ജോലിയിൽ നിന്ന് രാജിവച്ച ശേഷം ലഭിക്കാനുള്ള ശമ്പളമായ 10,000 രൂപ ഉടമ പിടിച്ചുവച്ചതിനെത്തുടർന്നുള്ള വിദ്വേഷത്തിൽ വസ്ത്രവ്യാപാരശാലയ്ക്ക് തീയിട്ട മുൻ ജീവനക്കാരൻ പിടിയിൽ.
ഗുജറാത്തിലെ സൂറത്തിലാണ് കോടികൾ നഷ്ടം വരുത്തിയ ഈ സംഭവം അരങ്ങേറിയത്. ധുലെ സ്വദേശിയായ വിനോദ് സാൽവെയാണ് പൊലീസിന്റെ പിടിയിലായത്.
ഈ അഗ്നിബാധയിൽ ഏകദേശം 24 കോടി രൂപയുടെ തുണിത്തരങ്ങളാണ് പൂർണ്ണമായി കത്തിനശിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഗുജറാത്തിൽ തിരിച്ചെത്തിയ ഉടനെയാണ് അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം സെപ്റ്റംബർ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സൂറത്തിലെ ശ്യാം സങ്കിണി ടെക്സ്റ്റൈൽ മാർക്കറ്റിൽ വൻ തീപിടുത്തമുണ്ടായതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് മുൻ ജീവനക്കാരനായ വിനോദ് സാൽവെയിലേക്ക് എത്തിച്ചത്.
സംഭവദിവസം രാത്രി 9.30 ഓടെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ ഒളിച്ചിരുന്ന പ്രതി, രാത്രി 12 മണിയോടെ ആറാം നിലയിലേക്ക് പ്രവേശിക്കുകയായിരുന്നു. വസ്ത്രശാലയ്ക്ക് പുറത്തുകൂട്ടിയിട്ടിരുന്ന തുണിക്കെട്ടുകളിൽ പെട്രോൾ ഒഴിച്ച ശേഷം ഇയാൾ തീ കൊളുത്തുകയായിരുന്നു.
തീ നന്നായി പിടിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി അവിടെനിന്നും വീട്ടിലേക്ക് മടങ്ങിയത്. ആറാം നിലയിൽ പ്രവർത്തിച്ചിരുന്ന മുഴുവൻ കടകളും ഈ തീപിടുത്തത്തിൽ അഗ്നിക്കിരയായി.
കൃത്യത്തിനുശേഷം വീട്ടിലെത്തിയ വിനോദ് തന്റെ ഭാര്യയോടൊപ്പം രാജസ്ഥാനിലേക്കും തുടർന്ന് അയോധ്യയിലേക്കും ഒളിവില് പോയി. എന്നാൽ പ്രതി ഗുജറാത്തിലേക്ക് തിരിച്ചെത്തുന്നതും കാത്ത് ക്രൈം ബ്രാഞ്ച് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കടകത്തിച്ചത് തന്റെ പ്രതികാരമാണെന്ന് പ്രതി പൊലീസിന് മുന്നിൽ സമ്മതിച്ചു. വസ്ത്രശാലയിലെ അക്കൗണ്ടന്റായിരുന്ന വിനോദിനെ സീനിയർ അക്കൗണ്ടന്റും ഉടമയും ചേർന്ന് നിരന്തരം ശകാരിക്കാറുണ്ടായിരുന്നു.
ഒടുവിൽ ജോലി രാജിവച്ച വിനോദിന്റെ 10,000 രൂപ ഉടമ തടഞ്ഞുവച്ചതാണ് കടുത്ത പകയ്ക്ക് കാരണമെന്ന് പ്രതി മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

