തമിഴ്നാട്ടിലെ പ്രശസ്തമായ തീർഥാടന കേന്ദ്രമായ പഴനി ദണ്ഡായുധപാണി ക്ഷേത്രം സാമ്പത്തിക വർഷത്തിൽ വൻ വരുമാന നേട്ടം കൈവരിച്ചു. 2025 ജൂലൈ 1 മുതൽ 2026 ജൂൺ 30 വരെയുള്ള കാലയളവിൽ ക്ഷേത്രത്തിന്റെ വരുമാനം നൂറു കോടി രൂപ പിന്നിട്ടതായി ക്ഷേത്ര ഭരണസമിതി ഔദ്യോഗികമായി അറിയിച്ചു.
കണക്കുകൾ പ്രകാരം 103,24,13,525 (നൂറ്റി മൂന്നു കോടി ഇരുപത്തി നാല് ലക്ഷത്തി പതിമൂവായിരത്തി അഞ്ഞൂറ്റി ഇരുപത്തഞ്ച്) രൂപയാണ് ഈ കാലയളവിൽ ക്ഷേത്രത്തിലേക്ക് ലഭിച്ച ആകെ വരുമാനം. മുൻ വർഷങ്ങളിൽ യഥാക്രമം 97.32 കോടി രൂപയും, 86.06 കോടി രൂപയും, 80.62 കോടി രൂപയുമായിരുന്നു വരുമാനം.
മുൻ വർഷങ്ങളെ അപേക്ഷിച്ച് വരുമാനത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. പ്രതിവർഷം ശരാശരി 1.20 കോടി ഭക്തരാണ് ദർശനത്തിനായി പഴനിയിൽ എത്തുന്നത്.
ക്ഷേത്രത്തിൽ നിന്നുള്ള വരുമാനം ഭക്തർക്കായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നുണ്ട്. അന്നദാനം, സൗജന്യ മുടിക്കാണിക്ക, പ്രസാദ വിതരണം, ക്ഷേത്ര ഭരണസമിതിയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കുള്ള സൗജന്യ ഭക്ഷണപദ്ധതി എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഏകദേശം 140 കോടി രൂപയുടെ സൗജന്യ സേവനങ്ങൾ ഭക്തർക്കും വിദ്യാർഥികൾക്കും നൽകാനായെന്ന് അധികൃതർ വ്യക്തമാക്കി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പഞ്ചാമൃതത്തിന്റെ വിൽപനയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്.
1435 റവന്യൂ വർഷത്തിൽ 63.16 കോടി രൂപയുടെ പഞ്ചാമൃതമാണ് ഭക്തർ വാങ്ങിയത്. ക്ഷേത്ര ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാന കണക്കുകളിലൊന്നാണിതെന്ന് ഭരണസമിതി വിലയിരുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

