എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ യുവതിയെ ആൺ സുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ആലുവ എടത്തല എൻഎഡി കവല പുറത്തുപാറ വീട്ടിൽ സുരമ്യ പി.എസ് (24) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ വർഷം നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എടത്തല പഞ്ചായത്ത് ഏഴാം വാർഡ് ട്വന്റി 20 സ്ഥാനാർത്ഥിയായിരുന്നു സുരമ്യ. സംഭവവുമായി ബന്ധപ്പെട്ട് സുരമ്യയുടെ ആൺ സുഹൃത്തും തുരുത്തിപ്പുറം സ്വദേശിയുമായ ഷിബിനെ (34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു.
ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മിൽ കുറച്ചുകാലമായി നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ സുരമ്യ തീരുമാനിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകത്തിന് കാരണമെന്ന് ഷിബിൻ മൊഴി നൽകി.
കൊടുങ്ങല്ലൂരിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ആലുവയിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു സുരമ്യ. ഇതിനിടെ ഷിബിൻ വിളിച്ചതനുസരിച്ച് പറവൂരിൽ ബസ് ഇറങ്ങുകയായിരുന്നു.
തുടർന്ന് ഷിബിൻ ബൈക്കിൽ സുരമ്യയെ വടക്കേക്കര മുറവൻതുരുത്തിലുള്ള തന്റെ വീട്ടിലെത്തിച്ചു. രാവിലെ 10 മണിയോടെ ഷിബിന്റെ വീട്ടിലിരുന്ന് ബന്ധം പിരിയുന്നതിനെക്കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ഇയാൾ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് സുരമ്യയെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻ പറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നേരത്തെയും വഴക്കുകൾ നടന്നിരുന്നുവെന്നാണ് വിവരം.
സബിത-ശശികുമാർ ദമ്പതികളുടെ മകളാണ് കൊല്ലപ്പെട്ട സുരമ്യ.
സൂരജ് ആണ് സഹോദരൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

