ഉപേക്ഷിക്കപ്പെട്ട നിലയിൽ കാടുമൂടിക്കിടക്കുന്ന പുരയിടം മൂലം ദുരിതം പേറി കോട്ടയം നഗരത്തിലെ ഇരുപത്തഞ്ചിലധികം കുടുംബങ്ങൾ.
അകവളവ്– പാക്കിൽ ലൂപ് റോഡ് പരിസരത്ത് താമസിക്കുന്നവരാണ് വർഷങ്ങളായി ഈ യാതന അനുഭവിക്കുന്നത്. ഉടമസ്ഥർ വർഷങ്ങളായി തിരിഞ്ഞുനോക്കാത്ത ഈ ഭൂമി ഇപ്പോൾ പ്രദേശവാസികൾക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.
“കാട് കയറി കിടക്കുന്ന ഇവിടം സാമൂഹിക വിരുദ്ധരുടെ താവളമാണ്. ആർക്കും അകത്തേക്ക് പ്രവേശിക്കാനാകാത്ത രീതിയില് നാശമായ പറമ്പ്, ഇഴജന്തുക്കൾ, ഉടുമ്പ്, മരപ്പട്ടി, കീരി മുതലായവയുടെയും കേന്ദ്രമാണ്.
ഉയരം കൂടിയ മരങ്ങൾ എപ്പോൾ വേണമെങ്കിലും താഴേക്ക് പതിക്കാം. ഹൈടെൻഷൻ ഇലക്ട്രിക്ക് ലൈനുകൾ കടന്നുപോകുന്ന മേഖലയാണ് പ്രദേശമെന്നും” നാട്ടുകാർ പറയുന്നു.
കോട്ടയം മുൻസിപ്പാലിറ്റിയുടെ 27, 34 വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് ഈ ഗുരുതര പ്രശ്നം നിലവിലുള്ളത്. സമീപത്തായി സിഎംഎസ് എൽപി സ്കൂൾ, അങ്കണവാടി, പെൻഷൻ ഭവൻ, യൂണിയൻ വനിതാ സമാജം ഓഫിസ്, വിവിധ ആരാധനാലയങ്ങൾ എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്.
കുട്ടികൾ ധാരാളമുള്ള ഈ മേഖലയിൽ സാമൂഹിക വിരുദ്ധരുടെയും ലഹരിമാഫിയയുടെയും ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇഴജന്തുക്കളുടെ ശല്യം കാരണം ആളുകൾക്ക് ഇതുവഴി നടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
അടുത്തിടെ ഇവിടെ നിന്നും രണ്ട് മൂർഖൻ പാമ്പുകളെ പിടികൂടിയിരുന്നു. ഉടുമ്പ്, മരപ്പട്ടി, കീരി എന്നിവയ്ക്ക് പുറമെ മുള്ളൻപന്നിയെയും കുരങ്ങനെയും ഈ പ്രദേശത്ത് കണ്ടിട്ടുള്ളതായി വിവരമുണ്ട്.
ആളനക്കമില്ലാത്ത കാടുകൾ വെട്ടിത്തെളിക്കണമെന്നും പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന മരങ്ങൾ നീക്കം ചെയ്യണമെന്നും കർശനമായ ഹൈക്കോടതി ഉത്തരവുകൾ നിലവിലുണ്ട്. കാടുപിടിച്ചുകിടക്കുന്ന ഭൂമി തദ്ദേശ സ്ഥാപനങ്ങൾ വൃത്തിയാക്കി അതിന്റെ ചെലവ് ഉടമകളിൽ നിന്നും ഈടാക്കണമെന്ന് ജസ്റ്റിസ് പി.വി.
കുഞ്ഞിക്കൃഷ്ണൻ സമാനമായ ഒരു കേസിൽ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ ഈ നിയമങ്ങളൊന്നും ഇവിടെ നടപ്പിലാക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.
സംസ്ഥാന സർക്കാർ സംവിധാനമായ ‘കെ–സ്മാർട്ട്’ മുഖേന 2024-ൽ നൽകിയ പരാതിയും യാതൊരു നടപടിയുമില്ലാതെ ഓൺലൈനിൽ കെട്ടിക്കിടക്കുകയാണ്. അപേക്ഷ അംഗീകരിച്ചതായി ആപ്പിൽ കാണിക്കുന്നുണ്ടെങ്കിലും നടപടികൾ മാത്രം ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുകയാണ്.
ഈ സാഹചര്യത്തിൽ തഹസിൽദാരെ നേരിൽ കണ്ട് പരാതി നൽകാനും ജനപ്രതിനിധികളുമായി ചർച്ച നടത്താനുമുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

