വടക്കഞ്ചേരി ∙ ദേശീയപാത അഞ്ചുമൂർത്തിമംഗലം ഇരുട്ടിൽ. അപകടങ്ങൾ നിത്യസംഭവമായതോടെ ഇവിടെ വഴിവിളക്കുകൾ സ്ഥാപിക്കാമെന്ന് ദേശീയപാത അതോറിറ്റി നൽകിയ ഉറപ്പ് ഇനിയും നടപ്പിലായില്ല.
കഴിഞ്ഞ മാസം അഞ്ചുമൂർത്തിമംഗലത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനം ഇടിച്ച് 2 യുവാക്കൾ മരിച്ചിരുന്നു.
2022 ഒക്ടോബർ 6 ന് ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് സ്കൂൾ വിദ്യാർഥികൾ അടക്കം 9 പേർ മരിച്ചു. മൂന്ന് വർഷം മുൻപ് മംഗലം ആലിൻചുവട് സ്റ്റോപ്പിൽ സ്വകാര്യ ബസ് നിർത്തി ആളുകളെ കയറ്റുന്നതിനിടെ പിന്നിൽ വന്ന കെഎസ്ആർടിസി ബസ് ഇടിച്ച് ഒരാൾ മരിക്കുകയും 25 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കഴിഞ്ഞ 2 വർഷത്തിനുള്ളിൽ 8 പേരാണ് റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനമിടിച്ച് മരിച്ചത്. ഓരോ അപകടം ഉണ്ടാകുമ്പോഴും വഴിവിളക്കുകൾ സ്ഥാപിക്കുമെന്നും ബസ് കാത്തിരിപ്പ് കേന്ദ്രവും സീബ്രാലൈനും യു–ടേണും, സർവീസ് റോഡും നിർമിക്കുമെന്നും അധികൃതർ പറയുമെങ്കിലും ഒന്നും നടപ്പിലായില്ല.
നാലുവരിപ്പാതയിൽ തൃശൂരിനും പാലക്കാടിനുമുള്ള ബസുകൾ നിർത്തി ആളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് തുടരുന്നു.
തിരക്കേറിയ ദേശീയപാതയിൽ ബസ് നിർത്തുന്നത് അപകടം ഉണ്ടാക്കുമ്പോഴും അധികൃതർക്ക് അനക്കമില്ല. മംഗലം സർവീസ് റോഡ് വഴി ബസുകൾ പോകണമെന്ന പൊലീസ് നിർദേശവും പാലിക്കുന്നില്ല.
മംഗലം കൊല്ലത്തറയിൽ ബസ് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കലക്ടർക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. വടക്കഞ്ചേരി ഗ്രാമ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ് വാർഡുകളിലെ അഞ്ഞൂറോളം കുടുംബങ്ങൾ ആശ്രയിക്കുന്ന ബസ് സ്റ്റോപ്പാണിത്.
അഞ്ചുമൂർത്തി മംഗലം മുതൽ ഇരട്ടക്കുളം വരെ സർവീസ് റോഡ് നിർമിച്ചാൽ അപകടങ്ങൾ കുറയ്ക്കാനാകും. എന്നാൽ ദേശീയപാത അതോറിറ്റി ഇത് ശ്രദ്ധിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

