ചക്കിട്ടപാറ∙ കീറിപ്പറിഞ്ഞ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂര. വെറും മൺ തറ, ശുചിമുറിയില്ല.
കുടിക്കുന്നതു കുന്നിൻ മുകളിൽ നിന്നു പൈപ്പിലെത്തുന്ന വെള്ളം. പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മുതുകാട് പള്ളുരുത്തിമുക്കിലെ ഒരു കുടുംബത്തിന്റെ നേർചിത്രമാണിത്.
7 വർഷമായി ഈ കൂരയിൽ കഴിയുകയാണ് ആദിവാസിയായ വീട്ടമ്മയും ഭർത്താവും. പള്ളുരുത്തിമുക്കിലെ കുന്നിൻചെരുവിൽ മറ്റൊരു ആദിവാസി കുടുംബത്തിന് അനുവദിച്ച ഭൂമിയിൽ കെട്ടിയ ഷെഡിലാണ് മാനസികാസ്വാസ്ഥ്യമുള്ള ഓലിക്കൽ ശാരദയും (52) ഭർത്താവായ സ്റ്റീഫനും (78) ജീവിക്കുന്നത്. ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതുമെല്ലാം ഇതിനകത്തു തന്നെ.
ശാരദയുടെ റേഷൻ കാർഡിൽ ഇപ്പോൾ താമസിക്കുന്ന ഷെഡിനു വൈദ്യുതി കണക്ഷനുണ്ടെന്നു തെറ്റായി രേഖപ്പെടുത്തിയതിനാൽ റേഷൻ മണ്ണെണ്ണ ലഭിക്കുന്നില്ല.
ഒട്ടേറെ തവണ സപ്ലൈ ഓഫിസിൽ പരാതി നൽകിയെങ്കിലും നടപടിയില്ലെന്നു ശാരദയും സ്റ്റീഫനും പറയുന്നു. ശാരദ 10 വർഷമായി ചികിത്സയിലാണ്.
ഭർത്താവ് സ്റ്റീഫനും രോഗബാധിതനാണ്. സാമൂഹിക സുരക്ഷാ പെൻഷൻ മാത്രമാണു വരുമാനം.
കാട്ടുപന്നിയുടെ ഉൾപ്പെടെ ശല്യം വേറെ. വർഷങ്ങൾക്കു മുൻപു സീതപ്പാറ മലമുകളിൽ ഒരേക്കർ ശാരദയുടെ കുടുംബത്തിന് അനുവദിച്ചെങ്കിലും താമസ യോഗ്യമല്ലാത്തതിനാലും വന്യമൃഗ ശല്യം കാരണവും ഒറ്റ ദിവസം കൊണ്ട്, അവിടത്തെ താൽക്കാലിക ഷെഡ്ഡിൽ നിന്നു താമസം മാറ്റേണ്ടി വന്നു. പിന്നീട് പുറമ്പോക്കിൽ ഉൾപ്പെടെ 9 ഷെഡുകളിൽ താമസിച്ച ശേഷമാണ് ഇപ്പോൾ താമസിക്കുന്ന പള്ളുരുത്തിമുക്കിലെത്തിയത്.
ഹയർ സെക്കൻഡറി വിദ്യാർഥിനിയായ മകൾ, കോഴിക്കോട്ടെ ചിൽഡ്രൻസ് ഹോമിലാണു താമസം.
ലൈഫ് മിഷൻ പദ്ധതിയിൽ ശാരദയുടെ കുടുംബത്തിന് വീടു നിർമിക്കാൻ ഭൂമി അനുവദിക്കാമെന്ന് അറിയിച്ചെങ്കിലും കരാർ വയ്ക്കാൻ കുടുംബം തയാറാകാത്തതാണു പ്രശ്നമെന്നു പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ പറഞ്ഞു. നിലവിലെ ഷെഡ്ഡിൽ നിന്നു മാറിത്താമസിക്കാൻ വീടൊരുക്കി ആവശ്യപ്പെട്ടെങ്കിലും അവർ തയാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൈഫ് ഭവന പദ്ധതിയിൽ ശാരദയ്ക്ക് 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും താൽക്കാലികമായി ഷെൽറ്ററിലേക്കു കുടുംബത്തെ മാറ്റാൻ ശ്രമിച്ചെങ്കിലും എതിർപ്പു മൂലം നടപ്പായില്ലെന്നും പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ അറിയിച്ചു.
ശാരദയ്ക്കു മുൻപ് അനുവദിച്ച ഒരേക്കർ വാസയോഗ്യമല്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇവർക്ക് പുതിയ ഭൂമി അനുവദിക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. മുതുകാട്ടിൽ നേരത്തെ ആദിവാസികൾക്ക് അനുവദിച്ച ഭൂമിയിൽ, ഇപ്പോൾ ആരും താമസമില്ലാത്ത ഏതെങ്കിലും വീട്ടിൽ പുനരധിവസിപ്പിക്കണമെന്നാണു ശാരദയുടെ ആവശ്യം.
കൃത്യമായി ഭൂമി അനുവദിക്കാതെ, നിലവിലുള്ള സ്ഥലത്തു നിന്നിറങ്ങിയാൽ എവിടെയും ഭൂമി ലഭിക്കില്ലെന്നാണ് ഇവരുടെ ആശങ്ക. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

