ആതുരസേവന രംഗത്തെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഞെട്ടിക്കുന്ന വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ജർമ്മൻ കോടതി. ചികിത്സയുടെ പേരിൽ രോഗികളെ കൊലപ്പെടുത്തിയ കേസിൽ പാലിയേറ്റീവ് കെയർ ഡോക്ടറായ ജോന്നാസ് എം എന്ന 41-കാരനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ബിബിസി പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നീണ്ട
നിയമനടപടികൾക്ക് ശേഷമാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. 2021 സെപ്റ്റംബറിനും 2024 ജൂലൈയ്ക്കും ഇടയിലുള്ള കാലയളവിൽ 12 സ്ത്രീകളെയും 3 പുരുഷന്മാരെയും ഇയാൾ മാരകമായ മരുന്നുകൾ കുത്തിവച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
25-നും 94-നും ഇടയിൽ പ്രായമുള്ളവരായിരുന്നു ഇയാളുടെ ഇരകൾ. രോഗികളുടെ ആരോഗ്യസ്ഥിതി മോശമായിരുന്നുവെങ്കിലും, മരണം ആസന്നമായിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.
രോഗികളുടെ വീടുകളിൽ സന്ദർശനം നടത്തുമ്പോൾ അവരുടെ സമ്മതമില്ലാതെ മരുന്നുകളുടെ മാരകമായ മിശ്രിതം കുത്തിവയ്ക്കുകയായിരുന്നു ഇയാളുടെ രീതി. തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹങ്ങൾ അഗ്നിക്കിരയാക്കുന്ന ക്രൂരമായ ശീലവും പ്രതിക്കുണ്ടായിരുന്നു.
അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസം മാത്രം രണ്ട് കൊലപാതകങ്ങൾ ഇയാൾ നടത്തിയതായി പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ബെർലിനിലെ വീട്ടിൽ വെച്ച് 75 വയസ്സുള്ള ഒരാളെയും, മണിക്കൂറുകൾക്ക് ശേഷം അടുത്തുള്ള ജില്ലയിൽ 76 വയസ്സുള്ള ഒരു സ്ത്രീയെയും ഇയാൾ വിഷം നൽകി കൊലപ്പെടുത്തി.
വിചാരണ വേളയിൽ മൗനം പാലിച്ച പ്രതി, ഒടുവിൽ താൻ രോഗികളെ കൊല്ലാൻ ശ്രമിച്ചതായി സമ്മതിച്ചു. “താൻ അവരെ കൊല്ലുകയായിരുന്നില്ലെന്നും മറിച്ച് അവരെ കഷ്ടപ്പാടിൽ നിന്നും വേദനയിൽ നിന്നും രക്ഷിക്കുകയായിരുന്നെന്നും അവരെ സംബന്ധിച്ച് അതാണ് എറ്റവും നല്ല വഴിയെന്ന് താൻ കരുതിയതായും” ഇയാൾ കോടതിയിൽ പറഞ്ഞു.
എന്നാൽ, ഈ കൊലപാതകങ്ങൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന നിഗമനത്തിലാണ് അധികൃതർ. പ്രതിയുമായി ബന്ധപ്പെട്ട
മറ്റ് 76 കേസുകൾ കൂടി നിലവിൽ അന്വേഷണത്തിലാണെന്ന് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

