ആലത്തൂരിന്റെ പാടങ്ങൾ രണ്ടാം വിള കൊയ്ത്തിനൊരുങ്ങി. സമരപാരമ്പര്യങ്ങളും തൊഴിലാളി പ്രക്ഷോഭങ്ങളും ഉയർന്നുവന്ന ഈ ‘സ്ട്രോങ് റെഡ് ഏരിയ’യിൽ എൽഡിഎഫ് ആത്മവിശ്വാസത്തിന്റെ കോട്ടകെട്ടി തിരഞ്ഞെടുപ്പിനെ വരവേൽക്കാനിരിക്കുകയാണ്.
ഒരു തവണ മാത്രം യുഡിഎഫിനൊപ്പം നിന്ന ആലത്തൂർ മണ്ഡലം പിന്നീട് എൽഡിഎഫിനെ നിരാശപ്പെടുത്തിയിട്ടില്ലെന്നതു മാത്രമല്ല ആ വിശ്വാസത്തിനു പിന്നിൽ.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് അനുകൂല തരംഗമുണ്ടായപ്പോഴും ആലത്തൂർ മണ്ഡലത്തിലെ 7 തദ്ദേശ സ്ഥാപനങ്ങളും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നു. ഇ.കെ.നായനാർ മുൻപു വിശേഷിപ്പിച്ചതു പോലെ ആലത്തൂർ ഇപ്പോഴും ‘സ്ട്രോങ് റെഡ് ഏരിയ’ ആയിത്തന്നെ തുടരുന്നു.
രണ്ടാം ടേം പിന്നിടുന്ന സിപിഎമ്മിലെ കെ.ഡി.പ്രസേനൻ എംഎൽഎ മണ്ഡലത്തിൽ വികസന മുന്നേറ്റ യാത്രയിലാണ്. എന്നാൽ, ഉറച്ച ഇടതു കോട്ടയായിട്ടും തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പഞ്ചായത്തുകളിൽ സീറ്റ് കൂട്ടാനായത് യുഡിഎഫിനു പ്രതീക്ഷ നൽകുന്നു.
കഥ ഇതുവരെ
ജില്ലയിലെ കമ്യൂണിസ്റ്റ്, കർഷക പ്രസ്ഥാനത്തിന്റെ സംഘാടകരിൽ പ്രമുഖനായ ആലത്തൂർ ആർ.കൃഷ്ണനായിരുന്നു 1957 മുതൽ 77 വരെയുള്ള 20 വർഷം ആലത്തൂരിന്റെ ജനപ്രതിനിധി. 1977ൽ ഇഎംഎസിനു മത്സരിക്കാൻ കൃഷ്ണൻ വഴിമാറി.
1970ൽ 16,458 വോട്ടിന്റെ ഭൂരിപക്ഷം നേടി ആർ.കൃഷ്ണൻ വിജയിച്ചപ്പോൾ ഇഎംഎസിന് 77ൽ ലഭിച്ച ഭൂരിപക്ഷം 1999 ആയി കുറഞ്ഞു. കോൺഗ്രസിലെ വി.എസ്.വിജയരാഘവനായിരുന്നു എതിർ സ്ഥാനാർഥി.
1980ലും 1982ലും സിപിഎമ്മിലെ സി.ടി.കൃഷ്ണൻ വിജയിയായി. 1987ൽ സി.കെ.രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു.
1991ൽ കോൺഗ്രസിലെ എ.വി.ഗോപിനാഥ് ഇടതുകോട്ട
പിടിച്ചെടുത്തു. സിപിഎമ്മിലെ വി.സുകുമാരനെ 338 വോട്ടിനാണ് അന്നു പരാജയപ്പെടുത്തിയത്.
1996ൽ സി.കെ.രാജേന്ദ്രൻ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2001ൽ വി.ചെന്താമരാക്ഷൻ വിജയിച്ചു.
2006ലും 2011ലും സിപിഎമ്മിലെ എം.ചന്ദ്രൻ വിജയിച്ചു. 2006ൽ എം.ചന്ദ്രന്റെ ഭൂരിപക്ഷം സംസ്ഥാന റെക്കോർഡായിരുന്നു – 47,671 വോട്ട്.
2016ൽ ഇപ്പോഴത്തെ എംഎൽഎ കെ.ഡി.പ്രസേനൻ 36,060 വോട്ടിന്റെ ഭൂരിപക്ഷം നേടി. 21ൽ അത് 34,118 ആയി.
കണക്കിലെ കാര്യം
ഏതു വോട്ടിങ് കണക്കുകൾ നിരത്തിയാലും തോൽക്കില്ലെന്ന പ്രതീക്ഷയാണ് ആലത്തൂർ സിപിഎമ്മിന് നൽകുന്ന ഉറപ്പ്.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 7 പഞ്ചായത്തിലും ഭരണം നിലനിർത്തിയ എൽഡിഎഫിന് ആലത്തൂരിൽ 18,227 വോട്ടിന്റെ ഭൂരിപക്ഷമുണ്ട്. ബീഡിത്തൊഴിലാളികളും കർഷകരുമുള്ള ആലത്തൂരിൽ സിപിഎമ്മിനു മികച്ച സംഘടനാ ശേഷിയുണ്ട്.
എരിമയൂർ ഉൾപ്പെടെയുള്ള മിക്ക പഞ്ചായത്തുകളിലും ഉറച്ച പാർട്ടി വോട്ടുകളുമുണ്ട്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ നഷ്ടപ്പെട്ട
കുഴൽമന്ദം പഞ്ചായത്ത് ഇത്തവണ തിരികെ പിടിക്കാനുമായി.
കാർഷിക മേഖലയായ മണ്ഡലത്തിൽ യുഡിഎഫിനും പരമ്പരാഗത വോട്ടുകൾ ഉണ്ട്. മലയോര മേഖലയായ മംഗലംഡാമിലെ കർഷകർക്കും തോട്ടം തൊഴിലാളികൾക്കുമിടയിൽ കോൺഗ്രസിനു വേരോട്ടമുണ്ട്.
കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപിന് 40,535 വോട്ടാണു ലഭിച്ചത്. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചില്ലെങ്കിലും മിക്ക പഞ്ചായത്തുകളിലും സീറ്റുകൾ കൂട്ടാൻ കഴിഞ്ഞു എന്നത് യുഡിഎഫിന് ആത്മവിശ്വാസം നൽകുന്നതാണ്.
മികച്ച സ്ഥാനാർഥിയെ നിർത്തിയാൽ 1991 ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനു ലീഡ് നൽകിയ മണ്ഡലം കൂടിയാണ് ആലത്തൂർ എന്നതും കോൺഗ്രസിന് ഊർജം നൽകുന്നു. രണ്ടു ടേം പൂർത്തിയാക്കിയ കെ.ഡി.പ്രസേനൻ എംഎൽഎയോട് മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പാർട്ടി നൽകിയ നിർദേശം മൂന്നാമങ്കത്തിലേക്കുള്ള സൂചനയാണെന്ന വ്യാഖ്യാനവുമുണ്ട്.
പ്രസേനൻ മാറിയാൽ നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിനെയാകും പാർട്ടി പരിഗണിക്കുക.
യുഡിഎഫിൽ കോൺഗ്രസിലെ കെ.എം.ഫെബിന്റേത് ഉൾപ്പെടെയുള്ള പേരുകൾ പരിഗണനയിലുണ്ട്. ബിജെപിക്കു സ്വാധീനം കുറഞ്ഞ മണ്ഡലത്തിൽ വോട്ടുകൾ വർധിപ്പിക്കാൻ കഴിയുന്നുവെന്നതാണ് അവർക്ക് ആത്മവിശ്വാസം നൽകുന്ന ഘടകം.
ആലത്തൂർ താലൂക്ക് ആശുപത്രിയുടെ പുതിയ ഒപി കെട്ടിടമുൾപ്പെടെയുള്ള വികസന നേട്ടങ്ങൾ ചൂണ്ടിക്കാണിച്ച് വികസന യാത്രയിലാണ് എംഎൽഎ. എന്നാൽ, നെല്ലുസംഭരണ വിലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവാത്ത സർക്കാരിന്റെ പോരായ്മകൾ ചൂണ്ടിക്കാണിക്കാനുള്ള ഒരുക്കത്തിലാണ് യുഡിഎഫ്.
മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ
വണ്ടാഴി, കിഴക്കഞ്ചേരി, ആലത്തൂർ, മേലാർകോട്, എരിമയൂർ, തേങ്കുറിശി, കുഴൽമന്ദം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടുനില
ഭൂരിപക്ഷം: 34,118 (എൽഡിഎഫ്)
കെ.ഡി.പ്രസേനൻ (സിപിഎം): 76,653
പാളയം പ്രദീപ് (കോൺഗ്രസ്): 40,535
പ്രശാന്ത് ശിവൻ (ബിജെപി): 18,349
ചന്ദ്രൻ (ബിഎസ്പി): 699
എം.രാജേഷ് (സ്വത): 347
നോട്ട: 783
തദ്ദേശ തിരഞ്ഞെടുപ്പ് ഭൂരിപക്ഷം: 18,227 (എൽഡിഎഫ്)
ഏഴു പഞ്ചായത്തുകളും ഭരിക്കുന്നത് എൽഡിഎഫ്
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

