പാലക്കാട് ∙ വശം ഇടിഞ്ഞ് അപകടഭീഷണിയിലായ ചുണ്ണാമ്പുതറ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണിക്ക് ടെൻഡറായി. കരാർ ഒപ്പിട്ടാലുടൻ പ്രവൃത്തി ആരംഭിക്കാനാകും.
പിഡബ്ല്യുഡി ദേശീയപാത വിഭാഗം ഇതിനുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യഘട്ട ടെൻഡറിൽ ആരും പങ്കെടുത്തിരുന്നില്ല.
തുടർന്നു രണ്ടാമതും ടെൻഡർ വിളിച്ചു. പട്ടിക്കര ബൈപാസിൽ നിന്ന് ചുണ്ണാമ്പുതറയിലേക്കുള്ള സർവീസ് റോഡാണ് നാലാഴ്ച മുൻപു സമീപത്തെ അഴുക്കു തോട്ടിലേക്ക് ഇടിഞ്ഞത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇരുവശത്തേക്കുള്ള വാഹനങ്ങളും മേൽപാലത്തിന്റെ മറുവശത്തെ സർവീസ് റോഡ് വഴിയാണ് കടത്തിവിടുന്നത്.
ഈ ഭാഗത്തും റോഡ് തകർന്നുതുടങ്ങി. ഇതുവഴി ഭാരവാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ലോഡ് കയറ്റിയ വാഹനങ്ങൾ എത്തുന്നുണ്ട്.
റെയിൽവേ മേൽപാലത്തിന്റെ 2 മീറ്റർ അകലെ വരെ ഇടിച്ചിൽ എത്തിയിട്ടുണ്ട്.
ഈ ഭാഗത്ത് അരികുഭിത്തി കെട്ടാനും അറ്റകുറ്റപ്പണിക്കുമായി ദേശീയപാത അതോറിറ്റി 37 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഈ റോഡിൽ രാംനഗർ കോളനിയിലേക്കുള്ള പ്രവേശന വഴി കഴിഞ്ഞുള്ള ഭാഗത്ത് നഗരസഭ അറ്റകുറ്റപ്പണി പൂർത്തിയാക്കിയിട്ടുണ്ട്. ഇവിടെ ശുദ്ധജല വിതരണ പൈപ്പ് ഇടാനാണ് റോഡ് വെട്ടിപ്പൊളിച്ചിരുന്നത്.
കൽപാത്തി രഥോത്സവത്തിനു മുൻപെങ്കിലും റോഡ് പ്രവൃത്തി പൂർത്തിയാക്കണമെന്നായിരുന്നു ആവശ്യമെങ്കിലും ആദ്യ ഘട്ടത്തിൽ ടെൻഡർ ഏറ്റെടുക്കാൻ ആരും തയാറാകാതിരുന്നത് പ്രവൃത്തി വൈകിപ്പിച്ചു. രഥോത്സവ സമയത്തു പുതിയപാലം–ശേഖരീപുരം റൂട്ടിൽ ഗതാഗതത്തിരക്ക് ഏറുമെന്നതിനാൽ ഒട്ടേറെ വാഹനങ്ങൾ ചുണ്ണാമ്പുതറ വഴിയെത്തും.
ഈ സമയത്ത് ഇവിടെ ട്രാഫിക് പൊലീസിന്റെ സേവനവും വേണ്ടിവരും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

