പെരിങ്ങോട്ടുകുറിശ്ശി∙ കടത്തുതോണിക്കാരൻ കളത്തിൽതൊടി വീട്ടിൽ ചന്ദ്രൻ (81) അന്തരിച്ചു. അര പതിറ്റാണ്ടിലേറെ ഭാരതപ്പുഴയിലെ ഞാവളം കടവിൽ കടത്തുകാരനായിരുന്നു.
സ്കൂൾ വിദ്യാഭ്യാസ സമയത്തു തന്നെ അച്ഛനോടൊപ്പം യാത്രക്കാരെ പത്തിരിപ്പാല ഭാഗത്തേക്കും തിരിച്ച് പെരിങ്ങോട്ടുകുറിശ്ശി ഭാഗത്തേക്കും എത്തിച്ചിരുന്ന ചന്ദ്രൻ പിന്നീട് ഒറ്റയ്ക്ക് ഏറെക്കാലം കടത്തുകാരനായി തുടർന്നു. വാഹന ഗതാഗതം കുറഞ്ഞ കാലത്ത് യാത്രക്കാരുടെ ഏകാശ്രയമായിരുന്നു കടത്തു തോണി.
രാവിലെ പുഴക്കടവിൽ എത്തുന്ന ചന്ദ്രൻ നേരം ഇരുട്ടിയതിനു ശേഷമാണു വീട്ടിലേക്കു തിരിക്കുക. കാലവർഷം ശക്തിപ്രാപിക്കുമ്പോഴും പുഴയിൽ ഒഴുക്ക് ശക്തമാകുമ്പോഴും ചന്ദ്രൻ പുഴയിൽ തോണിയിറക്കുന്നത് മുടക്കിയില്ല.
കാലവർഷം തുടങ്ങുന്നതിനു മുൻപ് പട്ടാമ്പിയിൽ നിന്നു തൊഴിലാളികളെ എത്തിച്ച് തോണിയുടെ അറ്റകുറ്റപ്പണികൾ നടത്തിയാണ് കടവിലിറക്കിയിരുന്നത്.
പട്ടാമ്പിയിൽ നിന്നെത്തിച്ച തോണിയാണ് കടത്തിനായി ചന്ദ്രൻ ഉപയോഗിച്ചിരുന്നത്. വാർധക്യസഹജമായ അസുഖം ബാധിച്ചപ്പോൾ തൊഴിലാളികളുടെ സഹായത്തോടെ ചന്ദ്രൻ തോണിയിറക്കിയിരുന്നു.
ഭാര്യ: ശാന്തകുമാരി. മക്കൾ: രാധാകൃഷ്ണൻ, ബിന്ദു, ബീന, സേതുമാധവൻ, പങ്കജം.
മരുമക്കൾ: അജിത, അഞ്ജു, സുനിൽ, ബാബു, ശ്രീജിത്ത്. സഹോദരങ്ങൾ: മോഹനൻ, രുക്മിണി, കമലം, പരേതരായ ബാലൻ, രാമകൃഷ്ണൻ, നാരായണൻ, സുകുമാരൻ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

