വാളയാർ ∙ മണ്ണിനും പരിസ്ഥിതിക്കും ദോഷകരമായ പാഴ്വസ്തുക്കൾ ഇനി ഇന്ധനമായി മാറും. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള പാഴ്വസ്തുക്കൾ സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്ന കേരളത്തിലെ ഏറ്റവും വലുതും ജില്ലയിലെ ആദ്യത്തേതുമായ ‘റെഡി യൂസ് ഫ്യുവൽ (ആർഡിഎഫ്)’ മാലിന്യ സംസ്കരണ പ്ലാന്റ് വാളയാർ കോങ്ങാമ്പാറയിൽ പ്രവർത്തനം ആരംഭിച്ചു. മാലിന്യം സംസ്കരിച്ച് ജ്വലനത്തിനു സഹായമാകുന്ന ഇന്ധനമാക്കിയാണു മാറ്റുന്നത്.
അജൈവ മാലിന്യം സംസ്കരിച്ചുണ്ടാക്കുന്ന ഇന്ധന രൂപമാണ് ‘റെഡി യൂസ് ഫ്യുവൽ (ആർഡിഎഫ്). സർക്കാരിന്റെ ക്ലീൻ കേരള കമ്പനിയുടെയും ‘നത്തിങ് ഈസ് വേസ്റ്റ്’ എന്ന സ്വകാര്യ സ്ഥാപനത്തിന്റെയും സംയുക്ത സംരംഭമാണിത്.
പുനരുപയോഗിക്കാൻ കഴിയാത്ത, അജൈവ മാലിന്യങ്ങൾ നിമിഷ നേരം കൊണ്ടു സംസ്കരിച്ച് ഇന്ധനമാക്കും.
നൂതന യന്ത്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രതിദിനം 100 ടൺ മാലിന്യം സംസ്കരിക്കാനാകും. അതേ അളവിൽ തന്നെ ആർഡിഎഫ് ഉൽപാദിപ്പിക്കും.
സിമന്റ് കമ്പനികളിൽ ഉൾപ്പെടെ ചെലവേറിയ കൽക്കരിയാണു നിർമാണ യൂണിറ്റുകളിൽ ഉപയോഗിക്കുന്നത്. ഇതിനു പകരമായി റെഡി യൂസ് ഫ്യുവൽ ഉപയോഗിക്കാം.
ക്ലീൻ കേരളയ്ക്കു കീഴിലുള്ള രണ്ടാമത്തെ പ്ലാന്റാണു കോങ്ങാമ്പാറയിലേത്. ആദ്യത്തേത് കൊച്ചിയിലാണു പ്രവർത്തിക്കുന്നത്.
പരിസ്ഥിതിക്ക് ഒരു തരത്തിലുള്ള ദോഷവുമില്ലാതെയാണു പ്ലാന്റ് പ്രവർത്തിക്കുന്നത്.
മാലിന്യം സംഭരിക്കുന്നതും തരം തിരിക്കുന്നതും സംസ്കരിച്ച് ഇന്ധനമാക്കി മാറ്റുന്നതും യന്ത്രങ്ങൾ ഉപയോഗിച്ചാണ്. ലോഹഭാഗങ്ങളും ഗ്ലാസും ഒഴികെയുള്ള മുഴുവൻ മാലിന്യവും ഇവിടെ സംസ്കരിക്കാനാകും. ജില്ലയിലെ പലയിടത്തു നിന്നായി ക്ലീൻ കേരള ശേഖരിക്കുന്ന പാഴ്വസ്തുക്കളാണു നിലവിൽ സംസ്കരിക്കുന്നത്.
യൂണിറ്റ് വിപുലീകരിച്ച് സംസ്കരിക്കുന്ന മാലിന്യത്തിന്റെയും ഉൽപാദിപ്പിക്കുന്ന ഇന്ധനത്തിന്റെയും അളവു കൂട്ടാനാണു നീക്കമെന്നു ക്ലീൻ കേരള കമ്പനി പ്രതിനിധികൾ അറിയിച്ചു.
പ്ലാന്റിന്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ നിർവഹിച്ചു. പുതുശ്ശേരി പഞ്ചായത്ത് അധ്യക്ഷ എൻ.പ്രസീദ അധ്യക്ഷയായി.
ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ ആദർശ് ആർ.നായർ, സെക്ടർ കോഓർഡിനേറ്റർ പി.വി.സഹദേവൻ, നത്തിങ് ഈസ് വേസ്റ്റ് മാനേജിങ് ഡയറക്ടർ മുഹമ്മദ് റിജാസ്, പ്ലാന്റ് സംരംഭത്തിന്റെ സഹ പങ്കാളിത്ത പ്രതിനിധി പി.ശിവകുമാർ എന്നിവർ പ്രസംഗിച്ചു. പ്രദേശത്തെ പൊതുജനങ്ങളും ജനപ്രതിനിധികളും പങ്കെടുത്തു. പ്ലാന്റിന്റെ പ്രവർത്തനം കാണാൻ പുതുശ്ശേരി, വടകരപ്പതി പഞ്ചായത്തുകളിലെ ഹരിതകർമ സേനാംഗങ്ങളും എത്തിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

