ഈറോഡ് ∙ അങ്കണവാടിയിൽ പോയ 6 വയസ്സുകാരനെ സമീപത്തെ ഓടയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശൂരംപട്ടിയിലെ ചക്രവർത്തി- ചന്ദ്രകുമാരി ദമ്പതികളുടെ ഇളയ മകൻ സഞ്ജയ് (6) ആണ് മരിച്ചത്.
ഇന്നലെ രാവിലെ മാതാവ് കുട്ടിയെ അങ്കണവാടിയിൽ വിട്ടു ജോലിക്കു പോയിരുന്നു. രാവിലെ പതിനൊന്നോടെ കുട്ടി ടീച്ചറോടു പറഞ്ഞു ബാത്റൂമിൽ പോകാൻ പുറത്തു പോയിരുന്നു.
കുട്ടി തിരികെ എത്താത്തതിനാൽ ടീച്ചറും ഹെൽപറും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.
സഹപാഠിയാണു സഞ്ജയ് ഓടയ്ക്കു സമീപം നിൽക്കുന്നതു കണ്ടതായി പറഞ്ഞത്. അങ്കണവാടിയുടെ സമീപത്തു കൂടിയാണു പെരുമ്പള്ളം ഓട ഒഴുകുന്നത്. കുട്ടി കാൽ വഴുതി ഓടയിൽ വീണിരിക്കാമെന്ന സംശയത്തിൽ ടീച്ചറും നാട്ടുകാരും ഓടയിൽ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല.
വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും എത്തി ഒഴുക്കുള്ള ഓടയിലിറങ്ങി തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്തിയില്ല.
സംഭവസ്ഥലത്ത് നിന്ന് ഏതാണ്ടു രണ്ടു കിലോമീറ്റർ ദൂരെയാണു മരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. മൃതദേഹം സർക്കാർ ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അങ്കണവാടിയുടെ ഭാഗത്ത് ഓടയുടെ ഇരുഭാഗത്തും കൈവരികൾ നിർമിക്കാത്തതും ടീച്ചറുടെയും ഹെൽപറുടെയും അനാസ്ഥയുമാണു കുട്ടിയുടെ മരണത്തിനു കാണണമെന്നു ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു. സഞ്ജയ്ക്കു രണ്ടു സഹോദരങ്ങളുണ്ട്.
ശൂരംപട്ടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

