പട്ടാമ്പി ∙ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് സൗകര്യം വിപുലീകരിച്ചു. വർഷങ്ങളായി ഉപയോഗിക്കാതെ കാട് പിടിച്ച് കിടന്നിരുന്ന ഒരേക്കർ സ്ഥലമാണ് പാർക്കിങ് ഗ്രൗണ്ട് ആയി ഉപയോഗിക്കാൻ റെയിൽവേ അനുമതി നൽകിയത്.
നേരത്തെ റെയിൽവേ ക്വാർട്ടേഴ്സുകൾ ഉണ്ടായിരുന്ന സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചതിനെത്തുടർന്ന് സ്റ്റേഷന് സമീപം സ്ഥലം കാട് പിടിച്ച് കിടക്കുകയായിരുന്നു. ഈ സ്ഥലം പാർക്കിങ് ഗ്രൗണ്ടിന് അനുവദിക്കണമെന്നത് പട്ടാമ്പിയുടെ ദീർഘകാലമായുള്ള ആവശ്യമാണ് റെയിൽവേ അംഗീകരിച്ചത്.
നേരത്തെ പാർക്കിങ് സ്ഥലത്തെ പരിമിതികളെക്കുറിച്ചും റെയിൽവേ സ്റ്റേഷന് സമീപത്തെ കാട് പിടിച്ച സ്ഥലം പാർക്കിങ്ങിന് ഉപയോഗപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മലയാള മനോരമ ഒട്ടേറെത്തവണ വാർത്ത നൽകിയിരുന്നു.
സ്റ്റേഷൻ പരിസരത്തെ നിലവിലെ പാർക്കിങ് ഗ്രൗണ്ടിനോട് ചേർന്ന് ഒരേക്കർ കൂടി സ്ഥലം അനുവദിച്ചതോടെ സ്റ്റേഷനിലെ പാർക്കിങ് സ്ഥലം പോരെന്ന പരാതിക്ക് പരിഹാരമായി. ആവശ്യമെങ്കിൽ കൂടുതൽ സ്ഥലം ഉപയോഗപ്പെടുത്താൻ, ഉപയോഗിക്കാതെ കിടക്കുന്ന ഇനിയുമേറെ റെയിൽവേ സ്ഥലമുണ്ട്.
നേരത്തെ സ്റ്റേഷനോട് ചേർന്ന് ഇടത് ഭാഗത്ത് കാറുകൾ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്ന് വാഹനങ്ങൾ പുതിയ സ്ഥലത്തേക്ക് മാറ്റുന്നതോടെ ഇവിടെ ബൈക്കുകളുടെ പാർക്കിങ് ആയി മാറ്റും.
സ്റ്റേഷന് മുൻവശത്ത് ബൈക്കുകൾക്ക് പാർക്ക് ചെയ്യാൻ ഷെഡ് പണിതതോടെ സ്റ്റേഷനിലെത്തുന്ന വാഹനങ്ങൾക്ക് തിരിച്ച് പോകാൻ പ്രയാസം നേരിടാറുണ്ട്.വാഹന പാർക്കിങ്ങിന് പുതിയ സ്ഥലം അനുവദിച്ച സാഹചര്യത്തിൽ സ്റ്റേഷന് മുന്നിലെ വാഹന പാർക്കിങ് ഒഴിവാക്കി സ്റ്റേഷനിൽ വാഹനങ്ങൾക്ക് വരാനും പോകാനുമുള്ള തിരക്ക് ഒഴിവാക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു. തിരക്കേറിയ പട്ടാമ്പി ടൗണിൽ വാഹന പാർക്കിങ്ങിന് ആവശ്യമായ സ്ഥലക്കുറവുണ്ട്. റെയിൽവേ സ്ഥലത്ത് കൂടുതൽ സ്ഥലം പാർക്കിങ്ങിന് ലഭിച്ചതോടെ ടൗണിലേക്ക് വരുന്ന വാഹനങ്ങൾക്കും പണം നൽകി റെയിൽവേ സ്ഥലത്ത് നിർത്തിയിടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

