ശബരിമല ∙ രാജ്യത്ത് ഏറ്റവും കൂടുതൽ പോസ്റ്റുകാർഡുകൾ വിൽപന നടക്കുന്ന ശബരിമല പോസ്റ്റ് ഓഫിസിൽ പുതുവർഷത്തിൽ കാർഡുകൾ കിട്ടാനില്ല. പതിനെട്ടാംപടിയും അയ്യപ്പന്റെ ചിത്രവും അടങ്ങിയ സീൽ പതിപ്പിച്ച കത്തുകൾ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ പോസ്റ്റ് ഓഫിസിലെത്തിയവർ നിരാശയോടെ മടങ്ങി.
സന്നിധാനത്തുനിന്ന് അയ്യപ്പന്റെ മുദ്രയുള്ള കത്ത് വീട്ടിലെത്തുന്നത് ഐശ്വര്യമായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ മണ്ഡലകാലത്തും മാത്രം 42,000 പോസ്റ്റ് കാർഡുകൾ വിൽപന നടത്തിയ ഓഫിസിൽ കഴിഞ്ഞ 3 ദിവസമായി കാർഡുകൾ കിട്ടാനില്ല. പത്തനംതിട്ട
ഹെഡ്പോസ്റ്റ് ഓഫിസിലും തൃശൂരിലെ ഡിപ്പോയിലും സ്റ്റോക്ക് കുറവാണെന്നതിനാൽ എന്നു വരുമെന്നതിലും നിശ്ചയമില്ല.
രാഷ്ട്രപതി കഴിഞ്ഞാൽ രാജ്യത്ത് തപാൽ പിൻകോഡുള്ളത് ശബരിമല അയ്യപ്പസ്വാമിക്കു മാത്രമാണ്. 689713 എന്നതാണ് ശബരിമലയുടെ പിൻകോഡ്.
മകരവിളക്ക്, മണ്ഡലകാലത്തും വിഷുവിനു നടതുറക്കുന്ന 10 ദിവസവും മാത്രമാണ് ശബരിമലയിൽ പോസ്റ്റ് ഓഫിസ് പ്രവർത്തിക്കുക. ക്ഷേത്രത്തിലേക്കുള്ള കത്തുകളും പാഴ്സലുകളും ഇവിടെനിന്നാണു പോകുന്നത്.
അയ്യപ്പന്റെ പ്രസാദവും എവിടേക്കും അയച്ചു നൽകും.
കണ്ണീരും ചിരിയും പങ്കുവച്ച അയ്യപ്പനുള്ള കത്തുകൾ
വിഷമമോ സന്തോഷമോ വന്നാൽ അത് അയ്യപ്പനെ അറിയിക്കാൻ കത്തെഴുതുന്ന ആയിരങ്ങളുണ്ട്. സ്വാമി അയ്യപ്പൻ, സന്നിധാനം, ശബരിമല, 689713 എന്ന പേരിലാണു കത്തുകൾ അയയ്ക്കുക.
ദിവസം കുറഞ്ഞത് ഇരുന്നൂറോളം കത്തുകൾ ഇത്തരത്തിൽ ഉണ്ടാകും. ഇത്തരം കത്തുകളെല്ലാം ശബരിമല എക്സിക്യൂട്ടീവ് ഓഫിസർക്കു കൈമാറും.
ജോലികിട്ടിയതും ഇഷ്ടപ്പെട്ട
കോഴ്സ് ലഭിക്കാത്തതും മക്കളുടെ കല്യാണം വൈകുന്നതും മാത്രമല്ല പ്രണയസാഫല്യവും പ്രണയ നഷ്ടവും വരെ അയ്യപ്പനെ അറിയിക്കും. വിവാഹ, ഗൃഹപ്രവേശനപത്രികകളും ഒരുപാട് ലഭിക്കുന്നുണ്ട്.
എല്ലാം അയ്യപ്പൻ അറിയുകയും കാണുകയും ചെയ്യുന്നുണ്ട് എന്ന വിശ്വാസമാണ് ഭക്തരിൽ ആനന്ദം നിറയ്ക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

