തൃശൂർ ∙ വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി അതിഥിത്തൊഴിലാളി രാംനാരായൺ ഭാഗേൽ കൊല്ലപ്പെട്ട
കേസിൽ 2 പേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. പാമ്പാംപള്ളം കിഴക്കേ അട്ടപ്പള്ളം തമ്പാട്ടി വീട്ടിൽ വി.ജഗദീഷ് കുമാർ (49), സി.വിനോദ് കുമാർ (54) എന്നിവരാണ് അറസ്റ്റിലായത്.
പ്രതികളെ റിമാൻഡ് ചെയ്തു. ഇതോടെ, കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
3 പേർ കൂടി കസ്റ്റഡിയിലുണ്ടെന്നു വിവരമുണ്ട്.
രാംനാരായൺ ഭാഗേലിന്റെ മൃതദേഹവുമായി ഭാര്യയും മക്കളുമടക്കം ബന്ധുക്കൾ വിമാനമാർഗം നാട്ടിലേക്കു മടങ്ങി. മൃതദേഹത്തിനരികിൽ ആംബുലൻസിലിരുന്നു നിറകണ്ണുകളോടെ സഹോദരൻ ശശികാന്ത് കൈകൂപ്പി: ‘കൂടെനിന്ന എല്ലാവർക്കും നന്ദി.
ചെയ്തുതന്ന സഹായങ്ങൾക്കെല്ലാം നന്ദി…’ രാംനാരായണിന്റെ ഭാര്യ ലളിതയ്ക്കും മക്കളായ അനൂജിനും (8) ആകാശിനും (10) മറ്റു ബന്ധുക്കൾക്കും സർക്കാർ ചെലവിലാണു യാത്ര ഒരുക്കിയത്.
കൊച്ചിയിൽ നിന്നു ഹൈദരാബാദിലെത്തിയ ഇവർ വൈകിട്ടു മറ്റൊരു വിമാനത്തിൽ റായ്പുരിലെത്തി. മൃതദേഹം നാടായ കർഹിയിലെത്തിക്കാൻ റായ്പുരിൽ ആംബുലൻസ് ഒരുക്കിനിർത്തിയിരുന്നു. സഹോദരൻ മരിച്ചതറിഞ്ഞ് ആദ്യമെത്തിയ ശശികാന്താണു മൃതദേഹം തിരിച്ചറിഞ്ഞത്.
അതിനു ശേഷമാണു ഭാര്യയും മക്കളും ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ കർഹിയിൽ നിന്നു 3 ട്രെയിനുകൾ മാറിക്കയറി ഞായറാഴ്ച ഉച്ചയ്ക്കു തൃശൂരിലെത്തിയത്.
ഇതുവരെ അറസ്റ്റിലായ മുഴുവൻ പ്രതികൾക്കുമെതിരെ ആൾക്കൂട്ടക്കൊലപാതകം, പട്ടിക വിഭാഗക്കാർക്കെതിരായ അതിക്രമം, ജാതീയമായും വംശീയമായും അധിക്ഷേപിക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്തു. കുടുംബത്തിന്റെ ആവശ്യം കൂടി പരിഗണിച്ചാണിത്.
ഇക്കഴിഞ്ഞ 17നു വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായത്.
അന്നു രാത്രി മരിച്ചു. കഞ്ചിക്കോട് വ്യവസായ മേഖലയിൽ കമ്പനിയിൽ ജോലിക്കെത്തിയ ഇയാളെ വീടുകൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടപ്പോൾ മോഷണക്കുറ്റം ആരോപിച്ച് തടഞ്ഞുവച്ചു വടികൊണ്ടും മറ്റും ക്രൂരമായി മർദിച്ചെന്നാണു കേസ്.
ശരീരത്തിൽ നാൽപതിലേറെ ഗുരുതര മുറിവുകളുണ്ടായിരുന്നു.
പലയിടത്തും ആന്തരിക രക്തസ്രാവമുണ്ടായെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ആദ്യം അറസ്റ്റിലായ 5 പ്രതികളെയും കസ്റ്റഡിയിൽ വാങ്ങാൻ ഇന്നു രാവിലെ പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് (ഒന്ന്) കോടതിയിൽ അപേക്ഷ നൽകും.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം.ഗോപകുമാർ, വാളയാർ ഇൻസ്പെക്ടർ എൻ.എസ്.രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

