പറവൂർ ∙ പുതിയ ദേശീയപാത – 66 നിർമാണത്തിന്റെ ഭാഗമായി പണിയുന്ന മൂത്തകുന്നം – വിപി തുരുത്ത് പാലത്തിന്റെ 2 തൂണുകൾ താഴ്ന്നതു പരിശോധിക്കാൻ വിദഗ്ധ സംഘം രണ്ടാം ഘട്ട പരിശോധന നടത്തി.2 തൂണുകൾ താഴ്ന്ന ഭാഗത്ത് 4 പുതിയ തൂണുകൾ കൂടി നിർമിച്ചു പാലം ബലപ്പെടുത്തുന്നതു പരിഗണനയിലുണ്ടെങ്കിലും സൂക്ഷ്മ പരിശോധനയ്ക്കു ശേഷമേ അന്തിമതീരുമാനമെടുക്കൂ.
എൻഎച്ച്എഐയുടെ പാനലിലെ വിദഗ്ധരാണ് പരിശോധനയ്ക്ക് എത്തിയത്. 7–ാം പില്ലറിനെ താങ്ങി നിർത്തുന്ന 2 തൂണുകൾ ഏകദേശം 500 മില്ലിമീറ്റർ വരെ താഴ്ന്നതായി ദേശീയപാത അതോറിറ്റി നേരത്തെ സ്ഥിരീകരിച്ചിരുന്നു.
തൂണുകൾ താഴ്ന്നതല്ലാതെ ഘടനാപരമായ പ്രശ്നങ്ങളൊന്നും പാലത്തിൽ കണ്ടെത്തിയിട്ടില്ല.
മണ്ണ് ഡ്രജിങ് നിലച്ചു
പറവൂർ ∙ ഇടപ്പള്ളി – മൂത്തകുന്നം റീച്ചിലെ ദേശീയപാത നിർമാണത്തിനായി കായലിൽ നടത്തിയിരുന്ന മണ്ണ് ഡ്രജിങ് നിലച്ചു. വ്യാപകമായ മണ്ണെടുക്കൽ സത്താർ ദ്വീപിനെയും പരിസരത്തെ കരകളെയും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നതായി പരാതി ഉയരുകയും ചില സ്ഥാപനങ്ങളും മറ്റും ഡ്രജിങ് നിർത്തണമെന്നാവശ്യപ്പെട്ടു കോടതിയിൽ ഹർജി നൽകി അനുകൂല വിധി സമ്പാദിക്കുകയും ചെയ്തതിനാലാണ് നിർത്തിയത്.
5 മാസത്തോളം മണ്ണെടുപ്പു നടന്നിരുന്നു. മണ്ണ് ക്ഷാമം ഇനിയുമുണ്ടായാൽ റോഡ് നിർമാണം നീണ്ടുപോകുമോയെന്ന ആശങ്കയുണ്ട്.
എലിവേറ്റഡ് ഹൈവേ പരിഗണനയിൽ
പറവൂർ ∙ ഇടപ്പള്ളി – മൂത്തകുന്നം റീച്ചിൽ ചിലയിടങ്ങളിൽ എലിവേറ്റഡ് ഹൈവേ പരിഗണനയിലെന്നു സൂചന.
8 മീറ്ററിനു മുകളിൽ ഉയരത്തിൽ പാത നിർമിച്ചിട്ടുള്ള 8 ഇടങ്ങളിൽ നിർമാണം നിർത്തിവയ്ക്കാൻ കരാറുകാർക്ക് ദേശീയപാത അധികൃതർ കഴിഞ്ഞദിവസം വാക്കാൽ നിർദേശം നൽകിയിരുന്നു. എന്നാൽ, ഇന്നലെ വള്ളുവള്ളി, വഴിക്കുളങ്ങര എന്നിവിടങ്ങളിൽ ഒഴികെയുള്ള സ്ഥലങ്ങളിൽ നിർമാണം തുടരാനും നിർദേശിച്ചു.
100 മുതൽ 200 മീറ്റർ വരെ ദൈർഘ്യത്തിൽ എലിവേറ്റഡ് ഹൈവേ പരിഗണിക്കുന്നതായാണ് സൂചന.
എലിവേറ്റഡ് ഹൈവേ നിർമിക്കുകയാണെങ്കിൽ 8 മീറ്ററിലേറെ ഉയരത്തിൽ റോഡ് പണിത വള്ളുവള്ളിയിലും വഴിക്കുളങ്ങരയിലും പൊളിച്ചു പണിയേണ്ടിവരും. ഇവിടെ ഇന്റർലോക് കട്ടകൾ ഉപയോഗിച്ച് ഉയരത്തിൽ പാത നിർമിക്കുന്നതിൽ അശാസ്ത്രീയതയുണ്ടെന്ന ആക്ഷേപമുയർന്നിരുന്നു.
വള്ളുവള്ളിയിൽ പാർശ്വഭിത്തിയുടെ അടിഭാഗത്ത് വിള്ളൽ വീണതു പാത ഇടിയുമോയെന്ന ആശങ്കയുണ്ടാക്കി. എലിവേറ്റഡ് ഹൈവേ പരിഗണിക്കുന്നത് ഇവിടെ വിദഗ്ധസംഘം പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിലാണെന്നാണു സൂചന.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

