ബഹിരാകാശ ദൗത്യത്തിൽ പങ്കാളിയാകുന്ന ആദ്യ മലയാളിയെന്ന നേട്ടത്തിലേക്ക് യുഎസ് സ്പേസ് ഫോഴ്സ് കേണൽ ഡോ. അനിൽ മേനോൻ ഇന്ന് ചുവടുവെക്കുന്നു.
ഇന്ത്യൻ സമയം രാത്രി 8.17-ന് കസഖ്സ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് നിർണായകമായ ഈ യാത്ര ആരംഭിക്കുന്നത്. റോസ്കോസ്മോസ് സോയൂസ് എംഎസ്-29 ദൗത്യത്തിന്റെ ഭാഗമായി സോയൂസ് 2.1 എ റോക്കറ്റിലാണ് അദ്ദേഹം യാത്ര തിരിക്കുന്നത്.
റഷ്യൻ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരും സംഘത്തിലുണ്ട്. യാത്രയുടെ സമയക്രമം
വിക്ഷേപണത്തിന് ശേഷം, അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പ്രോഗ്രസ് പേടകം രാത്രി 11.30-ന് ശേഷം രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ സെനിത്ത് കവാടവുമായി ഘടിപ്പിക്കും (ഡോക്കിങ്).
തുടർന്ന് നാളെ പുലർച്ചെ ഒരുമണിയോടെ കവാടങ്ങൾ തുറന്ന് (ഹാച്ചിങ്), ഒന്നരയോടെ അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലേക്ക് പ്രവേശിക്കും. അവിടെ നിലയത്തിലെ ‘എക്സ്പെഡിഷൻ 74’ ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹം പ്രവർത്തിക്കുക.
ഏകദേശം എട്ടു മാസത്തോളം അദ്ദേഹം ബഹിരാകാശത്ത് ചെലവഴിക്കും. വ്യക്തിജീവിതവും ഔദ്യോഗിക പശ്ചാത്തലവും
അമേരിക്കയിൽ ജനിച്ചുവളർന്ന അനിൽ മേനോന്റെ പിതാവ് ശങ്കരൻ മേനോൻ പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ്.
ഫിസിഷ്യനും എൻജിനീയറുമായ അനിൽ മേനോൻ ഹാർവാഡിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫഡ് സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും മെഡിക്കൽ ഡയറക്ടറായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം യുഎസ് വ്യോമസേനയിൽ കേണൽ പദവി വഹിച്ചിട്ടുണ്ട്.
2014-ൽ നാസയിൽ ഫ്ലൈറ്റ് സർജനായി എത്തിയ അനിൽ മേനോൻ, എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടർ എന്ന നിലയിൽ ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്. സ്പേസ് എക്സ് ജീവനക്കാരിയായ അന്നാ മേനോനാണ് അദ്ദേഹത്തിന്റെ ഭാര്യ.
ചാന്ദ്ര, ചൊവ്വ ദൗത്യങ്ങളുമായി ബന്ധപ്പെട്ട നിർണായക ഗവേഷണങ്ങളിലും അനിൽ മേനോൻ പങ്കാളിയാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

