പാലക്കാട് ∙ തദ്ദേശ തിരഞ്ഞെടുപ്പിന് 5 ദിവസം മാത്രം ബാക്കി. ഏതു വിധേനയും വോട്ട് ഉറപ്പിക്കാനുള്ള തത്രപ്പാടിലാണു സ്ഥാനാർഥികൾ.
വീടുകളിലെത്തി വോട്ട് അഭ്യർഥിക്കുന്ന ഗൃഹസന്ദർശനം പരിപാടി പല സ്ഥാനാർഥികളും മൂന്നു റൗണ്ട് വരെ പൂർത്തിയാക്കി. തിരഞ്ഞെടുപ്പ് കൺവൻഷൻ, കുടുംബയോഗം, ജനസമ്പർക്ക പരിപാടികൾ എന്നിവയും പൂർത്തിയായി. നേരിട്ടുള്ള വോട്ട്ചോദിക്കൽ പലവട്ടം കഴിഞ്ഞതിനാൽ സമൂഹമാധ്യമങ്ങളിലൂടെ ജനമനസ്സിൽ ഇടംപിടിക്കാനുള്ള ശ്രമവും നടക്കുന്നു.
സ്ഥാനാർഥിക്കു വോട്ട് അഭ്യർഥിച്ചുകൊണ്ടു മന്ത്രിമാരും സംസ്ഥാന– ജില്ലാ നേതാക്കളും തയാറാക്കി നൽകിയ വിഡിയോകളും സമൂഹമാധ്യമങ്ങൾ വഴി സ്ഥാനാർഥികൾ പ്രചരിപ്പിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിയന്ത്രണങ്ങളുള്ളതിനാൽ ഉച്ചഭാഷിണി വഴിയുള്ള അനൗൺസ്മെന്റ് അത്ര സജീവമല്ല. പക്ഷേ, അവസാന ഘട്ടത്തിൽ ഇതും സജീവമാകും.
ഒൻപതിനാണു കലാശക്കൊട്ട്. 10നു നിശ്ശബ്ദ പ്രചാരണം.
എഐ പ്രചാരണം
ജെൻസികൾ കൂടി ഉൾപ്പെടുന്ന തിരഞ്ഞെടുപ്പാണിത്.
ജെൻസികൾ സ്ഥാനാർഥികളുമായി. അപ്പോൾ പ്രചാരണവും അത്തരത്തിലാ ക്കണമല്ലോ… ഡിജിറ്റൽ പോസ്റ്ററുകളിലും ഇൻസ്റ്റഗ്രാം റീൽസിലും പ്രത്യക്ഷപ്പെട്ട
മുദ്രാവാക്യങ്ങളിൽ വൈബ്, പൂക്കി, സ്കിബിഡി തുടങ്ങി ജെൻസി ഭാഷകൾ കയറിക്കൂടി. എഐ നിർമിത പോസ്റ്ററുകളും വിഡിയോകളും ശ്രദ്ധേയമായി. ചായക്കടകൾ, നാട്ടിൻപുറത്തെ കൂട്ടായ്മകൾ, ഗ്രാമീണ കാഴ്ചകൾ എന്നിവ പശ്ചാത്തലമാക്കിയുള്ള 30 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ നീളുന്ന വിഡിയോകൾ തയാറാക്കുന്നുണ്ട്.
മുദ്രാവാക്യങ്ങൾ, സ്ഥാനാർഥിയുടെ പേര്, ചിഹ്നം, ജനങ്ങളുടെ ആവശ്യങ്ങൾ, പരാതികൾ, മുൻ ഭരണസമിതിയുടെ പ്രകടനം എന്നിവ ഉൾപ്പെടുത്തിയാണു വിഡിയോ. ഇതിനൊപ്പം നാടിന്റെ മനോഹാരിത കാണിക്കുന്ന ദൃശ്യങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.
വിദ്യാർഥികൾക്കുമുണ്ട് സ്ഥാനം !
എഐ വിഡിയോകൾ നിർമിച്ചു നൽകാൻ സ്ഥാനാർഥികൾ കൂടുതലും ആശ്രയിക്കുന്നതു നാട്ടിലെ തന്നെ ‘മൊബൈൽ വിദഗ്ധരായ’ വിദ്യാർഥികളെ. ബിരിയാണിയും കുഴിമന്തിയും മിൽക് ഷേക്കുമെല്ലാം വാഗ്ദാനം ചെയ്തു സ്ഥാനാർഥികൾ വിദ്യാർഥികൾക്കു പിന്നാലെയുണ്ട്.
ചെറിയ പോക്കറ്റ് മണിയും നൽകുന്നവരുണ്ട്. പ്രഫഷനൽ ഏജൻസികളെ ഏൽപിച്ചവരുമുണ്ട്.
4,000 രൂപ മുതൽ 10,000 വരെയാണ് ഇതിനു ചെലവ്.
ഇ–തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
പ്രധാന ജംക്ഷനിലും കവലകളിലുമൊക്കെ ഒരുക്കുന്ന പാർട്ടികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് പോലെ തന്നെ സജീവമാണ് ഇ–തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്. വാട്സാപ് കൂട്ടായ്മകൾ രൂപീകരിച്ചാണ് ഇ–തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഒരുക്കിയിട്ടുള്ളത്.
സ്ഥാനാർഥിയുടെ അടുത്ത ദിവസങ്ങളിലെ പ്രചാരണം സംബന്ധിച്ച ചർച്ചകളും മറ്റും നടത്തും. പ്രവർത്തകർ കമ്മിറ്റി ഓഫിസുകളിൽ എത്തിയില്ലെങ്കിലും ചർച്ചകളും പദ്ധതി ആസൂത്രണങ്ങളും നടക്കുമല്ലോ.
ശ്രദ്ധിക്കണം നിരീക്ഷണം
എഐ ഉൾപ്പെടെ ഉപയോഗിച്ചുള്ള പോസ്റ്ററുകളും വിഡിയോകളും തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈബർ സ്ക്വാഡ് നിരീക്ഷിക്കും.
ബിഎൽഒമാരുടെ സഹായത്തോടെയാണിത്. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങി സമൂഹമാധ്യമങ്ങളും നിരീക്ഷിക്കും. ഡീപ് ഫെയ്ക് വിഡിയോ– ഓഡിയോ, ആളുകളെ അപമാനിക്കുന്ന ഉള്ളടക്കം, മൃഗങ്ങളോടുള്ള അതിക്രമം എന്നിവ പ്രചരിപ്പിച്ചാൽ നിയമ നടപടിയുണ്ടാകും …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

