തൊടുപുഴ ∙ ഒരു വിരൽ സ്പർശത്തിൽ മാഞ്ഞുപോകുന്ന ക്ഷണികങ്ങളായ സ്റ്റിക്കർ മെസേജുകളും റെഡിമെയ്ഡ് ടെക്സ്റ്റുകളും ആശംസ നിർവഹിക്കുന്ന ജോലി ഏറ്റെടുക്കുന്നതിനു മുൻപ്, പ്രിയപ്പെട്ടവർക്കു വേണ്ടി അൽപം സമയം ചെലവഴിച്ച് സ്വന്തം കൈപ്പടയിൽ എഴുതിയ സന്ദേശം നേരിട്ടെത്തിച്ചിരുന്നത് ക്രിസ്മസ് ഐക്കണുകളിൽ ഏറ്റവും പ്രമാണിയായിരുന്ന ക്രിസ്മസ് കാർഡുകളായിരുന്നു. അന്ന് ക്രിസ്മസ് എന്നത് ആശംസാ കാർഡുകൾക്കു വേണ്ടിയുള്ള കാത്തിരിപ്പു കൂടിയായിരുന്നു.
സമൂഹമാധ്യമങ്ങളുടെ വരവോടെ കാർഡുകൾക്കു വിപണിയിൽ തിളക്കം മങ്ങി.
പഴയ പ്രതാപം നഷ്ടപ്പെട്ടെങ്കിലും പ്രിയപ്പെട്ടവർക്കായി എപ്പോഴും ഓർമിക്കുന്ന സന്ദേശങ്ങളയയ്ക്കാൻ ആഗ്രഹിക്കുന്നവർ കാർഡുകളെ കൈവിട്ടില്ല. സ്കൂളുകളുടെയും കോളജുകളുടെയും സമീപത്തുള്ള കടകളിൽ കാർഡുകൾ തിരക്കി ജെൻ സീ മാത്രമല്ല, പ്രായമായവർ ഉൾപ്പെടെ ഇപ്പോഴും എത്തുന്നുണ്ട്.
ഒരു ഇടവേളയ്ക്കു ശേഷം ഇത്തവണ കാർഡുകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് വ്യാപാരികൾ പറയുന്നു.
പഴയ കാലത്തുണ്ടായിരുന്ന 20 രൂപയുടെ ലളിതമായ കാർഡുകൾ തുടങ്ങി, തുറക്കുമ്പോൾ മ്യൂസിക് വരുന്ന 120 രൂപയുടെ എൽഇഡി കാർഡുകൾ വരെ ഇപ്പോഴും വിപണിയിലുണ്ട്. എന്നാൽ കട്ടിങ്സുള്ള കാർഡുകൾ വിരളമാണ്.
മ്യൂസിക് കാർഡുകൾക്കാണ് ആവശ്യക്കാർ ഏറെ. ‘കൂടാതെ 30, 50, 60 രൂപ വിലയുള്ള കാർഡുകളും ഒട്ടും പിറകിലല്ല.
പുൽക്കൂട്, ആട്ടിടയന്മാർ, ജോസഫും മറിയവും എന്നിങ്ങനെ ക്രിസ്മസുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് സാധാരണ കാർഡുകളിലേറെയും.
ഇവയ്ക്കു പുറമേ സാന്താക്ലോസ്, മെഴുകുതിരി, നക്ഷത്രങ്ങൾ, ക്രിസ്മസ് അലങ്കാര വസ്തുക്കൾ എന്നിവയുടെ ചിത്രങ്ങളും കാർഡുകളിൽ കാണാം.
അതേസമയം, ലളിതമായി തയാറാക്കിയ 20 രൂപയുടെ കാർഡുകളോടാണ് പ്രായമായവർക്കു പ്രിയം.പ്രിയപ്പെട്ടവർക്കു സന്ദേശം അയയ്ക്കാൻ ഒട്ടേറെപ്പേരാണ് കാർഡുകൾ അന്വേഷിച്ച് എത്തുന്നത്. ക്രിസ്മസ് കഴിഞ്ഞാലും ന്യൂ ഇയർ വരെ കാർഡുകൾക്ക് ആവശ്യക്കാർ ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

