കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച ഏഴാമതു വിജ്ഞാപനത്തിലും പത്തനംതിട്ട
ജില്ലയിലെ ഏഴു വില്ലേജുകൾ ഉൾപ്പെട്ടതായി റിപ്പോർട്ട്. കോന്നി താലൂക്കിലെ ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട് വില്ലേജുകളും റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകളും ആണു പുതിയ വിജ്ഞാപനത്തിലും ഇടംപിടിച്ചിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ തലമുറകളായി താമസിച്ചുപോരുന്നവരും കൃഷിയെ ആശ്രയിച്ചു കഴിയുന്നവരുമായ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ പ്രഖ്യാപനത്തോടെ കടുത്ത ആശങ്കയിലായിരിക്കുന്നത്. ജനവാസ മേഖലകളെയും കാർഷിക ഭൂമികളെയും ബഫർസോൺ പരിധിയിൽ നിന്നും പൂർണമായി ഒഴിവാക്കണമെന്ന ശക്തമായ ആവശ്യം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉയരുന്നതിനിടയിലാണ് പുതിയ വിജ്ഞാപനം പുറത്തുവന്നിരിക്കുന്നത്.
വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റും ഒരു കിലോമീറ്റർ ദൂരമെങ്കിലും പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന വ്യവസ്ഥ കൊല്ലമുള, പെരുനാട് വില്ലേജുകളിലെ ജനങ്ങളെയാണ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഈ രണ്ടു വില്ലേജുകളും പെരിയാർ വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്നവയാണ് എന്നതാണ് ഇതിന് കാരണം.
ശബരിമല പൂങ്കാവനത്തോടു ചേർന്നു കിടക്കുന്ന വനമേഖലയാണ് പെരിയാർ കടുവ സങ്കേതത്തിൽ ഉൾപ്പെടുന്നത്. കൊല്ലമുള വില്ലേജിലെ അരയാഞ്ഞിലിമണ്ണ്, കുരുമ്പൻമൂഴി, മണക്കയം, പമ്പാവാലി എന്നീ പ്രദേശങ്ങൾ ശബരിമല പൂങ്കാവനത്തോടു ചേർന്നു കിടക്കുന്നവയാണ്.
പെരുനാട് പഞ്ചായത്തിലെ അട്ടത്തോട് മേഖലയെയാണ് ഇതു സാരമായി ബാധിക്കുക. പെരിയാർ കടുവ സങ്കേതത്തോടു ചേർന്നു കിടക്കുന്ന ഈ പ്രദേശങ്ങളിൽ ശബരിമലയും പമ്പയും ഉൾപ്പെടുന്നുണ്ട്.
ഇവിടങ്ങൾ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നത് ശബരിമലയുടെയും പമ്പയുടെയും ഭാവി വികസന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വന്യമൃഗശല്യം രൂക്ഷമായതും വനമേഖലയോട് ചേർന്നുനിൽക്കുന്നതുമായ വില്ലേജുകളാണ് ജില്ലയിൽ പരിസ്ഥിതിലോല പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വർഷങ്ങളായി തുടരുന്ന ജനവാസ കേന്ദ്രങ്ങളുടെ പ്രതിഷേധങ്ങൾക്കിടയിലാണ് വീണ്ടും ഈ നടപടി. ബഫർസോൺ പരിധിയിൽനിന്ന് ജനങ്ങളുടെ കൈവശഭൂമിയെ ഒഴിവാക്കിയില്ലെങ്കിൽ കൃഷി ആവശ്യങ്ങൾക്ക് രാസവളമോ കീടനാശിനിയോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകും.
മണ്ണിളക്കി കപ്പ, കാച്ചിൽ, ചേന, ചേമ്പ് തുടങ്ങിയ വിളകൾ കൃഷി ചെയ്യാൻ സാധിക്കാതെ വരും. മുപ്പത് ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളിൽ കൃഷിയിറക്കാനോ മരം മുറിക്കാനോ അനുമതി ലഭിക്കില്ല.
ഇത് അടിസ്ഥാന സൗകര്യ വികസനത്തെയും വലിയ രീതിയിൽ ബാധിക്കുമെന്നാണ് നാട്ടുകാരുടെ പ്രധാന ആശങ്ക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

