വലിയ സസ്പെന്സുകളോ ട്വിസ്റ്റുകളോ പ്രതീക്ഷിക്കേണ്ടാത്ത ഒരു നിയമസഭാ മണ്ഡലം എന്നതായിരുന്നു ഒറ്റപ്പാലത്തെ കുറിച്ച് കുറച്ച് കാലം മുമ്പ് വരെയുള്ള ധാരണ. കഴിഞ്ഞ മൂന്ന് നിയമസഭാ മണ്ഡല തെരഞ്ഞെടുപ്പുകളിലും ഇടതിനൊപ്പം നിന്ന, എൽഡിഎഫ് തങ്ങളുടെ ഉറച്ച കോട്ടയായി കണക്കാക്കുന്ന മണ്ഡലമാണ് ഒറ്റപ്പാലം.
എന്നാൽ, ഇത്തവണ അങ്ങനെയല്ല കാര്യങ്ങൾ. കേരളമൊട്ടാകെ ഒറ്റപ്പാലം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഉറ്റു നോക്കുകയാണ്.
പാലക്കാട്ടെ സിപിഎമ്മിന്റെ മുഖമായി നിന്ന, പല പ്രതിസന്ധി ഘട്ടങ്ങളിലും പാർട്ടിക്കൊപ്പം നിന്ന പി കെ ശശി ഇത്തവണ സ്വന്തം മണ്ഡലമായ ഒറ്റപ്പാലത്തെ കോൺഗ്രസ് സ്ഥാനാർത്ഥിയാണ്. കഴിഞ്ഞ ഒരു മാസം മുൻപ് വരെ പിണറായി വിജയൻ പിതൃതുല്യനാണെന്നും സിപിഎം വിടുന്നതിനെക്കുറിച്ച് ആലോചനയില്ലെന്നും പറഞ്ഞയാളാണ് പി കെ ശശി.
എന്നാൽ, കോൺഗ്രസിന്റെ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വരുമ്പോൾ കോൺഗ്രസിന്റെ ഒറ്റപ്പാലത്തെ സ്ഥാനാർത്ഥിയുമാണ് അദ്ദേഹം. രാഷ്ട്രീയ ജീവിതം ഹൈസ്കൂളിൽ പഠിക്കുന്ന കാലം തൊട്ട് എസ്എഫ്ഐ യിലൂടെ സജീവ രാഷ്ട്രീയത്തിൽ പങ്കാളിയാണ് പി കെ ശശി.
എസ്എഫ്ഐ പാലക്കാട് ജില്ലാക്കമ്മിറ്റിയംഗം, സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗം, സിഐടിയു പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് തുടങ്ങിയ നിലകളിലെല്ലാം പി കെ ശശി പ്രവർത്തിച്ചിട്ടുണ്ട്. സിപിഎമ്മിൽ വിഭാഗീയത കത്തി നിന്ന കാലത്ത് പിണായിക്കൊപ്പമെന്ന് ഉറച്ച നിലപാടെടുത്തയാളാണ് പി കെ ശശി.
നേതാക്കളുമായെല്ലാം വലിയ ബന്ധവും പുലർത്തിയിരുന്നു. 2016 ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഷൊർണൂർ മണ്ഡലത്തിൽ നിന്ന് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
എന്നാൽ, ഇതിനിടെ 2018 ൽ ഉണ്ടായ ഒരു സംഭവമാണ് പി കെ ശശിയുടെ രാഷ്ട്രീയ ജീവിതമാകെ മാറിമറിയാൻ ആദ്യ കാരണമായത്. മണ്ണാർക്കാട്ടെ ഒരു ഡിവൈഎഫ്ഐ വനിതാ നേതാവ് പി കെ ശശിക്കെതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ചു.
ഇത് കേരളം മുഴുവൻ ചർച്ച ചെയ്യപ്പെട്ട വലിയ സംഭവമായി മാറി.
താൻ നിരപരാധിയെന്ന് പി കെ ശശി പലയാവർത്തി പറഞ്ഞെങ്കിലും വിവാദമായ വിഷയത്തിൽ പാർട്ടിയും പ്രതിരോധത്തിലായി. തുടർന്ന് പി കെ ശശിയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്യണമെന്ന തീരുമാനം കേന്ദ്ര കമ്മിറ്റിയും ശരി വക്കുകയായിരുന്നു.
എന്നാൽ, ഈ സംഭവത്തിന് ശേഷം പതിയെ അന്തർമുഖനാകുകയായിരുന്നു പി കെ ശശി എന്ന നേതാവ്. പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് അവസാന കാലത്ത് അദ്ദേഹം ടൂറിസം വകുപ്പിന് കീഴിലുള്ള കെടിഡിസി ( കേരള ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്) ചെയർമാനായും സേവനമനുഷ്ഠിച്ചു.
ഇതിനിടയിലും പാർട്ടിയിൽ നിന്നും ഒരകലം അദ്ദേഹം പാലിച്ചിരുന്നു. കഴിഞ്ഞ ഒരു മാസക്കാലത്തിനിടക്കാണ് പി കെ ശശിയുടെ ജീവിതത്തിൽ വലിയ ട്വിസ്റ്റുകൾ പലതും സംഭവിക്കുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 5ന് പാലക്കാട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെ പി കെ ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നുമടക്കം കൺവെൻഷനിൽ പ്രസംഗിച്ചതിന് പിന്നാലായായിരുന്നു നടപടി.
പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനെതിരെ നടത്തിയ രൂക്ഷ വിമർശനവും രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയായി. പിന്നീട് ഇരുവരും തമ്മിൽ തമ്മിൽ നടന്ന വാഗ്വാദങ്ങൾക്കും കേരളം സാക്ഷിയായി.
എന്നാൽ ഇതിനു മുൻപെ തന്റെ കെടിഡിസി ചെയർമാൻ സ്ഥാനം പി കെ ശശി രാജി വച്ച് ഒഴിഞ്ഞിരുന്നു. പുറത്താക്കുന്നതിന് മാസങ്ങൾക്ക് മുൻപ് തന്നെ ഒറ്റപ്പാലത്ത് പി കെ ശശി സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്നുവെന്ന പ്രചരണങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ, അന്നൊന്നും പാർട്ടിയോ പി കെ ശശിയോ ഒന്നും പ്രതികരിച്ചിരുന്നില്ല. പാലക്കാട്ടെ സിപിഎമ്മിൽ വിഭാഗീയതയുണ്ടെന്ന ചർച്ചകളിൽ ചെറുതായെങ്കിലും സത്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് പി കെ ശശി എന്ന മുൻ സിപിഎം നേതാവ്.
ഇപ്പോൾ ചിത്രം വ്യക്തമാണ്…പി കെ ശശി ഇനി കോൺഗ്രസിനൊപ്പം ചേർന്ന്, യുഡിഎഫിന്റെ പിന്തുണയോടെ, ഇടതിനെതിരെ മത്സര രംഗത്തേക്കിറങ്ങുകയാണ്… …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

