ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച രാത്രി ആരംഭിച്ച കനത്ത മഴയിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒരു വീട് പൂർണമായും പത്ത് വീടുകൾ ഭാഗികമായും തകർന്നു.
പുതുപ്പള്ളിത്തെരുവിലാണ് വീട് പൂർണമായും നിലംപൊത്തിയത്. അപകടത്തെത്തുടർന്ന് വിവിധ പ്രദേശങ്ങളിലെ 13 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
ദുരിതാശ്വാസ ക്യാംപുകൾ സജ്ജീകരിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്താൻ ജില്ലാ കലക്ടർ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മലയോര മേഖലകളിലും പുഴയോരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കഴിഞ്ഞ 31ന് വൈകിട്ട് 5 മുതൽ ഇന്നലെ വൈകിട്ട് 5 വരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ ആകെ 58.7 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് നെല്ലിയാമ്പതിയിലാണ്, 120.1 മില്ലിമീറ്റർ.
മഴയിൽ വലിയ കുറവ്
ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കാര്യമായ മഴ ലഭിച്ചിട്ടില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 35% മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
സാധാരണയായി ഈ മാസങ്ങളിൽ 600 മുതൽ 700 മില്ലിമീറ്റർ വരെ മഴ ലഭിക്കാറുള്ള സ്ഥാനത്ത് ഇത്തവണ ലഭിച്ചത് വെറും 179.45 മില്ലിമീറ്റർ മാത്രമാണ്. ജൂൺ 8 മുതൽ 16 വരെയുള്ള തീയതികളിൽ മാത്രമാണ് ജില്ലയിൽ ഭേദപ്പെട്ട
മഴ ലഭിച്ചത്. മംഗലംഡാം ഒഴികെയുള്ള ജില്ലയിലെ മറ്റ് ഡാമുകളിലെല്ലാം ജലനിരപ്പ് ആശങ്കാജനകമാംവിധം കുറവാണെന്ന് ജലസേചന വകുപ്പ് അധികൃതർ വ്യക്തമാക്കി.
മലനിരകളിൽ പെയ്ത മഴയുടെ കരുത്തിലാണ് മംഗലംഡാം ഈ വർഷം നിറഞ്ഞത്. മറ്റ് പല ഡാമുകളിലും 10% മുതൽ 20% വരെ വെള്ളം കുറവാണ്.
പ്രധാന പുഴകളിലും തോടുകളിലും ജലനിരപ്പ് താഴ്ന്നു. പ്രമുഖ ജലസേചന പദ്ധതിയയ മലമ്പുഴ ഡാമിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20% വെള്ളത്തിന്റെ കുറവുണ്ട്.
നെല്ലിയാമ്പതി ചുരത്തിൽ ഗതാഗത തടസ്സം
മഴ ശക്തമായതിനെ തുടർന്ന് നെല്ലിയാമ്പതി ചുരം പാതയിൽ കുണ്ട്റുചോലയ്ക്കു സമീപം മരം വീണ് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. ഇരുവശങ്ങളിലും കുടുങ്ങിയ വാഹനങ്ങൾ പിന്നീട് കൈകാട്ടിയിൽ ക്യാംപ് ചെയ്തിരുന്ന അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചുമാറ്റിയാണ് യാത്രായോഗ്യമാക്കിയത്.
മലനിരകളിലെ ചോലകളെല്ലാം ഇപ്പോൾ കരകവിഞ്ഞൊഴുകുകയാണ്. ചുരത്തിൽ മണ്ണിടിച്ചിലിനും പാറക്കഷണങ്ങൾ അടർന്നുവീഴാനും സാധ്യതയുള്ളതിനാൽ ജില്ലാ കലക്ടർ കർശന യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകിയെത്തിയ ഉത്തരവ് സഞ്ചാരികളെ വലച്ചു. പോത്തുണ്ടി ചെക്ക്പോസ്റ്റിലെത്തിയ നിരവധി യാത്രാ സംഘങ്ങൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് മടങ്ങിപ്പോകേണ്ടി വന്നു.
മഴയുടെ തീവ്രത കുറയാത്തതിനാൽ ഇന്നും യാത്രാനിരോധനം തുടരുമെന്ന് അധികൃതർ അറിയിച്ചു. മലയോര മേഖലകളിൽ യാത്രാവിലക്ക്
ജില്ലയിൽ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലയോര മേഖലകളിലേക്ക് വിനോദസഞ്ചാരികളുടെയും ഭാരവാഹനങ്ങളുടെയും പ്രവേശനം പൂർണ്ണമായി വിലക്കി.
വെള്ളച്ചാട്ടങ്ങളിലേക്കുള്ള സന്ദർശനവും നിരോധിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി നെല്ലിയാമ്പതി, പറമ്പിക്കുളം, അട്ടപ്പാടി തുടങ്ങിയ പ്രധാന മലയോര മേഖലകളിലാണ് കലക്ടർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ഈ പ്രദേശങ്ങളിൽ ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ പോലും അടിയന്തര ആവശ്യങ്ങൾക്കല്ലാതെ യാത്രകൾ നടത്തരുതെന്ന് കർശന നിർദ്ദേശമുണ്ട്. മലമ്പുഴയിലെ കവ ഉൾപ്പെടെയുള്ള മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പ്രവേശനം ഉണ്ടായിരിക്കില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

