രാജ്യാന്തര വ്യാപാര മേഖലയിൽ നിർണായക വഴിത്തിരിവുകളിലേക്ക് നയിക്കുന്ന കർശന നിലപാടുമായി യുഎസ് രംഗത്ത്. ജൂണിലെ കരാർ വ്യവസ്ഥകൾ യുഎസ് അംഗീകരിച്ചാൽ 7 ദിവസത്തിനുള്ളിൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ അറിയിച്ചിരുന്നു.
എന്നാൽ ഈ നിർദേശം പൂർണ്ണമായും നിരാകരിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷം ഇറാനിൽ ബോംബാക്രമണം കടുപ്പിക്കുമെന്നും അറിയിച്ചതായി വിവരം. ഇതോടെ മാസങ്ങളായി തുടരുന്ന സംഘർഷത്തിന് ഉടനൊന്നും പരിഹാരമാകില്ലെന്ന് ഉറപ്പായി.
ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം തീരുമെന്ന പ്രതീക്ഷയിൽ കഴിഞ്ഞ ദിവസം ഇടിഞ്ഞ ക്രൂഡോയിൽ വീണ്ടും കത്തും. ഓഹരി വിപണികൾ തകർച്ചയിലേക്ക് നീങ്ങും.
വിലക്കയറ്റം വീണ്ടും രൂക്ഷമാകാനും സാധ്യത. ഹോർമുസ് തുറക്കാൻ യുഎസിന് താൽപര്യമുണ്ടെങ്കിൽ അതിനുള്ള അവസരമുണ്ടെന്ന് കഴിഞ്ഞ ദിവസം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ച്ചി പറഞ്ഞിരുന്നു.
ഖത്തർ വഴി സമാധാന നിർദേശം യുഎസിന് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും ഇറാന്റെ നിർദേശം അംഗീകരിക്കേണ്ടെന്നാണ് ട്രംപിന്റെ നിലപാടെന്ന് വിവരം.
തന്റെ വ്യവസ്ഥകൾ ഇറാൻ അംഗീകരിക്കുമെന്നും ഇപ്പോൾ വിട്ടുവീഴ്ച വേണ്ടെന്നും അദ്ദേഹം അടുത്ത അനുയായികളോട് പറഞ്ഞതായും റിപ്പോർട്ടുകൾ. എണ്ണവിലയിടിച്ച് യുഎസ് അതിനിടെ ക്രൂഡോയിൽ വില ഇടിവിലാണ്.
പോയ വാരത്തിൽ ബ്രെന്റ് ക്രൂഡോയിൽ വില ബാരലിന് 11.5% ഇടിവ് നേരിട്ടു. സെപ്റ്റംബർ 18ന് 111.35 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസങ്ങളിൽ 98.59 ഡോളറിലെത്തി.
ഇന്നലെ 2.14% നഷ്ടത്തിൽ 104.3 ഡോളറെന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഡബ്യൂടിഐ ക്രൂഡോയില് ബാരലിന് 92.41 ഡോളറിലും യുഎഇയുടെ മർബൻ 113.1 ഡോളറിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ജൂണിൽ ഒപ്പിട്ട ധാരണാപത്രത്തിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ യുഎസും ഇറാനും തയാറായേക്കുമെന്നും ഹോർമുസിലൂടെയുള്ള വ്യാപാരം സാധാരണ നിലയിലാകുമെന്നുമുള്ള പ്രതീക്ഷയിലാണ് വിപണി.
സൗദി അടക്കമുള്ള പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡോയിൽ വരവ് കുറഞ്ഞിട്ടില്ലെന്നതും വിപണിയെ സ്വാധീനിച്ചു. എന്നാൽ അമേരിക്ക ഡീസൽ കയറ്റുമതിക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന വാർത്തകൾ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
ഇങ്ങനെ സംഭവിച്ചാൽ യുഎസിലെ സംഭരണ ശാലകൾ നിറയുകയും എണ്ണശുദ്ധീകരണ ശാലകളുടെ ഉൽപാദന ശേഷി 12 ശതമാനമെങ്കിലും കുറയുമെന്നും നിക്ഷേപകർ കരുതുന്നു. ഇതോടെ കഴിഞ്ഞ ദിവസങ്ങളിൽ ബ്രെന്റ് ക്രൂഡിനേക്കാൾ വലിയ വിലക്കുറവിലാണ് ഡബ്ല്യുടിഐ ക്രൂഡോയിൽ വ്യാപാരം നടന്നത്.
ലോകത്തിലെ ഏറ്റവും വലിയ ഡീസൽ കയറ്റുമതി രാജ്യമാണ് അമേരിക്ക. 5.1 ദശലക്ഷം ബാരൽ ഡീസലാണ് പ്രതിദിന ഉൽപാദനം.
ഇതിൽ 1.2 ദശലക്ഷം ബാരലും കയറ്റുമതി ചെയ്യുകയാണ്. എന്നാൽ രാജ്യത്തെ ഡീസൽ വില കഴിഞ്ഞ ദിവസങ്ങളിൽ ഗാലന് 6.5 ഡോളറെന്ന റെക്കോർഡ് വില പിന്നിട്ടു.
ഇടക്കാല തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ജനവിധിയെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. ഇതോടെയാണ് വില പിടിച്ചു നിർത്താനായി ഡീസൽ കയറ്റുമതിക്ക് വിലക്കേർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നത്.
കടപത്ര നാടകം തുടരുന്നു യുഎസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലെ (യീൽഡ്) നാടകീയത തുടരുകയാണ്. 10 വർഷ കാലാവധിയുള്ള ബോണ്ടുകളുടെ യീൽഡ് 2007ന് ശേഷമുള്ള ഉയരത്തിലെത്തി.
30 വർഷ കാലാവധിയുള്ളത് 2004ന് ശേഷമുള്ള ഉയരത്തിലും. ഇറാൻ യുദ്ധത്തെ തുടർന്നുണ്ടായ വിലക്കയറ്റം അടിസ്ഥാന പലിശ നിരക്കിൽ കൂടുതൽ വർധന വരുത്തേണ്ടി വരുമെന്ന ഫെഡ് റിസർവ് ഗവർണർ മൈക്കൽ ബ്രാറിന്റെ പ്രസ്താവനയാണ് ബോണ്ടുകൾക്ക് തിരിച്ചടിയായത്.
ഇതോടെ ഒക്ടോബറിൽ പലിശ നിരക്ക് 0.25% കൂടി ഉയർത്താനുള്ള സാധ്യത 64 ശതമാനമായി ഉയർന്നു. നേരത്തെ ബോണ്ട് യീൽഡ് ഉയർന്നതോടെ ദീർഘകാല ബോണ്ടുകൾ തിരിച്ചു വാങ്ങുമെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ ഇതുകൊണ്ടൊന്നും കാര്യമായ നേട്ടമുണ്ടാക്കാനായില്ല. അമേരിക്കൻ ഇടപെടലുകൾ ബോണ്ട് വിപണിയിൽ കാര്യമായ മാറ്റമുണ്ടാക്കാനാകില്ലെന്ന വിലയിരുത്തലുകളും തിരിച്ചടിയാണ്.
കോവിഡിനു ശേഷം ഇതാദ്യം അതേസമയം, ഇന്ത്യൻ ഓഹരി വിപണി പോയവാരത്തിൽ നേരിട്ടത് സമാനതകളില്ലാത്ത തകർച്ചയാണ്. നിഫ്റ്റി 50 തുടർച്ചയായ ഏഴാമത്തെ ആഴ്ചയാണ് നഷ്ടത്തിൽ അവസാനിക്കുന്നത്.
2020 ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള കോവിഡ് കാലത്ത് രാജ്യാന്തര തലത്തിലുണ്ടായ അതിരൂക്ഷ വിൽപനയ്ക്ക് ശേഷം ഇത്തരത്തിലൊന്ന് ഇതാദ്യം. തൊട്ടുമുൻ ആഴ്ചയിലെ ക്ലോസിങ്ങിനേക്കാൾ 205.90 പോയിന്റുകൾ (0.90%) നിഫ്റ്റി നഷ്ടത്തിലായി.
7 ആഴ്ചയിലെ കണക്കെടുത്താൽ നഷ്ടം 5.8 ശതമാനത്തിലെത്തും. വെള്ളിയാഴ്ച ഓഹരി സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഇറാൻ-യുഎസ് സമാധാന കരാർ സാധ്യമാകുമെന്ന അഭ്യൂഹങ്ങളാണ് വിപണക്ക് കരുത്തായത്. നിഫ്റ്റി 0.34 ശതമാനം നേട്ടത്തിൽ 23,140.50ലെത്തി.
എന്നാൽ സൂചിക ഇപ്പോഴും 52 ആഴ്ചയിലെ ഉയരത്തിൽ നിന്ന് 12.3% നഷ്ടത്തിലാണ്. 52 ആഴ്ചയിലെ താഴ്ചയിൽ നിന്ന് വെറും 4.3% മാത്രം നേട്ടത്തിലും.
മുഖ്യഓഹരി സൂചികയായ സെൻസെക്സ് വെള്ളിയാഴ്ച 0.43% നേട്ടത്തിൽ 73,895.74 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. വാരക്കണക്കെടുത്താൽ സൂചിക 0.5% നഷ്ടത്തിലാണ്.
തുടർച്ചയായ ഏഴാമത്തെ ആഴ്ചയിലും നഷ്ടം തുടരുന്നു. ക്രൂഡോയിൽ വിലയിലും അമേരിക്കൻ കടപത്രങ്ങളിലുമുണ്ടായ ഏറ്റക്കുറച്ചിലുകൾക്കൊപ്പം പോയവാരത്തിൽ വിപണിയിലെ വ്യാപാരത്തെ സ്വാധീനിച്ചത് ടാറ്റ ഗ്രൂപ്പിലെ തർക്കങ്ങളായിരുന്നു.
ഇൻഷുറൻസ് മേഖലയിലെ മാറ്റങ്ങൾ, എൻഎസ്ഇ ലിസ്റ്റിങ് എന്നിവയും നിക്ഷേപകരെ സ്വാധീനിച്ചു. ഇൻഷുറൻസ് പോളിസികളുടെ കമ്മിഷന് പരിധി ഏർപ്പെടുത്തുമെന്ന വാർത്തയാണ് ഈ മേഖലയ്ക്ക് തിരിച്ചടിയായത്.
ഇൻഷുറൻസ് കമ്പനികൾക്ക് നഷ്ടം 7000 കോടി രൂപ. ഓൺലൈനായി ഇൻഷുറൻസ് പോളിസി എടുക്കാൻ കഴിയുന്ന പോളിസി ബസാറിന് നഷ്ടം 28,000 കോടി രൂപയും.
ഐടി ഓഹരികളിലും വലിയ നഷ്ടമുണ്ടായി. പോയ വാരത്തിൽ ഐടി കമ്പനികളുടെ വിപണി മൂല്യം ഇടിഞ്ഞത് 48,435 കോടി രൂപ.
ടാറ്റ സൺസ് ചെയർമാനായി എൻ.ചന്ദ്രശേഖരനെ അഞ്ച് വർഷത്തേക്ക് കൂടി നിയമിക്കാൻ ബോർഡ് തീരുമാനിച്ചതും അതിനെ ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റ എതിർത്തതുമായിരുന്നു മറ്റൊരു വാർത്ത. ടാറ്റ ഗ്രൂപ്പിന് കീഴിലെ 23 ലിസ്റ്റഡ് കമ്പനികളിൽ 18 എണ്ണത്തിന്റെയും ഓഹരി ഇടിഞ്ഞു.
വിപണി മൂല്യത്തിൽ ആകെ നഷ്ടം 40,681 കോടി രൂപ. ടാറ്റ സ്റ്റീൽ, ടൈറ്റൻ അടക്കമുള്ള കമ്പനികളുടെ മുന്നേറ്റമാണ് നഷ്ടം കുറച്ചത്.
വിദേശ നിക്ഷേപകരുടെ ഓഹരി വിൽപന വെള്ളിയാഴ്ചയും തുടർന്നു. അന്നു മാത്രം വിദേശികൾ വിറ്റത് 3693 കോടി രൂപയ്ക്ക് തുല്യമായ ഓഹരികൾ.
യുഎസിൽ മുന്നേറ്റം അതിനിടെ യുഎസ് ഓഹരി വിപണി സൂചികകൾ വെള്ളിയാഴ്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് കടപത്രങ്ങളിൽ നിന്നുള്ള നേട്ടം (യീൽഡ്) നിക്ഷേപകരെ ആശങ്കയിൽ ആഴ്ത്തുന്നതിനിടെയാണിത്.
എസ് ആൻഡ് പി 0.51% നേട്ടമുണ്ടാക്കി. നാസ്ഡാക് 0.5 ശതമാനവും ഡോ സൂചിക 0.93 ശതമാനവും മുന്നേറി.
ഒരാഴ്ചയിലെ കണക്കെടുത്താൽ ഡോ 0.3 ശതമാനവും എസ് ആൻഡ് പി 1.2 ശതമാനവും നാസ്ഡാക് 2 ശതമാനവും നേട്ടത്തിലാണ്. ക്രൂഡോയിൽ വില കുറഞ്ഞതും പശ്ചിമേഷ്യൻ സംഘർഷത്തിന് പരിഹാരമായേക്കാമെന്ന അഭ്യൂഹങ്ങളുമാണ് വിപണിയെ സ്വാധീനിക്കുന്നത്.
മ്യൂസ് എന്ന എഐ ഏജന്റിനെ പുറത്തിറക്കിയ മെറ്റ പ്ലാറ്റ്ഫോമാണ് ഈ ആഴ്ചയിലെ താരം. 13 ശതമാനമാണ് ഓഹരികൾ മുന്നേറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

