പാലക്കാട് ∙ സോപ്പു തേച്ച് കുളിച്ചിറങ്ങി റൂമിലെത്തി ഫാൻ ഇടാൻ നോക്കുമ്പോഴേക്കും വിയർത്തുകുളിക്കുന്ന അവസ്ഥയാണ് ജില്ലയിൽ. അതിരാവിലെയും രാത്രിയും മാത്രം നേരിയ ആശ്വാസമുണ്ട്.
എന്നാലും വീടിനകത്ത് ഫാനും എസിയുമൊന്നുമില്ലാതെ നിൽക്കാനാവാത്ത സാഹചര്യമാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നതും പാലക്കാട് ജില്ലയിലാണ്.
40.1 ഡിഗ്രി സെൽഷ്യസാണ് കഴിഞ്ഞ ദിവസം പാലക്കാട് രേഖപ്പെടുത്തിയ ഉയർന്ന താപനില. രാവിലെ 11 മണിക്കോ, വൈകിട്ട് 3 മണിക്കോ ആണെങ്കിൽ പോലും പുറത്തിറങ്ങിയാൽ പൊള്ളുന്ന രീതിയിലാണ് ചൂട് അനുഭവപ്പെടുന്നത്.
ഡാമുകളിലും ജലനിരപ്പ് വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ വർഷം ഇതേ മാസം ഉണ്ടായിരുന്ന ജലനിരപ്പിനേക്കാൾ താഴെയാണ് ജില്ലയിലെ ഡാമുകളിൽ ഇപ്പോഴുള്ളത്. മലമ്പുഴ, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, മീങ്കര, ചുള്ളിയാർ, മംഗലം എന്നീ അണക്കെട്ടുകളാണ് ജില്ലയിലുള്ളത്.
കഴിഞ്ഞ 5 വർഷങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ട ചൂട് പരിശോധിക്കുമ്പോൾ ഓരോ വർഷവും താപനില കൂടിവരുന്നതായി കാണാം.
നിലവിൽ വേനൽമഴയിലും കാര്യമായ കുറവുണ്ട്. മാർച്ച് 1 മുതൽ ഏപ്രിൽ 13 വരെ 53.4 മില്ലി മീറ്റർ മഴയാണ് ജില്ലയിൽ പെയ്യേണ്ടത്.
എന്നാൽ 23.2 മില്ലിമീറ്റർ മാത്രമാണ് ഈ കാലയളവിൽ പെയ്തിട്ടുള്ളത്. അതായത് –57 ശതമാനം കുറവ്.
സംസ്ഥാനത്ത് കോട്ടയം ജില്ലയിൽ ആവശ്യമായ മഴപെയ്തപ്പോൾ, കണ്ണൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ അധിക മഴ ലഭിച്ചു.
ചൂട് കൂടി; പാൽ ഉൽപാദനം കുറഞ്ഞു
കനത്ത ചൂടിൽ പാൽ ഉൽപാദനം മൂന്നിൽ രണ്ടായി കുറഞ്ഞു.
10 ലീറ്റർ പാൽ ലഭിച്ചിരുന്നിടത്ത് ഇപ്പോൾ ലഭിക്കുന്നത് 6 മുതൽ 7 ലീറ്റർ വരെയാണ്. പശുക്കൾക്ക് ആരോഗ്യ പ്രശ്നങ്ങളും കണ്ടു തുടങ്ങിയതായി കർഷകർ പറയുന്നു.
മേയാൻ വിടുന്നതിലും സമയക്രമീകരണം നടത്തിയിരിക്കുകയാണു കർഷകർ. അതിരാവിലെ 6 മണിക്ക് കന്നുകാലികളെ അഴിച്ചുവിട്ട് വെയിൽ കനക്കുന്നതിനു മുൻപ് പിടിച്ചുകെട്ടുകയാണ് ചെയ്യുന്നത്.
പലയിടത്തും വെയിലേറ്റു പശുക്കൾ തളർന്നു വീഴുന്ന സ്ഥിതിയുണ്ട്. കഠിനമായ ചൂട് കാരണം പശുക്കളെ തൊഴുത്തിൽപോലും കെട്ടാൻ കഴിയാത്ത സ്ഥിതിയാണ്.
തൊഴുത്തിന്റെ നിലത്തുള്ള കോൺക്രീറ്റും മേൽക്കൂരയായി ഇട്ടിട്ടുള്ള ഷീറ്റും ചൂട് ഇരട്ടിയാക്കുന്നുണ്ട്.
അതുകൊണ്ടുതന്നെ ഫാം നടത്തുന്നവർ പലരും മേൽക്കൂരയിൽ വെള്ളം തളിക്കുന്ന തരത്തിൽ സ്പ്രിൻക്ലർ സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാൽ ചെറുകിട
ക്ഷീരകർഷകർക്ക് ഇത്തരം സംവിധാനങ്ങൾ ഒരുക്കാൻ കഴിയാത്തതിനാൽ തൊഴുത്തിൽ നിന്നു മാറ്റി തണൽമരങ്ങൾക്കു താഴെയും മറ്റുമായാണ് പശുക്കളെ കെട്ടുന്നത്. കൂടാതെ പകൽ സമയങ്ങളിൽ വെള്ളം നനച്ചാൽ പശുക്കൾക്ക് വീണ്ടും കൂടുതൽ ചൂട് അനുഭവപ്പെടുമെന്നതിനാൽ രാവിലെയും വൈകിട്ടും നനച്ചുകൊടുക്കുന്നുണ്ട്.
കൊല്ലങ്കോട്: സഞ്ചാരികളുടെ വരവു കുറഞ്ഞു
കൊല്ലങ്കോട്∙ രാജ്യത്തെ സുന്ദര ഗ്രാമങ്ങളിലൊന്നായി അറിയപ്പെടുന്ന കൊല്ലങ്കോട് സന്ദർശിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഇടിവ്.
നെൽപാടങ്ങളിൽ കൊയ്ത്ത് കഴിഞ്ഞതോടെ തുറന്ന നിലങ്ങളിൽ ചൂട് വർധിക്കുകയും പ്രദേശത്ത് അസഹനീയമായ താപനില അനുഭവപ്പെടുകയും ചെയ്യുന്നു. അതിരാവിലെയും വൈകിട്ടും മാത്രമാണ് പുറത്തേക്കിറങ്ങാൻ കഴിയുന്നത്.
ഉച്ചയോടെ ചൂട് കഠിനമായതിനാൽ സഞ്ചാരികളുടെ വരവ് കുറഞ്ഞു. സീതാർകുണ്ട്, പലകപ്പാണ്ടി, വെള്ളരിമേട് എന്നിവിടങ്ങളിലെ വെള്ളച്ചാട്ടങ്ങൾ എല്ലാം വരണ്ട
നിലയിലാണ്. വെള്ളത്തിന്റെ കുറവ് സഞ്ചാരികളെ നിരാശരാക്കുന്നു.
മധ്യവേനലവധിയോടെ മറ്റു ജില്ലകളിൽ നിന്ന് കുടുംബസമേതം എത്തുന്ന സന്ദർശകർക്കും ചൂട് വലിയ വെല്ലുവിളിയാകുന്നുണ്ട്. കടുവാ സങ്കേതമായ പറമ്പിക്കുളം ടൈഗർ റിസർവ് മേഖലയിലും ഉയർന്ന താപനില സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുന്നു.
മാംഗോ സിറ്റിയിലും ചൂടു കാറ്റ്
കടുത്ത വേനൽച്ചൂട് ‘മാംഗോ സിറ്റി’യായ മുതലമടയെ ഗുരുതരമായി ബാധിച്ചു.
പ്രദേശത്തെ മാവുകൾ കനത്ത ചൂടിൽ വാടിത്തുടങ്ങിയിരിക്കുകയാണ്. വിളവെടുപ്പിനൊരുങ്ങിയിരുന്ന മാങ്ങകൾ പോലും കൊഴിഞ്ഞു വീഴുന്ന സ്ഥിതിയുണ്ട്.
സൂര്യാതപം ശക്തമായതിനാൽ മാങ്ങ പറിക്കാൻ പോകുന്ന തൊഴിലാളികൾക്കും ബുദ്ധിമുട്ടുകൾ നേരിടുന്നു.
ഉയർന്ന താപനിലയും കനത്ത ചൂടും കാരണം ജോലിസമയം ചുരുങ്ങുകയും ഉൽപാദനക്ഷമത കുറയുകയും ചെയ്തതായി കർഷകർ പറയുന്നു. ഇടമഴയില്ലാതെ മാവുകൾ പൂക്കാത്തതിനാൽ മാങ്ങ സീസൺ വേഗം അവസാനിക്കാനാണ് സാധ്യത.
പച്ചക്കറി കൃഷിയിലും ചൂടിന്റെ വാട്ടമുണ്ട്. കൃഷിക്കായി നട്ട
തൈകൾ ചൂടിൽ വാടിത്തുടങ്ങി. ഇലകൾ മഞ്ഞളിച്ചു പോകുന്നുമുണ്ട്.
മണ്ണിലെ ഈർപ്പം വേഗത്തിൽ കുറയുന്നതും ഉയർന്ന താപനിലയും ചേർന്നതോടെ തൈകളുടെ വളർച്ച നിലച്ച നിലയാണ്. പല സ്ഥലങ്ങളിലും കൃഷിയിടങ്ങൾ വരണ്ട
നിലയിലായതിനാൽ കർഷകർ ആശങ്കയിലാണ്.
ഏപ്രിൽ ചൂട്
( കഴിഞ്ഞ ഏതാനും വർഷങ്ങളിലെ ഏപ്രിൽ മാസത്തിൽ ജില്ലയിൽ രേഖപ്പെടുത്തിയ ശരാശി താപനില ഡിഗ്രി സെൽഷ്യസിൽ )
∙ 2021– 37
∙ 2022– 36
∙ 2023– 38
∙ 2024–39
∙ 2025–39.2
ഡാമുകളിലെ ജലനിരപ്പ്
ഡാം നിലവിലെ ജലനിരപ്പ്, പരമാവധി ജലനിരപ്പ് (മീറ്ററിൽ)
മലമ്പുഴ: 103.81, 115.06
വാളയാർ: 195.96, 203
കാഞ്ഞിരപ്പുഴ: 86.56,97.5
പോത്തുണ്ടി: 93.2, 108.2
മീങ്കര: 152.16, 156.36
ചുള്ളിയാർ: 144.1,154.08
മംഗലം ഡാം: 67.28,77.88
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

