ചെർപ്പുളശ്ശേരി ∙ ‘എല്ലാം ഗുരുവായൂരപ്പന്റെ കൃപാകടാക്ഷം. മാതാപിതാക്കളുടെയും ഗുരുകാരണവന്മാരുടെയും സുകൃതം.
അതിയായ സന്തോഷം…’. ഗുരുവായൂർ ക്ഷേത്രത്തിൽ ഏപ്രിൽ ഒന്നു മുതൽ ആറു മാസത്തേക്കുള്ള മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട
കാറൽമണ്ണ തെക്കുംപറമ്പത്ത് മന (ശ്രീനിലയം) ടി.എം.നാരായണൻ നമ്പൂതിരിയുടെ വാക്കുകളാണിത്. യാഗാധികാരമുള്ള കാറൽമണ്ണ തെക്കുംപറമ്പത്ത് മനയിലേക്കു ഗുരുവായൂരപ്പന്റെ മേൽശാന്തിയാവാനുള്ള നിയോഗം നാരായണൻ നമ്പൂതിരിയിലൂടെ എത്തുന്നത് രണ്ടാം തവണയാണ്.
1997 വരെ മനയിൽ ത്രേതാഗ്നി സൂക്ഷിച്ചിരുന്നു.
വല്യച്ഛനായ സുബ്രഹ്മണ്യൻ സോമയാജിപ്പാട് ആയിരുന്നു യാഗങ്ങൾ നടത്തിയിരുന്നത്. 2010ൽ നാരായണൻ നമ്പൂതിരിയുടെ ഇളയ സഹോദരനും ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് മേൽശാന്തിയുമായ ടി.എം.ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയായിരുന്നു.
15 വർഷത്തിനു ശേഷമാണു ജ്യേഷ്ഠൻ നാരായണൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തിയാവുന്നത്. ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി ശബരിമല മുൻ മേൽശാന്തി കൂടിയാണ്.
2011നു ശേഷം ഓരോ ആറു മാസം കൂടുമ്പോഴും ഗുരുവായൂർ മേൽശാന്തിയാവാൻ നാരായണൻ നമ്പൂതിരി അപേക്ഷ നൽകിയിരുന്നു.
ഇരുപതിലേറെത്തവണ അപേക്ഷിച്ചെങ്കിലും ഇപ്പോഴാണു ഭാഗ്യം തേടിയെത്തിയത്. യോഗ്യത നേടിയ 35 പേരിൽ നിന്നു നറുക്കെടുപ്പിലൂടെയാണു തിരഞ്ഞെടുക്കപ്പെട്ടത്.
കാറൽമണ്ണ തിരുമുല്ലപ്പള്ളി ദേവസ്വം ട്രസ്റ്റി കുടുംബാംഗമായ ഇദ്ദേഹം കുറെക്കാലം ഹൈദരാബാദിലെയും മുംബൈയിലെയും ക്ഷേത്രങ്ങളിൽ പൂജ ചെയ്തിരുന്നു.
2011മുതൽ ചെർപ്പുളശ്ശേരി ഇല്ലിക്കോട്ടുകുർശ്ശി ശിവക്ഷേത്രം മേൽശാന്തിയാണ്. ഭാഗവതസപ്താഹയജ്ഞത്തിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
അച്ഛൻ പരേതനായ വാസുദേവൻ നമ്പൂതിരിയും വാഴക്കുന്നം നീലകണ്ഠൻ നമ്പൂതിരിയുമാണു ഗുരുക്കന്മാർ. മാങ്ങോട് എഎൽപി സ്കൂളിലെ അധ്യാപികയായ ശ്രീജയാണു ഭാര്യ.
മകൻ: ശ്രീനാഥ് (ഫാർമസ്യൂട്ടിക്കൽ കമ്പനി, ബെംഗളൂരു). അമ്മ: ആര്യ അന്തർജനം.
മറ്റു സഹോദരങ്ങൾ: വാസുദേവൻ നമ്പൂതിരി (ആനമങ്ങാട് കുന്നുമ്മൽ ഭഗവതിക്ഷേത്രം മേൽശാന്തി), കലാമണ്ഡലം ഹരി നമ്പൂതിരി (കഥകളി സംഗീതം, നൃത്തം അധ്യാപകൻ), ആര്യ അന്തർജനം (രാമപുരം), സതി അന്തർജനം (ചാലക്കുടി). … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

