്പാതയുടെ സുരക്ഷ സംബന്ധിച്ചും വലിയ ആശങ്ക ഉയരുന്നു. ജില്ലയിലെ പ്രധാന ജംക്ഷനുകളിലാണ് 40 അടി വരെ പൊക്കത്തിൽ ഉയരപ്പാത നിർമിച്ചത്. ഇതോടെ പലയിടത്തും ജംക്ഷൻ ഇല്ലാതായി.
ആയിരങ്ങൾ എത്തിച്ചേരുന്ന ജംക്ഷനുകളിൽ കാൽനടക്കാർക്കും വാഹനങ്ങൾക്കും റോഡ് മറികടക്കാൻ പോലും മതിയായ സൗകര്യമില്ല. മിക്കയിടത്തും ബസ് ബേയ്ക്കും സ്ഥലമില്ല.
വാഹനം നിർത്താൻ ഇടമില്ലാത്തതിനാൽ ഒട്ടേറെ കടകൾ പൂട്ടി. ഓട്ടോറിക്ഷ, ടാക്സി സ്റ്റാൻഡുകൾ ഇല്ലാതായി.
നിലവിലുണ്ടായിരുന്ന കലുങ്കുകൾ പലതും ഒഴിവാക്കിയതിനാൽ സർവീസ് റോഡും ഇടറോഡുകളും മഴക്കാലത്തു വെള്ളക്കെട്ടായി മാറുന്നു. ഉയരപ്പാതയ്ക്കെതിരെ പലയിടത്തും സമരം നടക്കുന്നു.
കല്ലുംതാഴം
കൊല്ലം –ചെങ്കോട്ട
ദേശീയപാതയും ബൈപാസ് റോഡും (എൻഎച്ച്–66) കൂട്ടിമുട്ടുന്ന കല്ലുംതാഴം ജംക്ഷനിലെ ഉയരപ്പാതയുടെ പൊക്കം കണ്ടാൽ അന്ധാളിച്ചു പോകും. 40 അടിയോളം ഉയത്തിലാണു മണ്ണിട്ടുയർത്തി പാത നിർമിച്ചിട്ടുള്ളത്. കുത്തനെ അടുക്കിയ റിഇൻഫോഴ്സ്ഡ് എർത്ത് (ആർഇ) പാനലുകളുടെ മൂലയും അരികുകളും അടർന്നു പോയിട്ടുണ്ട്.
വിള്ളൽ വീണതെന്നു കരുതുന്ന പാനൽ അറ്റകുറ്റപ്പണി നടത്തിയ നിലയിലും കാണാം. സർവീസ് ബസുകൾ നിർത്തുന്നതിനു മതിയായ സ്ഥല സൗകര്യമില്ല. കല്ലുംതാഴം ജംക്ഷനിൽ നിന്നു കടവൂർ ഭാഗത്തേക്ക് 400 മീറ്ററോളം നീളത്തിലാണ് ഉയരപ്പാത.
പാരിപ്പള്ളി
ദേശീയപാതയിൽ സ്ഥലസൗകര്യം ഇല്ലാതായതോടെ പാരിപ്പള്ളി– പരവൂർ, പാരിപ്പള്ളി – പള്ളിക്കൽ റോഡിൽ വലിയ ഗതാഗത തിരക്കാണ്.
ദേശീയപാതയിൽ ബസ് കാത്തു നിൽക്കാൻ പോലും ഇടമില്ല. ഓട്ടോറിക്ഷകൾ അടിപ്പാതയിൽ ഇടം കണ്ടെത്തിയെങ്കിലും റോഡ് നിർമാണം പൂർത്തിയാകുന്നതോടെ ഇതും നഷ്ടമാകുമെന്ന ആശങ്കയിലാണ്.
അയത്തിൽ
ഒരു മിനിറ്റിനിടെ 3 സ്വകാര്യ ബസുകൾ കടന്നു പോകുന്ന അയത്തിൽ ജംക്ഷനിലും വയഡക്റ്റിന്റെ ഇരുവശവും കൂറ്റൻ മൺമതിലാണ്.
മേവറത്തു നിന്നു സർവീസ് റോഡ് വഴി നിരന്തരം വാഹനങ്ങൾ എത്തുന്നതിനാൽ അയത്തിൽ ജംക്ഷനിൽ നിന്നു പള്ളിമുക്കിലേക്കുള്ള റോഡിലേക്കു വാഹനങ്ങൾക്കു കയറാൻ കഴിയുന്നില്ല. അതുവഴി ഉണ്ടായിരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസ് സർവീസുകളും നിലച്ചു.
എൻജിനീയറിങ്, സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ വലയുകയാണ്. ഓട്ടോറിക്ഷ, ടാക്സി എന്നിവയ്ക്കു പാർക്ക് ചെയ്യാൻ ഇടമില്ല.
കൊട്ടിയം
ജില്ലയിൽ നിരന്തരം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണ് ഇത്. കൊല്ലത്തു നിന്നുള്ള ടൗൺ സർവീസ് ബസുകൾക്കു പുറമെ മയ്യനാട്, കുണ്ടറ, ചാത്തന്നൂർ – പരവൂർ മേഖലകളിലേക്കും ഇവിടെ നിന്നു സർവീസ് തുടങ്ങുന്ന ബസുകളുണ്ട്. ബസ് ബേയ്ക്കു സ്ഥലമില്ലാത്തതിനാൽ സർവീസ് റോഡിലാണു കെഎസ്ആർടിസി ബസ് ഉൾപ്പെടെ നിർത്തുന്നത്. ഓടയുടെ സ്ലാബിനു മുകളിലാണു യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. ഓട്ടോറിക്ഷകൾക്ക് പാർക്ക് ചെയ്യാൻ ഇടമില്ലാതായി .
മഴക്കാലത്തു ന്യു രാജസ്ഥാൻ മാർബിൾ സ്ഥാപനത്തിനു സമീപം സർവീസ് റോഡിൽ വലിയ വെള്ളക്കെട്ടാണ്. കണ്ണനല്ലൂർ റോഡിൽ നിന്നുൾപ്പെടെയുള്ള മഴവെള്ളം റോഡിലൂടെയാണ് ഇവിടെ ഒഴുകിയെത്തുന്നത്.
ഓടയിൽ വെള്ളം ഇറങ്ങാറില്ല. ഉയരപ്പാതയിലെ മഴവെള്ളം സർവീസ് റോഡിലാണ് ഇറക്കുന്നതെങ്കിലും സർവീസ് റോഡിൽ നിന്നു വെള്ളം ഓടയിൽ ഇറങ്ങാൻ മാർഗമില്ല.
ചെയ്തു. 700 മീറ്റർ നീളത്തിൽ ഫ്ലൈ ഓവർ നിർമിക്കാനുള്ള നിർദേശത്തിന് അനുമതി ലഭിക്കുന്നതോടെ പ്രതിസന്ധി ഒഴിവാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാർ.
പറക്കുളം മുതൽ മൈലക്കാട് വരെ ഫ്ലൈഓവർ വേണമെന്ന് ആവശ്യപ്പെട്ടു സംയുക്ത സമരസമിതി റിലേ നിരാഹാര സമരം തുടരുകയാണ്.
ചാത്തന്നൂർ
രണ്ടു സ്കൂളുകളിൽ മാത്രം ആറായിരത്തോളം വിദ്യാർഥികളുണ്ട്. ഇതിനു പുറമെ 3 കോളജുകൾ, മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഒട്ടേറെ സർക്കാർ സ്ഥാപനങ്ങളുള്ള, നിർദിഷ്ട
താലൂക്ക് ആസ്ഥാനമായ ചാത്തന്നൂരിൽ എല്ലാ ഇടറോഡുകളും കെട്ടിയടച്ചതു പോലെയാണ് ഉയരപ്പാത നിർമിച്ചത്. മൂന്നൂറിലധികം ഓട്ടോറിക്ഷകൾ ഉള്ള ഇവിടെ അവയ്ക്കു പാർക്ക് ചെയ്യാൻ ഇടമില്ല. സ്റ്റാൻഡ് ഇല്ലാതായതോടെ മിനിലോറികളും എത്തുന്നില്ല.
പരവൂരിൽ നിന്നുള്ള സ്വകാര്യ ബസുകൾ ചാത്തന്നൂരിൽ എത്താതെ തിരുമുക്ക് വഴി കൊട്ടിയത്തേക്കു പോവുകയാണ്. ബസ് ബേയ്ക്കു സ്ഥലമില്ല. സർവീസ് റോഡിലാണു ബസ് നിർത്തുന്നത്.
ഇതു ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. അടിപ്പാത നിർമിച്ചതു തന്നെ യഥാർഥ സ്ഥാനം മാറിയാണ്. ആയിരക്കണക്കിനു വിദ്യാർഥികൾ ചുറ്റിക്കറങ്ങിയാണ് അടിപ്പാത മറികടക്കുന്നത്.
സർവീസ് റോഡിൽ വാഹനം നിർത്തിയാൽ പൊലീസ് ചിത്രം പകർത്തി പിഴ ഈടാക്കുകയാണ്. യാത്രക്കാരെ കയറ്റുന്നതിന് സർവീസ് റോഡിന്റെ പാർശ്വഭാഗത്ത് നിർത്തുന്ന ഓട്ടോറിക്ഷകൾക്കു പോലും പിഴ ചുമത്തുന്നു.
ഹൈസ്കൂൾ ജംക്ഷൻ, ഇത്തിക്കര ബ്ലോക്ക് ഓഫിസ് റോഡ്. പെട്രോൾ പമ്പ് എന്നിവിടങ്ങളിൽ നിന്നു ചാത്തന്നൂർ തോട്ടിലേക്ക് വെള്ളം ഒഴുകിയിരുന്ന 3 കലുങ്കുകൾ അടച്ചതിനാൽ മഴക്കാലത്തു ജംക്ഷൻ വെള്ളക്കെട്ടിലാണ്.
കടകളിലും വെള്ളം കയറും. പ്രതിസന്ധി പരിഹരിക്കാൻ ഫ്ലൈ ഓവർ വേണമെന്നാണ് ആവശ്യം.
ഇതിനായി സമരം തുടങ്ങുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

