പാലക്കാട് ∙ മലമ്പുഴ ഗവ. ഹയർസെക്കൻഡറി സ്കൂളിനു സമീപം വീണ്ടും പുലി എത്തിയെന്നു നാട്ടുകാർ.
ഇന്നലെ പുലർച്ചെയാണു തോട്ടം നനയ്ക്കാനെത്തിയ തൊഴിലാളികൾ പുലിയെ കണ്ടത്. സ്കൂളിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നു പുലിയുടെ ശബ്ദം കേട്ടതായും വനംവകുപ്പിനെ അറിയിച്ചെന്നും ഇവർ പറയുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഇവിടെ പുലി എത്തിയതായി നാട്ടുകാർ പറഞ്ഞു. പുലിയുടെ കാൽപാടുകളും കണ്ടെത്തി.
എത്തിയതു പുലിയാണെന്നു വനംവകുപ്പും സ്ഥിരീകരിച്ചു.
സിസിടിവിയിൽ നിന്നു പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചെന്നാണു സൂചന. മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ, ജവാഹർ നവോദയ സ്കൂൾ, ഗിരിവികാസ്, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജില്ലാ ജയിൽ, ജലസേചന വകുപ്പ് ക്വാർട്ടേഴ്സുകൾ ഉൾപ്പെടെയുള്ള സ്ഥലത്താണു പുലി എത്തിയത്.
കഴിഞ്ഞദിവസം ഉച്ചഭക്ഷണം കഴിച്ച് കൈകഴുകാനെത്തിയ മലമ്പുഴ സ്കൂളിലെ വിദ്യാർഥികളാണു പുലിയെ കണ്ടത്. സ്കൂളിന്റെ മതിലിനു മുകളിലായിരുന്നു പുലി.
കുട്ടികളെ കണ്ടതോടെ പുലി സമീപത്തെ കുറ്റിക്കാട്ടിലേക്കു പോയി. ഒരാഴ്ച മുൻപ് മലമ്പുഴ പൊലീസിന്റെ വാഹനത്തിനു മുന്നിലൂടെ പുലി പോയിരുന്നു.
പ്രദേശത്തു കൂട് സ്ഥാപിച്ച് പുലിയെ പിടികൂടണമെന്നാണു നാട്ടുകാരുടെ ആവശ്യം.
അതു പുലിമടയോ ?
∙ മലമ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂളിനും ജില്ലാ ജയിലിനും ഇടയിലുള്ള കുറ്റിക്കാട്ടിൽ കണ്ട ചെറിയ ഗുഹ പോലുള്ള ഭാഗം പുലിമടയാണെന്നു നാട്ടുകാർ.
ഇതിനുള്ളിൽ നിന്നു പുലിയുടെ ശബ്ദം കേട്ടതായും നാട്ടുകാർ പറഞ്ഞു. ഇതിനു സമീപത്തായി പുലിയുടേതെന്നു സംശയിക്കുന്ന കാൽപാടുകളും കണ്ടെത്തി.
വനംവകുപ്പ് ഇതു പരിശോധിക്കുന്നുണ്ട്. ഈ ഭാഗത്തും ക്യാമറ സ്ഥാപിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
കാടുപിടിച്ച് ക്വാർട്ടേഴ്സുകൾ
മലമ്പുഴ സ്കൂളിനു സമീപത്തായി ജലസേചന വകുപ്പിന്റെ കാടുപിടിച്ചു കിടക്കുന്ന ക്വാർട്ടേഴ്സുകൾ ഭീഷണിയാകുന്നു.
ഈ ക്വാർട്ടേഴ്സുകളിൽ പലതും വന്യമൃഗങ്ങളുടെ വിശ്രമകേന്ദ്രങ്ങളാണെന്നാണു നാട്ടുകാരുടെ പരാതി. മൂന്നുവർഷം മുൻപ് ഈ ക്വാർട്ടേഴ്സുകളിലൊന്നിൽ പുലിക്കുട്ടിയെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞമാസം കാട്ടുപന്നി പ്രസവിച്ചു കിടന്നതും കാടുപിടിച്ചുകിടന്ന ക്വാർട്ടേഴ്സിലാണ്. ജലസേചന വകുപ്പിന്റെ 150 ക്വാർട്ടേഴ്സുകൾ ഇവിടെയുണ്ട്.
പലതും തകർന്നും കാടുപിടിച്ചും നശിച്ചു. ചില ക്വാർട്ടേഴ്സുകൾ വന്യമൃ ഗങ്ങളുടെയും ചിലതു സാമൂഹിക വിരുദ്ധരുടെയും താവളമാണെന്നാണു നാട്ടുകാരുടെ പരാതി.
കാടുപിടിച്ച, തകർന്ന ക്വാർട്ടേഴ്സുകളിൽ പോലും ചെറിയ ശമ്പളക്കാരായ സർക്കാർ ജീവനക്കാർ താമസിക്കുന്നുണ്ട്.
ക്വാർട്ടേഴ്സുകൾ നന്നാക്കി നൽകാൻ ജലസേചന വകുപ്പ് അധികൃതർ തയാറാകുന്നില്ല. ജലസേചന വകുപ്പിന്റെ ക്വാർട്ടേഴ്സുകൾ സർക്കാർ ഉദ്യോഗസ്ഥർക്കു വാടകയ്ക്കു താമസിക്കാൻ കൊടുക്കാറുണ്ട്.
പക്ഷേ, ഏറെ വർഷങ്ങളായി അപേക്ഷ നൽകിയിട്ടും ക്വാർട്ടേഴ്സുകൾ ആർക്കും താമസിക്കാൻ നൽകുന്നില്ല. ക്വാർട്ടേഴ്സുകൾ ആവശ്യപ്പെട്ടു നൽകിയ നൂറുകണക്കിന് അപേക്ഷകൾ ജലസേചന വകുപ്പിന്റെ ഓഫിസിൽ കെട്ടിക്കിടക്കുന്നതായാണു പരാതി. ക്വാർട്ടേഴ്സുകൾ അറ്റകുറ്റപ്പണി നടത്താനോ കാടുവെട്ടിത്തെളിച്ച് വൃത്തിയാക്കാനോ തയാറായിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

