വിയറ്റ്നാമിലുണ്ടായ ദാരുണമായ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായ 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരത്തോടെ ഹോ ചി മിൻ സിറ്റിയിൽ എത്തിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച രാത്രി പത്തുമണിയോടെ മൃതദേഹങ്ങൾ മുംബൈ വിമാനത്താവളത്തിലെത്തിക്കും.
അപകടത്തിൽ മരണപ്പെട്ട കൊട്ടാരക്കര സ്വദേശികളായ എ.സി തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ മുംബൈയിൽ നിന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുവരും.
തുടർന്ന് കൊട്ടാരക്കരയിലെ വസതിയിലേക്ക് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നോർക്കയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ശനിയാഴ്ച ഫൂക്വോക് ദ്വീപിന് സമീപമായിരുന്നു അപകടം നടന്നത്. 32 ഇന്ത്യക്കാരും നാല് ജീവനക്കാരുമടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് കടലിൽ മുങ്ങിയത്.
മരണപ്പെട്ടവരിൽ രണ്ട് മലയാളികൾക്ക് പുറമെ തമിഴ്നാട് സ്വദേശികളായ 10 പേരും ആന്ധ്രപ്രദേശ് സ്വദേശികളായ മൂന്ന് പേരുമുണ്ട്. പ്രമുഖ മൊബൈൽ ഫോൺ–ലാപ്ടോപ്പ് നിർമ്മാണ കമ്പനി സംഘടിപ്പിച്ച വിനോദയാത്രയ്ക്കിടെയാണ് ദാരുണസംഭവം.
സംഭവത്തിൽ വിയറ്റ്നാം സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബോട്ടിലെ ക്യാപ്റ്റൻ നുയെൻ ഹോങ് ഹായിയെ (57) വിയറ്റ്നാം പോലീസ് കസ്റ്റഡിയിലെടുത്തു.
അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര വൈദ്യസഹായം ലഭിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മൃതദേഹങ്ങൾ വേഗത്തിൽ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസി വിയറ്റ്നാം അധികൃതരുമായി നിരന്തരമായി ബന്ധപ്പെട്ടുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

