പാലക്കാട്∙ ഒട്ടും പരിചിതമല്ലാത്ത സ്ഥലം നിർദേശിച്ചിട്ട്, അവിടെയുള്ള ആയിരത്തിലധികം വരുന്ന വീടുകളിൽ 10 ദിവസത്തിനകം ഒരു ഫോം വിതരണം ചെയ്യാൻ പറഞ്ഞാൽ എന്തു ചെയ്യും..? ഫോം വിതരണം ചെയ്താൽ മാത്രം പോരാ, അതെന്താണെന്നും എങ്ങനെ പൂരിപ്പിക്കണമെന്നും നിർദേശിക്കണം! ഇതാണ് സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി നിയോഗിക്കപ്പെട്ട
ജില്ലയിലെ നീനൂറിലധികം വരുന്ന ബിഎൽഒമാർക്ക് (ബൂത്ത് ലെവൽ ഓഫിസർ) നൽകിയ നിർദേശം.
ഇതിൽ 50 ശതമാനത്തിലധികം ബിഎൽഒമാരും പുതിയതായി ചുമതലയേറ്റവരാണ്. വിവിധ വകുപ്പുകളിൽ നിന്ന് ഡപ്യൂട്ടേഷനിൽ നിയോഗിക്കപ്പെട്ട
പുതിയ ബിഎൽഒമാരാണ് എസ്ഐആർ പ്രക്രിയയിൽ ഏറ്റവും വലയുന്നത്. 10 ദിവസത്തിനകം എന്യൂമറേഷൻ ഫോം വിതരണം ചെയ്യണമെന്നതാണ് ബിഎൽഒമാരുടെ സമ്മർദം ഏറ്റിയത്.
ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഈ പ്രക്രിയ പൂർത്തീകരിക്കൽ സാധ്യമല്ലെന്നാണ് 15 വർഷത്തിലധികമായി ബിഎൽഒമാരായവർ ഉൾപ്പെടെ പറയുന്നത്.
ജില്ലയിലെ മിക്ക ബൂത്തുകളിലും ആയിരത്തിലധികം വോട്ടർമാരുണ്ട്. ഇവരെയെല്ലാം കണ്ടെത്തി, എസ്ഐആർ പ്രക്രിയയും ഫോം പൂരിപ്പിക്കേണ്ട
രീതിയും വിശദീകരിച്ചു നൽകണം. 2002ലെ വിവരങ്ങൾ ചേർക്കാനുള്ളതാണ് പലപ്പോഴും വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നത്.
കൂടാതെ വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയവർക്കും ഫോമിൽ ഒട്ടേറെ സംശയങ്ങളാണ്.
ഇതെല്ലാം ദുരീകരിച്ചു വേണം ബിഎൽഒയ്ക്ക് ഓരോ വീടുകളും കയറിയിറങ്ങാൻ. ഈ മാസം നാലിനായിരുന്നു എന്യൂമറേഷൻ ഫോമുകൾ ബിഎൽഒമാർക്ക് വിതരണം ചെയ്തത്. 15നുള്ളിൽ വിതരണം പൂർത്തീകരിക്കണമെന്ന നിർദേശം വന്നതാണ് വലിയ പ്രതിഷേധത്തിനിടയാക്കിയത്.
അടുത്ത മാസം ആദ്യ ആഴ്ചയോടുകൂടി എസ്ഐആറിന്റെ കരട് പട്ടിക പ്രസിദ്ധീകരിക്കും.
ഫോം വിതരണത്തിനൊപ്പം ബിഎൽഒ മൊബൈൽ ആപ്പിൽ അത് മാർക്ക് ചെയ്യണം. സമ്മർദം ഏറിയതോടെ ആപ്പിൽ എല്ലാ ഫോമും വിതരണം ചെയ്തെന്ന് രേഖപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ 100 ശതമാനം വിതരണം ‘പൂർത്തിയാക്കിയത്’. ഇനിയും വിതരണം ചെയ്യാനുള്ള ഇരുനൂറിലധികം ഫോമുകൾ കയ്യിലുള്ള ബിഎൽഒമാർ ജില്ലയിലുണ്ട്.
രാവിലെ ഇറങ്ങിയാലും ഓട്ടം തീരില്ല
വനിതകളായ ബിഎൽഒമാരിൽ മിക്കവരും കുട്ടികളെയെല്ലാം സ്കൂളിലേക്കയച്ച് രാവിലെ 8 ആകുമ്പോഴേക്കും എന്യൂമറേഷൻ ഫോമുമായി ഇറങ്ങും.
പരിചിതമല്ലാത്ത സ്ഥലമായതിനാൽ ആദ്യം ആളുകളെ പരിചയത്തിലെടുക്കണം. ചിലർ കച്ചവടക്കാരാണോയെന്ന ധാരണയിൽ വാതിൽ തുറക്കില്ല.
മറ്റു ചിലർ വോട്ട് വേണ്ടെന്ന നിലപാടിൽ സഹകരിക്കില്ല. ഇത്തരത്തിൽ ഒട്ടേറെ പ്രയാസങ്ങളാണ് ബിഎൽഒമാർ അഭിമുഖീകരിക്കുന്നത്.
സ്ഥലം പരിചിതമല്ലാത്ത ഒരാൾക്ക് ഒരു ദിവസം പരമാവധി 50 മുതൽ 100 വരെ ഫോമുകളാണ് വിതരണം ചെയ്യാൻ കഴിയുന്നത്.
വനിതാ ബിഎൽഒമാർ പലപ്പോഴും ഭർത്താവിനെയും, മക്കളെയും സഹായത്തിനു കൂട്ടുന്നുണ്ട്. തിരഞ്ഞെടുപ്പു സമയമായതിനാൽ രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളെല്ലാം തിരക്കിലാണ്.
ഫോം വിതരണം പൂർത്തീകരിച്ച ബിഎൽഒമാർ മറ്റു ബിഎൽഒമാരെ സഹായിക്കാനിറങ്ങുന്നുമുണ്ട്. 10 വർഷത്തിലധികമായി ബിഎൽഒ ആയ ഉദ്യോഗസ്ഥനു പോലും 10 ദിവസത്തിനുള്ളിൽ ഫോം വിതരണം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല.
ബിഎൽഒമാർക്ക് സാവകാശം നൽകണം: എൻജിഒ യൂണിയൻ
പാലക്കാട്∙ എസ്ഐആർ പ്രക്രിയയിലെ അപാകതകൾ പരിഹരിക്കണമെന്നും ബിഎൽഒമാർക്ക് കൂടുതൽ സാവകാശം നൽകി എസ്ഐആർ പൂർത്തീകരിക്കാൻ അവസരമൊരുക്കണമെന്നും എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ.അജിത്ത്കുമാർ പറഞ്ഞു.
കണ്ണൂരിൽ ബിഎൽഒ ആത്മഹത്യ ചെയ്തതിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ്, അധ്യാപക സർവീസ് സംഘടന സമരസമിതി എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് കലക്ടറേറ്റിലേക്ക് ബിഎൽഒമാർ നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
10 ദിവസം ടാർഗറ്റ് നിശ്ചയിച്ച് ആയിരത്തോളം വരുന്ന ഫോമുകൾ വിതരണം ചെയ്യണമെന്ന് പറയുന്നത് സാധ്യമായ കാര്യമല്ല. ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും ഉദ്യോഗസ്ഥരെ ഭയപ്പെടുത്താമെന്ന് വിചാരിക്കരുത്.
എസ്ഐആർ തിടുക്കപ്പെട്ട് എന്തിനാണ് നടത്തുന്നത്. സെൻസസ് ഉൾപ്പെടെ നടത്താത്ത കേന്ദ്രസർക്കാരിന് എസ്ഐആറിൽ പ്രത്യേക താൽപര്യമുണ്ട്.
ബിഎൽഒമാരെ ബിജെപി ഓഫിസേഴ്സായി മാറ്റാനാണ് ഉദ്ദേശ്യമെങ്കിൽ അത് വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.സമരസമിതി കൺവീനർ എം.സി.ഗംഗാധരൻ അധ്യക്ഷനായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

