തൃശൂർ∙ ആറാം ദിവസം പോളിങ് ബൂത്തിലേക്ക് പോകുന്ന ജില്ലയിലെ വോട്ടർമാരുടെ മനസ്സിൽ എന്തായിരിക്കും? ആർക്കും പിടികൊടുക്കാത്ത ആ മനസ്സിലൊന്ന് കയറിപ്പറ്റാനുള്ള നാടിളക്കിയ പ്രചാരണമാണ് മുന്നണികൾ നടത്തുന്നത്. ആവേശം ഒരുപടികൂടി ഉയർത്തി എൽഡിഎഫ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിലെത്തും.
കോർപറേഷനിലും ജില്ലാ പഞ്ചായത്തിലും നഗരസഭകളിലുമാണ് ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങൾ നടക്കുന്നത്. ഇതിൽ തന്നെ കോർപറേഷനിലെ പൊടിപാറുന്ന മത്സരം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകർഷിക്കുന്നു. കോർപറേഷൻ രൂപീകരിച്ച കാലം മുതൽ എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചെങ്കിൽ കഴിഞ്ഞ തവണ ആദ്യമായി എൽഡിഎഫിന് തുടർഭരണം ലഭിച്ചു.
ഇത് മൂന്നാം ടേമിലെത്തിക്കാനുള്ള കഠിന പരിശ്രമമാണ് അവർ നടത്തുന്നത്.
കഴിഞ്ഞ കൗൺസിലിലെ പ്രധാനികളാരും മത്സര രംഗത്തില്ലെങ്കിലും പരമാവധി സീറ്റുകൾ നേടി അധികാരം പിടിക്കാനുള്ള ശ്രമത്തിലാണ് എൽഡിഎഫ്. ചെറുപ്പക്കാർ മുതൽ ഏറ്റവും മുതിർന്ന കൗൺസിലറായ എം.എൽ.റോസി വരെയുള്ളവർ അണിനിരക്കുന്ന എൽഡിഎഫ് പാനൽ അധികാരം ലഭിക്കുന്നതിന് സഹായകമാകുമെന്ന് എൽഡിഎഫ് പ്രതീക്ഷിക്കുന്നു.
പത്തു വർഷത്തിനിടെ നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രധാന പ്രചാരണം. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്.
എന്നാൽ, മുന്നണിയുടെ മേയർ എന്തുകൊണ്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വരുന്നില്ല എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ എൽഡിഎഫിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന്റെ സുരേഷ് ഗോപി അനുകൂല നിലപാടുകളും എൽഡിഎഫിനെ വെട്ടിലാക്കുന്നു.
യുഡിഎഫിന് കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട
കോർപറേഷനാണ് തൃശൂർ. ഇടതുമുന്നണിയിലെ വിവിധ പാർട്ടികൾ നേടിയ സീറ്റുകളുടെ അതേ എണ്ണം ഒറ്റയ്ക്ക് നേടാൻ കഴിഞ്ഞിട്ടും കോൺഗ്രസിന് അധികാരം ലഭിക്കാതെ പോയത് പ്രവർത്തകർക്കുണ്ടാക്കിയ നിരാശ ചെറുതല്ല.
കഴിഞ്ഞ തവണ പ്രതികൂല സാഹചര്യത്തിലും അധികാരത്തിന് അടുത്തെത്താൻ കഴിഞ്ഞത് ഇത്തവണ യുഡിഎഫിന്റെ പ്രതീക്ഷ ഇരട്ടിപ്പിക്കുന്നു. ജില്ലയിലെ മറ്റു പല മേഖലകളുമായി താരതമ്യം ചെയ്താൽ കോൺഗ്രസ് കൈമെയ് മറന്നു പണിയെടുക്കുന്ന സ്ഥലമാണ് കോർപറേഷൻ.
കാലതാമസവും കാര്യമായ തർക്കവും ഇല്ലാതെ സ്ഥാനാർഥി നിർണയം നടത്തിയതും ഗ്രൂപ്പ് പ്രശ്നങ്ങൾ തലപൊക്കാത്തതും അനുകൂല ഘടകമാണ്.
ഏകകണ്ഠമായി തീരുമാനിക്കപ്പെട്ട വനിതാ സ്ഥാനാർഥികളിലാണ് കോൺഗ്രസിന്റെ പ്രതീക്ഷ.
പല ജനറൽ സീറ്റുകളിലും മത്സരിക്കാൻ വനിതകളെത്തന്നെ രംഗത്തിറക്കിയതും ഈ ആത്മവിശ്വാസം കൊണ്ടാണ്. 2010ന് സമാനമായ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അവർ.
എന്നാൽ, ശക്തികേന്ദ്രങ്ങളായ കുരിയച്ചിറ, മിഷൻ ക്വാർട്ടേഴ്സ്, ഒല്ലൂർ എന്നിവിടങ്ങളിൽ പ്രധാന നേതാക്കൻമാർ തന്നെ വിമത സ്ഥാനാർഥികളായി വന്നത് ഏതുതരത്തിൽ ബാധിക്കുമെന്ന് ആശങ്കയുണ്ട്. പാർട്ടിയിലെ തന്നെ ഒരു വിഭാഗം ഈ സ്ഥലങ്ങളിൽ വിമതർക്കൊപ്പമാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ രണ്ടു മുന്നണികളെയും തള്ളി സുരേഷ്ഗോപി വിജയിച്ചതാണ് ബിജെപിയുടെ കോർപറേഷനിലെ ആത്മവിശ്വാസം കൂട്ടുന്നത്.
കഠിന പരിശ്രമം നടത്തിയിട്ടും വിജയിക്കാൻ കഴിയാത്ത ശക്തികേന്ദ്രങ്ങളേക്കാൾ ബിജെപിക്ക് ഇപ്പോൾ ആത്മവിശ്വാസം നൽകുന്ന സ്ഥലമാണ് തൃശൂർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ കോർപറേഷനിലെ 36 ഡിവിഷനുകളിൽ സുരേഷ് ഗോപിക്ക് ലഭിച്ച ലീഡിലാണ് അവരുടെ പ്രതീക്ഷ. അതിന്റെ പകുതി സ്ഥലത്തെങ്കിലും നിലനിർത്താൻ കഴിഞ്ഞാൽ അത് നേട്ടമായി മാറും.
ചെറുപ്പക്കാരായ സ്ഥാനാർഥികളെ കൂടുതൽ ഇറക്കിയതും ബിജെപിയാണ്.
എന്നാൽ, 6 സിറ്റിങ് ഡിവിഷനുകളിൽ 4 സ്ഥലത്തെങ്കിലും കടുത്ത മത്സരമാണ് ബിജെപി നേരിടുന്നത്. അതിനാൽ പുതിയ ഡിവിഷനുകളിൽ വിജയിക്കേണ്ടത് അവർക്ക് നിർണായകമാണ്. സുരേഷ് ഗോപി ഇഫക്ട് നിലനിൽക്കുന്നുണ്ടോ എന്ന് അറിയാനുള്ള ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ബിജെപിക്ക് കോർപറേഷൻ തിരഞ്ഞെടുപ്പ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

