കോഴിക്കോട് ∙ മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ കഴിഞ്ഞ ദിവസം പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയത് 30 മണിക്കൂർ കൊണ്ടു പുനഃസ്ഥാപിച്ചു. പൈപ്പ് പൊട്ടി വെള്ളം കയറിയ 4 വീടുകളിൽ കിണറുകൾ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ വെള്ളം വറ്റിച്ച് ശുചീകരണം തുടങ്ങി.
കിണറുകളിൽ വെള്ളം കയറി കുടിവെള്ളം മുടങ്ങിയ 4 വീട്ടുകാർക്ക് താൽക്കാലികമായി ജല അതോറിറ്റി കുടിവെള്ളം വാഹനത്തിൽ എത്തിച്ചു നൽകി. വെള്ളം ഒഴുകി തകർന്ന മതിൽ ഉടനെ പുനർനിർമിക്കും.
വീടുകൾ ശൂചീകരിക്കുന്നതിനും പൊട്ടിയ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനുമായി ഏകദേശം 10 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി ജല അതോറിറ്റി അധികൃതർ പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ വൻ ശബ്ദത്തോടെ പൊട്ടിയ പൈപ്പ് തുടർച്ചയായ 30 മണിക്കൂർ കൊണ്ടാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇന്നലെ രാവിലെ 10.45 ന് പൈപ്പ് വഴി ജലവിതരണം തുടങ്ങി.
തുടർന്ന് റോഡിൽ ഉണ്ടായ ഗർത്തം താൽക്കാലികമായി മണ്ണിട്ടു മൂടി. അടുത്ത ദിവസം പിഡബ്ല്യുഡിയുടെ നേതൃത്വത്തിൽ റോഡ് അറ്റകുറ്റപ്പണി നടത്തും.
വെള്ളവും ചെളിയും നിറഞ്ഞ റോഡിനു സമീപത്തെ പുൽപ്രക്കുട്ടം പൊയിൽചാലിൽ അശ്വിന്റെ ചുറ്റുമതിൽ തകർന്നത് അടുത്ത ദിവസം അറ്റകുറ്റപ്പണി നടത്തും. ഇവരുടെ കിണർ വറ്റിച്ച് വൃത്തിയാക്കുന്നുണ്ട്.
സമീപത്തു താമസിക്കുന്ന ബാബുപോൾ, ലസിത, സുധാകരൻ എന്നിവരുടെ വീടിന്റെ മുൻവശവും കിണറും ശുചീകരിക്കുന്നുണ്ട്.
ഫ്ലോറിക്കൻ റോഡിൽ സ്ഥാപിച്ച 50 വർഷത്തിലേറെ പഴക്കം ചെന്ന 700 എംഎം ‘പ്രിമോ’ കോൺക്രീറ്റ് പൈപ്പ് മലാപ്പറമ്പ് മുതൽ വേദവ്യാസ അടിപ്പാത വരെ 850 മീറ്റർ ഒരു മാസത്തിനകം ഒഴിവാക്കും.
മലാപ്പറമ്പ് മുതൽ എരഞ്ഞിപ്പാലം വരെ പുതിയ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി 90 ശതമാനം പൂർത്തിയാകുന്നതോടെ ഈ ഭാഗത്തേക്ക് കുടിവെള്ളം പുതിയ പൈപ്പ് വഴിയാകുമെന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു.
മലാപ്പറമ്പ് ഫ്ലോറിക്കൽ റോഡിൽ പൊട്ടിയ ജലവിതരണ പൈപ്പ് നന്നാക്കുന്ന ജോലി പുരോഗമിക്കുന്നു. ചിത്രം: മനോരമ
കോഴിക്കോട് ∙ ഗവ.ഹോമിയോ മെഡിക്കൽ കോളജ് ഹോസ്റ്റലിൽ ആവശ്യത്തിനു വെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുമായി വിദ്യാർഥിനികൾ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു.
എന്നാൽ വെള്ളം ലഭിക്കാത്തത് കോളജ് അധികൃതരുടെ അനാസ്ഥ അല്ലെന്നു പ്രിൻസിപ്പലിന്റെ ചുമതല വഹിക്കുന്ന ഡോ. കെ.ആർ.മൻസൂർ അലി പറഞ്ഞു.
മലാപ്പറമ്പിൽ പൈപ്പ് പൊട്ടിയതാണ് വെള്ളം മുടങ്ങാൻ കാരണം. ഇതേത്തുടർന്ന് 14000 ലീറ്റർ വെള്ളം കഴിഞ്ഞ ദിവസം കോളജിൽ എത്തിച്ചിട്ടുണ്ടെന്നും ഡോ.മൻസൂർ അലി പറഞ്ഞു. ഇന്നലെയോടെ വാട്ടർ അതോറിറ്റി വെള്ളം എത്തി തുടങ്ങിയിട്ടുണ്ട്.
ജലക്ഷാമം പരിഹരിക്കുന്നതിനായി കുഴൽക്കിണർ നിർമിക്കുന്നതിനായി എസ്റ്റിമേറ്റ് തയാറാക്കി ഭൂഗർഭ ജല അതോറിറ്റിയിൽ പണം അടച്ചെങ്കിലും തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിൽ കുരുങ്ങി നിർമാണം മുടങ്ങുകയായിരുന്നു. ടെൻഡർ നടപടികൾ പൂർത്തീകരിച്ചു കരാറുകാരനെ നിശ്ചയിക്കുകവരെ ചെയ്തിരുന്നു.
ഭൂഗർഭ ജല അതോറിറ്റി അനുമതി നൽകിയാൽ ഏതാനും മണിക്കൂറുകൾ കൊണ്ടു കുഴൽക്കിണർ നിർമാണം പൂർത്തിയാക്കാനാകും. കോളജ് മേധാവികൾ വിദ്യാർഥി പ്രതിനിധികളെ കൂട്ടി ഭൂഗർഭജല അതോറിറ്റി ഓഫിസിൽ പോയി കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ട്.
അവർ തിരുവനന്തപുരത്ത് ഉന്നത അധികാരികളുമായി ബന്ധപ്പെട്ടു തീരുമാനം എടുക്കാമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ഡോ. മൻസൂർ അലി പറഞ്ഞു.
നേരത്തെ കോളജ് വളപ്പിൽ കുഴൽക്കിണർ ഉണ്ടായിരുന്നു.
അതിൽ നിന്നാണ് ആവശ്യമായ വെള്ളം എടുത്തിരുന്നത്. ഒരിക്കൽ വെള്ളം പരിശോധിച്ചപ്പോൾ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു.
തുടർന്നു കിണർ ഉപേക്ഷിക്കുകയായിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

