സ്വർണക്കപ്പ് എത്തി…ആരവത്തോടെ
ഇരിങ്ങാലക്കുട∙ കൂത്തും കൂടിയാട്ടവും കഥകളിയും ഉൾപ്പെടെ പാരമ്പര്യമുറങ്ങുന്ന കലകളുടെ സ്വന്തം നാട്. മേളപ്പെരുക്കം തീർക്കുന്ന ചെണ്ട
പ്രമാണിമാരുടെയും ഭാവ ഗായകൻ ജയചന്ദ്രന്റെയും അഭിനയ പ്രതിഭ ഇന്നസെന്റിന്റെയും നാടായ ഇരിങ്ങാലക്കുടയിൽ, എട്ടായിരത്തി അഞ്ഞൂറോളം കാലാ പ്രതിഭകൾ മത്സരിക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടുന്ന ഉപജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പ് വർണാഭമായ ഘോഷയാത്രയോടെ കലോത്സവത്തിന്റെ പ്രധാന വേദിയായ നഗരസഭാ ടൗൺ ഹാളിലേക്കെത്തി.
റവന്യു ജില്ലകളിൽ തൃശൂരിനു മാത്രം അവകാശപ്പെടാവുന്ന 117.5 ഗ്രാം തൂക്കമുള്ള സ്വർണ കപ്പ് ജില്ലാ ട്രഷറിയിൽനിന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ പി.എം.ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ഇന്നലെ വൈകിട്ട് മൂന്നോടെ സെന്റ് മേരീസ് സ്കൂളിൽ എത്തിച്ചു.
ശേഷം ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ വിദ്യാർഥികളും അധ്യാപകരും എൻഎസ്എസ്, എൻസിസി, സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റുകളും വിവിധ കലാപ്രകടനങ്ങളും അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെ നഗരം ചുറ്റി, സ്വർണക്കപ്പ് ടൗൺഹാളിൽ എത്തിച്ചു.
2022ൽ നടന്ന ജില്ലാ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച ഇരിങ്ങാലക്കുട ഉപജില്ല അന്ന് സ്വർണക്കപ്പ് സ്വന്തമാക്കിയിരുന്നു. ഇത്തവണയും കപ്പ് ഉയർത്താനുള്ള വാശിയിലാണ് ആതിഥേയർ.
ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.ഷൈല, സംഘാടക സമിതി വൈസ് ചെയർമാൻ എ.സി.സുരേഷ്, ഘോഷയാത്ര കൺവീനർ ജേക്കബ് ജെ.ആലപ്പാട്ട്, സെന്റ് മേരീസ് സ്കൂൾ മാനേജർ ഫാ.ഡോ.ലാസർ കുറ്റിക്കാടൻ, സ്കൂൾ പ്രിൻസിപ്പൽ ആൻസൻ പി.ഡൊമിനിക്ക്, പിടിഎ പ്രസിഡന്റ് അജോ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
തൃശൂർ ∙ വിജ്ഞാന രംഗത്തും കലാ ലോകത്തും ആഗോള ശ്രദ്ധനേടിയ ഇരിങ്ങാലക്കുട നഗരത്തിന്റെ രാപകലുകൾക്ക് ഇനി സകല കലകളുടെയും ചാരുത.
ഗണിത ശാസ്ത്രത്തിന്റെയും കൂടിയാട്ടത്തിന്റെയുമെല്ലാം നാട്ടിലേക്ക് ജില്ലയിലെ സ്കൂൾ കലാപ്രതിഭകൾ ഇന്ന് മുതൽ വിരുന്നെത്തും. 36–ാം ജില്ലാ സ്കൂൾ കലോത്സവത്തിനു നഗരത്തിലെ 22 വേദികളിൽ ഇന്നു തുടക്കം.
വിവിധ വിഭാഗങ്ങളിലെ രചനാ മത്സരങ്ങൾക്കൊപ്പം സ്റ്റേജ് ഇനങ്ങളിൽ നാടകം, ഇംഗ്ലിഷ് സ്കിറ്റ്, കുച്ചിപ്പുഡി, അറബനമുട്ട്, ദഫ്മുട്ട്, ചെണ്ടമേളം, കൂടിയാട്ടം തുടങ്ങിയവയും ഇന്ന് അരങ്ങിലെത്തും. അറബിക് കലോത്സവത്തിനും സംസ്കൃതോത്സവത്തിനും ഇന്ന് തുടക്കമാകും.
യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി എണ്ണായിരത്തിലേറെ കലാ പ്രതിഭകളാണ് മത്സരിക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രധാന വേദിയായ ടൗൺഹാളിൽ നാളെ രാവിലെ 9.30ന് ജയരാജ് വാരിയർ നിർവഹിക്കും.
ഊട്ടുപുര ഒരുങ്ങി
ഇരിങ്ങാലക്കുട∙ ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും ഇത്തവണയും രുചിയേറുന്ന ഭക്ഷണം വിളമ്പുന്നത് കൊടകര അയ്യപ്പദാസും സംഘവുമാണ്.
വർഷങ്ങളായി അയ്യപ്പ ദാസാണ് ജില്ലാ കലോത്സവത്തിന്റെ ഊട്ടുപുരയിൽ പാചകത്തിന് ചുക്കാൻ പിടിക്കുന്നത്. പ്രധാന വേദിയായ നഗരസഭാ ടൗൺ ഹാളിൽനിന്ന് 50 മീറ്റർ ദൂരെയുള്ള ഗായത്രി ഹാളിലാണ് ഭക്ഷണം ഒരുക്കുന്നത്.
ഇന്നലെ സ്വർണക്കപ്പ് വഹിച്ചുള്ള വർണാഭമായ ഘോഷയാത്രയ്ക്ക് ശേഷം ഗായത്രി ഹാളിലെ ഊട്ടുപുരയിൽ കലവറ നിറയ്ക്കൽ നടന്നു. തുടർന്ന് മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി.കെ.ഭരതൻ അടുപ്പിലേക്ക് തീ പകർന്നു.
4500 പേർക്കാണ് ഇന്ന് ഭക്ഷണം ഒരുക്കുന്നത്.
ഇന്ന് 11.30 മുതൽ വിഭവസമൃദ്ധമായ സദ്യ വിളമ്പി ഊട്ടുപുര സജീവമാകും. ചോറ്, സാമ്പാർ പുളിയിഞ്ചി, കാളൻ, അച്ചാർ, കാളൻ, എരിശ്ശേരി, തോരൻ, രസവും മോരും ഒപ്പം അടപ്രഥമനും ഉൾപ്പെടെയുള്ള വിഭവങ്ങൾ സദ്യയിൽ വിളമ്പും. വൈകിട്ട് ചായയും പലഹാരവും ഉണ്ടാകും.
19 മുതൽ പ്രാതലും ഉച്ച ഭക്ഷണവും വൈകിട്ട് ചായയും രാത്രി ഭക്ഷണവും ഉണ്ടാകും. 21ന് പ്രാതലും ഉച്ച ഭക്ഷണവും വൈകിട്ട് ചായയും മാത്രമാകും വിളമ്പുക. ഇന്ന് 11.30ന് വിഭവ സമൃദ്ധമായ സദ്യ വിളമ്പി ഉച്ച ഭക്ഷണത്തോടെ ഊട്ടുപ്പുര സജീവമാകും.
കാലത്ത് 11:30 മുതൽ ഉച്ച ഭക്ഷണം വിതരണം ആരംഭിക്കുന്നു.
കാണികളേ ആഘോഷിപ്പിൻ; നിങ്ങൾക്കിതാ സമ്മാനം!
തൃശൂർ ∙ ഇരിങ്ങാലക്കുടയിലെ വിവിധ വേദികളിലായി ഇന്ന് സ്കൂൾ പ്രതിഭകളുടെ കലാമത്സരങ്ങൾ അരങ്ങേറുമ്പോൾ അവ കാണാനും ആസ്വദിക്കാനുമെത്തുന്ന കാണികൾക്ക് സമ്മാനങ്ങളുമായി മലയാള മനോരമ. കലോത്സവ വേദികളിൽ മനോരമ ഫൊട്ടോഗ്രഫർ പകർത്തുന്ന ഫോട്ടോയിലുള്ളത് നിങ്ങളാണെങ്കിൽ പ്രത്യേക സമ്മാനം ലഭിക്കും.
ഫോട്ടോ നാളെ മുതൽ 21 വരെ മനോരമയുടെ ജില്ലാ സ്കൂൾ കലോത്സവം സ്പെഷൽ പേജിൽ പ്രസിദ്ധീകരിക്കും. ഫോട്ടോയിലുള്ളത് നിങ്ങളാണെങ്കിൽ പ്രധാന വേദിയായ ടൗൺഹാളിലെ മലയാള മനോരമ സ്റ്റാളിൽ എത്തുക.
അവിടെ സമ്മാനങ്ങൾ കൈമാറും. ഇരിങ്ങാലക്കുട
എയിമർ (AIMR) ആശുപത്രിയുമായി ചേർന്നാണ് ഈ പ്രത്യേക സമ്മാന പരിപാടി സംഘടിപ്പിക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

