നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മധ്യേഷ്യയിലേക്ക് പുറപ്പെടും. ഉസ്ബെക്കിസ്ഥാൻ, കിർഗിസ് റിപ്പബ്ലിക് എന്നീ രാജ്യങ്ങളാണ് അദ്ദേഹം സന്ദർശിക്കുന്നത്.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാകും പ്രധാനമന്ത്രിയുടെ യാത്ര ആരംഭിക്കുക. സന്ദർശനത്തിന്റെ ആദ്യ ഘട്ടമായി ഉസ്ബെക്കിസ്ഥാനിലെത്തുന്ന പ്രധാനമന്ത്രി, അവിടുത്തെ പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായാണ് ഉഭയകക്ഷി ചർച്ചകൾ നടത്തുക.
വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ വിവിധ മേഖലകളിലെ സഹകരണം ഇരു നേതാക്കളും തമ്മിലുള്ള ചർച്ചയിൽ വിഷയമാകും. പ്രധാനമന്ത്രിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്.
തുടർന്ന് ഈ മാസം 31, 1 തീയതികളിൽ നടക്കുന്ന 26ാമത് ഷാങ്ഹായ് സഹകരണ സംഘടന (SCO) ഉച്ചകോടിയിൽ പങ്കെടുക്കാനായി അദ്ദേഹം കിർഗിസ്ഥാനിലേക്ക് പോകും. പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഇന്ത്യയുടെ നയങ്ങൾ ഉച്ചകോടിയിൽ വ്യക്തമാക്കും.
എസ്.സി.ഒ നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായുള്ള കൂടിക്കാഴ്ചയും ഈ സന്ദർശന വേളയിൽ ഉണ്ടായേക്കുമെന്നാണ് സൂചന.
ഇന്ത്യ-റഷ്യ തന്ത്രപ്രധാന ബന്ധം, പ്രതിരോധം, ഊർജ്ജ സഹകരണം എന്നിവയാകും ഈ കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
ഇതിനുപുറമെ, പശ്ചിമേഷ്യൻ സംഘർഷങ്ങളും ഉച്ചകോടിയിൽ വിലയിരുത്തപ്പെടും. കിർഗിസ്ഥാനിൽ വെച്ച് നടക്കുന്ന 6-ാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി സന്നിഹിതനാകും.
മധ്യേഷ്യൻ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ ഉഭയകക്ഷി ബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

