സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ചെങ്ങന്നൂർ, മാവേലിക്കര, മാന്നാർ, ചാരുംമൂട് മേഖലകളിൽ ദുരിതം രൂക്ഷം. പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ നദികളിലെ ജലനിരപ്പ് അപകടകരമായ രീതിയിൽ ഉയർന്നിട്ടുണ്ട്.
വെള്ളക്കെട്ട് രൂക്ഷമായതോടെ പ്രദേശത്ത് നിരവധി ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തനമാരംഭിച്ചു. തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ തുറന്ന ക്യാംപിൽ 2–ാം വാർഡ് നന്നാട് പുത്തൻതോട് ഭാഗത്തെ ഒരു കുടുംബത്തിലെ 2 പേരെയും മുളക്കുഴ വില്ലേജിൽ പുത്തൻകാവ് എംഡി എൽപിഎസിലെ ക്യാംപിൽ തുലാക്കുഴി ഭാഗത്തെ 8 കുടുംബങ്ങളെയും മാറ്റി പാർപ്പിച്ചു.
ചെങ്ങന്നൂർ നഗരസഭയിൽ 5, 6, 7 വാർഡുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോലാമുക്കം, കുറ്റിച്ചിറക്കടവ്, മംഗലം, ഊടാകുളത്തിൽ, കോടിയാട്ടുകര, ഇടനാട് മാലേത്ത് റോഡ് ഭാഗം, കൈപ്പാലക്കടവ്–കള്ളാലിൽപ്പാറ റോഡ് ഭാഗം എന്നിവിടങ്ങളിൽ വെള്ളം കയറി.
കുറ്റിച്ചിറക്കടവ് ഭാഗത്തെ 6 കുടുംബങ്ങൾ ബന്ധുവീടുകളിലേക്കു മാറി. ഇരമല്ലിക്കര ശ്രീ അയ്യപ്പാ കോളജിൽ ക്യാംപ് തുറന്നു.
10 കുടുംബങ്ങളിലെ 36 പേരെ മാറ്റി പാർപ്പിച്ചു. തിരുവൻവണ്ടൂർ ഗവ.എച്ച്എസ്എസിൽ 5 കുടുംബങ്ങളിലെ 10 പേരും മുളക്കുഴ പുത്തൻകാവ് എംഡി എൽപിഎസിൽ 7 കുടുംബങ്ങളിലെ 21 പേരും കഴിയുന്നു.
മാവേലിക്കര–കോഴഞ്ചേരി റോഡിൽ പുത്തൻകാവ് ജംക്ഷനിൽ വെള്ളം കയറിയതോടെ ഗതാഗതം നിരോധിച്ചു. വെള്ളി രാത്രി വീശിയ ശക്തമായ കാറ്റിൽ വെൺമണി പഞ്ചായത്ത് നാലാം വാർഡിൽ ചിങ്ങംകൂട്ടത്തിൽ കുഞ്ഞുകുട്ടിയുടെ വീടിനു മുകളിലേക്കു മരം വീണു മേൽക്കൂര തകർന്നു.
വീട്ടുകാർ നിസാരപരുക്കുകളോടെ രക്ഷപ്പെട്ടു. വീട്ടുപകരണങ്ങൾക്കു കേടുപാടുണ്ട്.
സജി ചെറിയാൻ എംഎൽഎ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു ക്രമീകരണങ്ങൾ നടത്തി. മന്ത്രിമാരായ എ.പി.അനിൽകുമാർ, എം.ലിജു എന്നിവരെ ബന്ധപ്പെട്ടു മുൻകരുതൽ നടപടികൾ ഉറപ്പാക്കിയതായി കെപിസിസി ജനറൽ സെക്രട്ടറി എബി കുര്യാക്കോസ് പറഞ്ഞു.
കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തമായതിനെ തുടർന്ന് അച്ചൻകോവിലാറിന്റെ തീരപ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തട്ടാരമ്പലം, മാവേലിക്കര, കൊല്ലകടവ് വൈദ്യുതി സെക്ഷൻ പരിധിയിൽ മരക്കൊമ്പുകൾ വീണു വ്യാപകമായി വൈദ്യുത തൂണുകൾ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു.
മാവേലിക്കര കൊറ്റാർകാവ് കൊച്ചുതെക്കടത്ത് ശാലേം സാമുവൽ ടൈറ്റസിന്റെ വീടിനു മുകളിലേക്കു മരം വീണു. തഴക്കര വെട്ടിയാർ ശ്രീഭവനത്തിൽ ശ്രീകുമാറിന്റെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്കു മരം വീണു നേരിട്ടു.
അപ്പർകുട്ടനാട്ടിലും മഴക്കെടുതി അതിരൂക്ഷമാണ്. പമ്പാനദിയിലെ ജലനിരപ്പു മൂന്നരയടിയും അച്ചൻകോവിലാറിൽ മൂന്നടിയോളവും ഉയർന്നു.
മാന്നാർ പഞ്ചായത്ത് 15 ാം വാർഡിലെ കുട്ടംപേരൂർ കുന്നക്കാട്ട് കിഴക്കേതിൽ കെ.പി. വിശ്വനാഥന്റെ വീടിനു മുകളിലേക്ക് ഇന്നലെ പുലർച്ചെ തേക്കു മരം വീണു കിടപ്പുമുറിയുടെ ഭാഗത്തെ മേൽകൂര തകർന്നു.
ചാരുംമൂട് മേഖലയിലും നൂറനാട് സെക്ഷൻ ഓഫിസ് പരിധിയിലും ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞുവീണ് വൈദ്യുതി വിതരണം പൂർണമായി തടസ്സപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

