പാലക്കാട്∙ ഫ്ലാറ്റിലെ ഇൻവെർട്ടർ റൂം തീപിടിത്തമുണ്ടായ പറമ്പിനു സമീപമാണ്. ഇവിടെ ജനറേറ്റർ സ്റ്റോറേജ് ടാങ്കിൽ 60 ലീറ്റർ ഡീസൽ ഉണ്ടായിരുന്നു.
തീ ഇവിടേക്കു പടരാതിരുന്നതു കൂടുതൽ പ്രതിസന്ധി ഒഴിവാക്കി. ടൗൺ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്കു തീ പടരാതെ നിയന്ത്രിക്കാനായതും രക്ഷയായി.
അഗ്നിരക്ഷാസേനയുടെ 3 യൂണിറ്റുകൾ അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ കെടുത്തിയത്.
പാലക്കാട്ടെ കൊടുംചൂടും തീപിടിത്തത്തിന് ആക്കം കൂട്ടി. 2 മാസം മുൻപും ഇതേ സ്ഥലത്തു തീപിടിത്തം ഉണ്ടായെന്നും അന്ന് അവിടെയുണ്ടായിരുന്ന തൊഴിലാളികളാണു തീ അണച്ചതെന്നും അപ്പാർട്മെന്റ് അസോസിയേഷൻ പ്രസിഡന്റ് റിയാസ് ബഷീർ പറഞ്ഞു.
അപകടസാധ്യതയുള്ളതിനാൽ പ്ലാസ്റ്റിക് പെട്ടികൾ ഇവിടെ നിന്നു നീക്കണമെന്നു പലതവണ ആവശ്യപ്പെട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
പഴം നിറയ്ക്കാനുള്ള പ്ലാസ്റ്റിക് പെട്ടികൾക്കു പുറമേ വൈക്കോൽ, കാർഡ്ബോർഡ് എന്നിവയും സ്ഥലത്തു കൂട്ടിയിട്ടിരുന്നു. തീ മിനിറ്റുകൾക്കുള്ളിൽ കത്തിപ്പടരാൻ കാരണമായതും ഇത്തരം വസ്തുക്കളാണ്.
ഒട്ടും സുരക്ഷയില്ലാതെയാണു വസ്തുക്കൾ കൂട്ടിയിട്ടിരുന്നത്. സമീപത്തെ ഫ്ലാറ്റിനു വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഈയിടെ നവീകരിച്ച കെട്ടിടം കൂടിയാണിത് സ്റ്റേഷൻ ഹൗസ് ഓഫിസർ സുൽഫീസ് ഇബ്രാഹിം, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.മധു എന്നിവരുടെ നേതൃത്വത്തിൽ 15 അഗ്നിരക്ഷാസേനാംഗങ്ങളാണു തീയണച്ചത്.
തീപിടിച്ചത് എവിടെ നിന്ന്?
തീപിടിച്ചതിന്റെ ഉറവിടം വ്യക്തമായിട്ടില്ല. ഗേറ്റിനു സമീപത്തുനിന്നാണ് തീ പടർന്നിട്ടുള്ളത്.
ഇതിന്റെ ലക്ഷണങ്ങൾ പരിസരത്തുണ്ടെന്നു പൊലീസ് പറയുന്നു. മേൽപാലത്തിനടിയിലും മറ്റും അജ്ഞാതരായ ഒട്ടേറെപ്പേർ എത്താറുണ്ട്.
സാമൂഹികവിരുദ്ധ ശല്യവുമുണ്ട്. സിഗരറ്റ് കത്തിച്ചിട്ടതാണോ തീപിടിത്തത്തിനു കാരണമെന്നു സംശയിക്കുന്നു.
തീപിടിച്ചതിനു സമീപത്തായി കുട്ടികൾ കളിച്ചിരുന്നു. തീ പടർന്ന ഉടൻ പരിസരവാസികൾ കണ്ടതും അഗ്നിരക്ഷാ സേനയടക്കം യഥാസമയം ഇടപെട്ടതുമാണ് അത്യാഹിതം ഒഴിവാക്കിയത്.
പാലക്കാട് നഗരത്തിൽ വൻ തീപിടിത്തം
പാലക്കാട് ∙ ടൗൺ റെയിൽവേ മേൽപാലത്തിനു സമീപം ഫ്ലാറ്റിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ കഴിഞ്ഞ ദിവസം വൻ തീപിടിത്തം.
അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. സമീപത്തെ 5 നില ഫ്ലാറ്റ് സമുച്ചയത്തിന്റെ ഉയരത്തോളം തീ പൊങ്ങിയെങ്കിലും കെട്ടിടത്തിലേക്കു പടരാതെ സേന നിയന്ത്രിച്ചു.
കെട്ടിടത്തിനു താഴെ നിർത്തിയിട്ടിരുന്ന കാറിന്റെ പിൻവശം ഉരുകി നശിച്ചു. തീപിടിത്തം ഉണ്ടായ സ്ഥലത്തിനു പിന്നിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന നരികുത്തി മേഖലയാണ്.
ടൗൺ റെയിൽവേ മേൽപാലത്തിന്റെ അടിഭാഗത്തോടു ചേർന്നുള്ള സ്ഥലത്ത്, വിൽപനയ്ക്കുള്ള പഴങ്ങൾ നിറയ്ക്കാൻ കൂട്ടിയിട്ടിരുന്ന പ്ലാസ്റ്റിക് പെട്ടികൾക്കാണു വ്യാഴാഴ്ച പകൽ 11.30നു തീപിടിച്ചത്.
മിനിറ്റുകൾക്കുള്ളിൽ തീപടർന്നു പുക മൂടി. പ്ലാസ്റ്റിക് കത്തിയതിന്റെ രൂക്ഷഗന്ധവും പടർന്നു.
ഇതോടെ ജനം പരിഭ്രാന്തരായി. മേൽപാലത്തിന്റെ സർവീസ് റോഡ് വഴിയുള്ള ഗതാഗതം പൊലീസ് തിരിച്ചുവിട്ടു.
സ്ഥലത്തോടു ചേർന്നു ചുറ്റുമതിലുണ്ടായിരുന്നതിനാൽ തീ നേരിട്ടു ഫ്ലാറ്റിലേക്കു പടർന്നില്ലെങ്കിലും പ്ലാസ്റ്റിക് കത്തിയുണ്ടായ ചൂടിലും പുകയിലും ഫ്ലാറ്റിന്റെ വശം കരിപിടിച്ചു.
കെട്ടിടത്തിലെ എസി യൂണിറ്റുകളും ലൈറ്റുകളും തകരാറിലായി. വയറിങ് കത്തിയും ഉരുകിയും നശിച്ചു.
ജനൽച്ചില്ലുകൾ പൊട്ടി. ഫ്ലാറ്റിനുള്ളിലേക്കു പുക പടർന്നതോടെ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ താമസക്കാർ അവിടെ നിന്നു മാറി.
തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. വലിച്ചെറിഞ്ഞ സിഗരറ്റിൽ നിന്നാണു തീപിടിച്ചതെന്നു സംശയമുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

